ഹൈലക്‌സിനെ ഒതുക്കാൻ കിയയുടെ ആദ്യ പിക്കപ്പ് ട്രക്ക് റെഡി! നമ്മൾ സ്വപ്‌നം കണ്ടതും ഇതാണ് 'ടാസ്മാൻ'
ടൊയോട്ട ഹൈലക്‌സും ഇസൂസു ഡി-മാക്‌സ് വി-ക്രോസുമെല്ലാം ഉണ്ടെങ്കിലും ഇന്ത്യക്കാർ അധികം വാങ്ങാത്ത മോഡലുകളാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾ (Life Style Pickup Trucks). വിദേശ രാജ്യങ്ങളിൽ ക്യാമ്പിംഗിനും മറ്റുമെല്ലാമായി ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾ രാജ്യത്ത് ഇതുവരെ കാര്യമായി ക്ലച്ചുപിടിക്കാത്തതിന്റെ കാരണം കൃത്യമായി പ്രവചിക്കാനുമാവില്ല. ക്യാബിനില്‍ രണ്ടുനിര സീറ്റുകളും പിന്നില്‍ ഗുഡ്‌സിനായി ഒരു ഏരിയയും ഒരുക്കിയിട്ടുള്ള പിക്കപ്പുകൾ ശരിക്കും പ്രായോഗികമാണെങ്കിലും ആളുകൾ കാശുമുടക്കാൻ തയാറാവുന്നില്ലെന്ന് വേണം പറയാൻ. എന്തായാലും ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്കെല്ലാം ഇത്തരം വണ്ടികളോട് പ്രത്യേക അടുപ്പവുമുണ്ടാവും.
വിദേശ വിപണികളിൽ ഇതുവരെ ഫോർഡും ഷെവർലെയും ടൊയോട്ടയും കൈയടി വെച്ചിരുന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടെ സെഗ്മെന്റിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയും രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. ടൊയോട്ട ഹൈലക്‌സ്, ഫോർഡ് റേഞ്ചർ, മിത്‌സുബിഷി ട്രൈറ്റൺ, നിസാൻ നവര, ഫോക്‌സ്‌വാഗൺ അമറോക്ക്, ഇസൂസു ഡി-മാക്‌സ്, മസ്ദ BT-50 തുടങ്ങിയവ വമ്പൻമാർക്കെതിരെ പോരാടാനാണ് കിയ തങ്ങളുടെ ആദ്യ പിക്കപ്പ് ട്രക്കിന് രൂപംകൊടുത്തിരിക്കുന്നത്.

ടാസ്മാൻ എന്നു പേരിട്ടിരിക്കുന്ന മോഡൽ കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കും വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. നല്ല ഓഫ്-റോഡ് കഴിവുകളും പ്രായോഗികതയും ഉള്ള ഒരു ബഹുമുഖ വാഹനമായിരിക്കും ടാസ്‌മാൻ എന്നാണ് കമ്പനിയുടെ അഭിപ്രായം. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ എല്ലാ വാഹനങ്ങളേയും പോലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ പിക്കപ്പും.
ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ഉയർന്ന അളവിലുള്ള കസ്റ്റമൈസേഷനും ടാസ്‌മാനിൽ നടത്താം. ടാസ്മാൻ അടുത്ത വർഷം ആദ്യ പകുതിയിൽ കൊറിയൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. പിന്നീട് ഓസ്‌ട്രേലിയ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിപണികളിൽ കമ്പനി അവതരിപ്പിക്കും. സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് രൂപങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ടാസ്മാൻ ബേസ്, എക്സ്-ലൈൻ, ഓഫ്-റോഡ് ഫോക്കസ്ഡ് X-പ്രോ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭിക്കും.

സി-ആകൃതിയിലുള്ള ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ സവിശേഷത. അവ ഫ്രണ്ട് വീൽ ആർച്ചുകൾക്ക് മുകളിലുള്ള ക്ലാഡിംഗുമായി സംയോജിപ്പിച്ചിരിക്കുന്ന ശൈലിയും കൊള്ളാം. പിക്കപ്പ് ട്രക്കിൻ്റെ എല്ലാ വകഭേദങ്ങൾക്കും പരിചിതമായ ടൈഗർ നോസ് ഗ്രില്ലാണ് കമ്പനി കൊടുത്തിരിക്കുന്നതും. മുൻവശത്തെ കൂറ്റൻ ഹുഡ് വാഹനത്തിന് ഗംഭീരമായ രൂപമാണ് സമ്മാനിക്കുന്നത്. പിന്നിലേക്ക് വന്നാൽ ട്രക്കിന് C-ആകൃതിയിലുള്ള ടെയിൽലാമ്പുകളും ലഭിക്കും.
വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ കിയ ടാസ്‌മാന്റെ റെഗുലർ ഡബിൾ ക്യാബിന് 5.4 മീറ്റർ നീളവും ഗ്രൗണ്ട് ക്ലിയറൻസ് 252 മില്ലീമീറ്ററും വരെയാണുള്ളത്. ടാസ്മാന് 1,195 കിലോഗ്രാം വരെ പേലോഡും 3,500 കിലോഗ്രാം വരെ ടോവിംഗ് ശേഷിയും ഉള്ളതിനാൽ അക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. കിയയുടെ ഫ്രീക്വൻസി സെലക്ടീവ് ഡാംപർ കൺട്രോൾ, ഹൈഡ്രോളിക് റീബൗണ്ട് സ്റ്റോപ്പ് ടെക്‌നുകൾ എന്നിവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സസ്പെൻഷൻ സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രധാന ഓഫ്-റോഡ് ഫീച്ചറുകൾ.

12.3 ഇഞ്ച് ഇൻസ്ട്രുമെൻ്റ് കൺസോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, അഞ്ച് ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ ഡിസ്‌പ്ലേ, 8 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ, സെൻ്റർ കൺസോളിലെ ഫോൾഡിംഗ് ടേബിൾ, റീസൈക്കിൾ ചെയ്ത പിഇടി ഫാബ്രിക്, ബയോ PU സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററി, റിക്ലിനബിൾ റിയർ സീറ്റുകൾ, ഇലുമിനേറ്റഡ് റിയർ ബെഡ്, സ്ലൈഡിംഗ് കാർഗോ ഫ്ലോർ തുടങ്ങിയവയാണ് ടാസ്‌മാന്റെ അകത്തളത്തിലെ വിശേഷങ്ങൾ.
2.5 ലിറ്റർ പെട്രോൾ , 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് പിക്കപ്പ് ട്രക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 277 bhp കരുത്തിൽ പരമാവധി 421 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ എഞ്ചിൻ 207 bhp പവറിൽ 441 Nm torque ആണ് നൽകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ പെട്രോൾ മോഡൽ വാങ്ങാനാവൂ.
അതേസമയം ഡീസൽ 8 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ വാങ്ങാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടാസ്മാൻ പെട്രോൾ പതിപ്പുകൾക്ക് 0 മുതൽ 100 കിലോമീറ്റർ വരെ വേഗത വെറും 8.5 സെക്കൻഡിൽ കൈവരിക്കാൻ കഴിയും. അതേസമയം ഡീസലിന് ഇതേ വേഗത എത്തിപ്പിക്കാൻ 10.4 സെക്കൻഡ് സമയവും വേണ്ടി വരും.


Click it and Unblock the Notifications








