പിന്നിലിരിക്കുന്നവർക്ക് ഇഷ്‌ടം പോലെ സ്ഥലം, കുത്തിനിറച്ച് ഫീച്ചറുകൾ; വിസ്‌മയിപ്പിക്കാൻ കിയ സിറോസ് എത്തി
സെൽറ്റോസ് എസ്‌യുവിയിലൂടെ (Seltos SUV) ഇന്ത്യൻ വിപണിയിൽ തുടക്കം കുറിച്ചവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ (Kia). ഹ്യുണ്ടായിയുടെ (Hyundai) കസിനാണെങ്കിലും ഇന്ന് മാതൃകമ്പനിയേക്കാൾ സ്വീകാര്യതയുള്ള ബ്രാൻഡായി വളരാൻ കിയക്കായിട്ടുണ്ട്. ഇതിന് കാരണമായത് സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, കാർണിവൽ പോലുള്ള കിടിലൻ മോഡൽ നിരയാണെന്ന് നിസംശയം പറയാം. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളെ പരിഷ്ക്കരിക്കാനും പുത്തൻ കാറുകൾ ഇന്ത്യക്കായി സമ്മാനിക്കാൻ തയാറാവുന്നതുമാണ് കിയയുടെ വിജയം. ഇപ്പോഴിതാ ഏറെക്കാലമായി വണ്ടിഭ്രാന്തൻമാർ കാത്തിരുന്ന ആ എസ്‌യുവിയെയും രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.
മറ്റേതുമല്ല, അടുത്തകാലത്തായി ടീസർ വീഡിയോകളിലൂടെ ഏറ്റവും ഹൈപ്പ് കിട്ടിയ കിയയുടെ സിറോസ് എസ്‌യുവിയാണ് ഇപ്പോൾ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. സോനെറ്റിന് ശേഷം 4 മീറ്ററിൽ താഴെയുള്ള കിയയുടെ രണ്ടാമത്തെ മോഡലാണിത്. റിയർ സീറ്റ് യാത്രക്കാർക്ക് കൂടുതൽ പരിഗണന കൊടുത്ത് പണിതെടുത്തിരിക്കുന്ന വാഹനം ആദ്യ കാഴ്ച്ചയിൽ ആരുടേയും മനംകവരും. കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ EV9 ഇവിയുടെ ബേബി പതിപ്പ് പോലെയാണ് കക്ഷിയുടെ മൊത്തത്തിലുള്ള രൂപം.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും കൂടി ചേരുന്നതോടെ കിയ സിറോസ് കിടിലമാവുന്നു. കഴിഞ്ഞില്ല, ഇതിന്റെ ഇലക്ട്രിക് മോഡൽ അധികം വൈകാതെ പണിതിറക്കാനും കിയയ്ക്ക് ഉദ്ദേശമുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ മുകളിൽ പറഞ്ഞതു പോലെ കിയയുടെ വിദേശ കാറുകൾക്ക് സമാനമായ ശൈലിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. ബമ്പറിൻ്റെ അരികുകളിൽ ലംബമായി അടുക്കിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎൽ, കോൺട്രാസ്റ്റിംഗ് സിൽവർ ട്രിം എന്നിവയാണ് മുൻവശത്തെ പ്രത്യേകതകൾ.
സിറോസിൻ്റെ ഏറ്റവും വ്യതിരിക്തമായ കാര്യങ്ങളിലൊന്ന് അതിൻ്റെ ടോൾബോയ് ഡിസൈനാണ്. സ്കോഡ യെതിയെ അനുസ്മരിപ്പിക്കുന്ന വിൻഡോ ലൈനാണ് വശക്കാഴ്ച്ചയിലെ ഹൈലൈറ്റ്. വീൽ ആർച്ചുകൾക്ക് മുകളിൽ ചങ്കി പ്ലാസ്റ്റിക് ക്ലാഡിംഗ്, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 3-പെറ്റൽ ഡിസൈനുള്ള 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ കൂടിയാവുമ്പോൾ ആള് അതിസുന്ദരനായി മാറുന്നുണ്ട്.

പിൻഭാഗത്തേക്ക് നീങ്ങിയാൽ വിൻഡ്സ്ക്രീനിന് ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്ന ഹൈ-മൌണ്ടഡ് L-ആകൃതിയിലുള്ള ടെയിൽ ലാമ്പുകളിലേക്കാവും ആദ്യം കണ്ണെത്തുക. റിയർ ബമ്പറിന് രണ്ട്-ടോൺ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷ് സമ്മാനിച്ചിരിക്കുന്നതും കിടിലമാണ്. 3,995 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,665 മില്ലീമീറ്റർ ഉയരവും 2,550 മില്ലീമീറ്റർ വീൽബേസുമാണ് സിറോസിനുള്ളത്.
465 ലിറ്ററാണ് പുത്തൻ എസ്‌യുവിയുടെ ബൂട്ട് സ്പേസ് എന്നും കിയ പറയുന്നു. ടോൾബോയ് ഡിസൈനും നീളമേറിയ വീൽബേസും കൂടുതൽ ഇൻ്റീരിയർ സ്പേസ് സ്വതന്ത്രമാക്കുന്നുമുണ്ട്. ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇൻ്റെൻസ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ എട്ട് കളർ ഓപ്‌ഷനുകളാണ് കിയ സിറോസിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.

ഇനി അകത്തളത്തിലേക്ക് കയറിയാൽ ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് ആളുകളെ ആകർഷിക്കുക. പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ് പാഡ്, ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനായുള്ള OTA അപ്‌ഡേറ്റുകൾ, ഇൻ-കാർ കണക്റ്റിവിറ്റി ടെക്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവ കൂടിയാവുമ്പോൾ ഇന്റീരിയർ കളറാവുന്നുണ്ട്.
കഴിഞ്ഞില്ല, ഇതുകൂടാതെ 8-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ചാരിയിരിക്കാവുന്നതും സ്ലൈഡുചെയ്യാവുന്നതുമായ രണ്ടാം നിര സീറ്റുകൾ, സെന്റർ ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് ഫംഗ്‌ഷൻ, ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS സ്യൂട്ട് എന്നീ ഫീച്ചറുകളും കൂടിയാവുമ്പോൾ കിയ സിറോസ് സെഗ്മെന്റിൽ വേറിട്ടു നിൽക്കും.
1.0 ലിറ്റർ ടർബോ-പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന്റെ ഹൃദയം. ഇതിൽ 120 bhp കരുത്തിൽ 172 Nm torque നൽകുന്ന പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വാങ്ങാം. മറുവശത്ത് 115 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന ഡീസൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെ സ്വന്തമാക്കാം.
ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ സിറോസിൻ്റെ വില കിയ പ്രഖ്യാപിക്കുമെന്നാണ് വിവരം. 2025 ജനുവരി 3 മുതൽ ബുക്കിംഗ് ആരംഭിക്കുമെങ്കിലും ഫെബ്രുവരി ആദ്യം മുതലെ കോംപാക്‌ട് എസ്‌യുവിക്കായുള്ള ഡെലിവറികൾ ആരംഭിക്കുകയുള്ളൂവെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. സോനെറ്റിൻ്റെ തത്തുല്യമായ വേരിയൻ്റിനേക്കാൾ ഏകദേശം 1 ലക്ഷം രൂപയായിരിക്കും സിറോസിന് അധികമായി മുടക്കേണ്ടി വരികയെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








