നെക്സോൺ പാട്പെടും, ഒരു അഡാറ് എസ്‌യുവിയുമായി കിയ; ഇതിലില്ലാത്ത ഫീച്ചറുകളില്ലല്ലോ ദൈവമേ
ഇന്ത്യയിൽ ടാറ്റയെയും മഹീന്ദ്രയെയും ഒതുക്കി ആളാവാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ (Kia). സംഗതി അൽപം ടഫാണെങ്കിലും ഹ്യുണ്ടായിയുടെ (Hyundai) കസിൻ ഒന്ന് മനസ് വെച്ചാൽ സംഭവം നടക്കാൻ പാടൊന്നുമില്ല. എന്തായാലും അതിന്റെ ഭാഗമായി പുത്തനൊരു കോംപാക്‌ട് എസ്‌യുവിയുമായി കിയ വരികയാണ്. സിറോസ് (Kia Syros) എന്ന് പേരിട്ടിരിക്കുന്ന മോഡൽ സോനെറ്റിനും സെൽറ്റോസിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. ഇതിനോടകം ടീസർ വീഡിയോകളിലൂടെ ഹൈപ്പ് ഉയർത്തിയ സിറോസ് ഡിസംബർ 19-ന് ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം നടത്തും.
തുടർന്ന് ജനുവരിയോടെ ഔദ്യോഗിക ലോഞ്ചും വില പ്രഖ്യാപനവും നടത്താനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ നീക്കം. എന്തായാലും അരങ്ങേറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന മറ്റൊരു ടീസർ വീഡിയോയും കമ്പനി സോഷ്യൽ മീഡിയകളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഇങ്ങനൊരു വാഹനത്തിന്റെ വരവ് എതിരാളികൾ പോലും നിനച്ചിരിക്കാത്ത സമയത്താണ്.

2025-ൽ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പങ്കെടുക്കുമെന്ന് കിയ സ്ഥിരീകരിച്ചതോടെ സിറോസിൻ്റെ ഔദ്യോഗിക വില പ്രഖ്യാപനം ചടങ്ങിൽ നടന്നേക്കാൻ സാധ്യതയുണ്ട്. ട്രിപ്പിൾ-ബീം വെർട്ടിക്കൽ എൽഇഡി ഹെഡ്‌ലാമ്പുകളും L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമായിരിക്കും പുത്തൻ കോംപാക്‌ട് എസ്‌യുവിക്ക് അഴകേകുക. മൊത്തത്തിൽ EV9 ഇലക്ട്രിക് എസ്‌യുവിയുടെ ബേബി പതിപ്പായും തോന്നിയേക്കാം.
ടീസറിൽ വാഹനത്തിന്റെ മുകൾ ഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂറ്റൻ പനോരമിക് സൺറൂഫാണ് ആളുകളെ ആകർഷിക്കാനായി കിയ ഉപയോഗിച്ചിരിക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കയറിയാലും സംഗതി ഉഷാറായിരിക്കും. പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, പാർക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റർ, സ്റ്റോറേജ് സ്പേസുകൾ, ചാർജിംഗ് പാഡ്, ചാർജിംഗ് പോർട്ടുകൾ എന്നിവ സിറോസിന്റെ അകത്തളത്തിൽ ഉണ്ടെന്ന് ടീസർ സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റ് ഫീച്ചറുകളുടെ ലിസ്റ്റിൽ ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, നാവിഗേഷൻ, കണക്‌റ്റഡ് ടെക്, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടെറൈൻ മോഡുകൾ തുടങ്ങിയവയും ഉൾപ്പെടും. ആറ് എയർബാഗുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ എന്നിങ്ങനെ ഒന്നിലധികം സുരക്ഷാ ഫീച്ചറുകളും സ്റ്റാൻഡേർഡായി തന്നെ സിറോസിൽ നൽകുമെന്നാണ് വിവരം.
സോനെറ്റിൻ്റെ അതേ എഞ്ചിനുകളാണ് കിയ സിറോസും ഉപയോഗിക്കുക. പക്ഷേ NA പെട്രോൾ യൂണിറ്റ് ഉണ്ടാവാൻ സാധ്യതയില്ല. പകരം 1.0 ലിറ്റർ ത്രീ സിലിണ്ടർ ടബോ പെട്രോൾ എഞ്ചിനാവും എസ്‌യുവിയിൽ വാങ്ങാനാവുക. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ ഹൃദയം 118 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇനി രണ്ടാമത്തെ ഡീസൽ എഞ്ചിനിലേക്ക് വന്നാൽ കിയ സിറോസിന് സെഗ്മെന്റിൽ ഇതൊരു കരുത്തായിരിക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്ന ഈ 1.5 ലിറ്റർ ഓയിൽ ബർണർ യൂണിറ്റിന് 116 bhp പവറിൽ പരമാവധി 250 Nm torque വരെ സൃഷ്ടിക്കാനായേക്കും. ഭാവിയിൽ സിറോസിന്റോ ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് മോഡലുകൾ പരിചയപ്പെടുത്താനും കിയക്ക് പദ്ധതിയുണ്ട്.
കിയ ഇന്ത്യ 2025 ജനുവരി 1 മുതൽ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാറുകൾക്കും മിക്ക വേരിയൻ്റുകളിലും 2 ശതമാനം വരെ വിലക്കയറ്റം ലഭിക്കുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. കമ്മോഡിറ്റി വിലകൾ ഉയരുന്നതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ചെലവുകൾ വർധിക്കുന്നതുമാണ് വില വർധനവിലേക്ക് നയിച്ചതെന്നാണ് കിയ പറയുന്നത്.
നിലവിൽ കിയ ഇന്ത്യയ്ക്ക് സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, കാർണിവൽ, EV6, EV9 എന്നിവയുൾപ്പെടെ ആറ് മോഡലുകൾ വിൽപ്പനയിലുണ്ട്. ഈ മാസാവസാനം സിറോസിൻ്റെ അവതരണത്തോടെ ഇത് ഏഴായി ഉയരും. ഇതിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായുള്ള (CBU) കാറുകളുടെ വിലയിൽ പരിഷ്ക്കാരമുണ്ടാവാൻ സാധ്യതയില്ലെന്നാണ് വിവരം. എന്തായാലും ഇക്കാര്യങ്ങളെല്ലാം ജനുവരിയോടെ അറിയാം.


Click it and Unblock the Notifications








