2.65 കോടി രൂപ വിലയുള്ള ടാറ്റയുടെ ആഡംബര എസ്‌യുവി, വിറ്റുതീരും മുമ്പേ വേണ്ടവർ വേഗം ബുക്ക് ചെയ്തോ
എക്കാലത്തും വാഹനപ്രേമികളുടെ സ്വപ്‌ന വാഹനങ്ങളിൽ ഒന്നാവും ലാൻഡ് റോവർ എസ്‌യുവികൾ. കരുത്തിന്‍റെ പ്രതീകമായി അറിയപ്പെടുന്ന ഈ ബ്രിട്ടീഷ് മോഡലുകൾ ടോം ക്രൂസിന്റെയെല്ലാം ആക്ഷൻ സിനിമകളിലെ പ്രധാന താരങ്ങൾ കൂടിയാണ്. ഏതു കുന്നു മലയും കുണ്ടും കുഴിയും കീഴടക്കാൻ ഇവർക്ക് അസാമാന്യ കഴിവാണുള്ളത്. എന്നാൽ ഇതൊരു ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും അല്ലേ. നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസിന് പങ്കാളിത്തമുള്ള ആഡംബര വാഹന നിർമാതാക്കളാണ് ലാൻഡ് റോവർ. അടുത്തിടെ യുകെയ്ക്ക് പുറത്ത് ആദ്യമായി നിർമാണ കേന്ദ്രവും ഇന്ത്യയിൽ ആരംഭിച്ച് ഫാൻസിനെ ഞെട്ടിക്കാനും ബ്രാൻഡിനായിരുന്നു.
ഇതിനു പിന്നാലെ പുത്തനൊരു ലക്ഷ്വറി എസ്‌യുവിയെ ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പലരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിഫൻഡർ ഒക്‌ട എന്ന മോഡലാണ് ലാൻഡ് റോവർ അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര വാഹനത്തിന്റെ ഹൈ-പെർഫോമൻസ് വേരിയന്റായി വരുന്ന ഇതിന് രാജ്യത്ത് 2.65 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

ഇതിനൊപ്പം ഒരു കൊല്ലത്തേക്ക് മാത്രം നിർമിക്കുന്ന ഡിഫൻഡർ ഒക്‌ട എഡിഷൻ വൺ മോഡലും വിപണിയിൽ എത്തിയിട്ടുണ്ട്. ഈ ലിമിറ്റഡ് സീരീസിന് ഇന്ത്യയിൽ 2.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോർസിൻ്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.
ലാൻഡ് റോവർ ഡിഫൻഡർ 110 അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഒക്‌ട ഹൈ-പെർഫോമൻസ് പതിപ്പൽ ചില വ്യതിരിക്തമായ ഡിസൈൻ ഘടകങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. എസ്‌യുവി ഉയർന്ന റൈഡ് ഹൈറ്റും വിശാലമായ സ്റ്റാൻസും വീൽ ആർച്ചുകളുമായാണ് വരുന്നത്. കൂടുതൽ ശക്തവും കൂടുതൽ ഗംഭീരവുമായ റോഡ് പ്രസൻസും വണ്ടിക്കുണ്ട്. എസ്‌യുവിയുടെ മുന്നിലും പിന്നിലും റീഡിസൈൻ ചെയ്ത ബമ്പറുകൾ, മെച്ചപ്പെട്ട അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും അനായാസം മുന്നേറാൻ ഡ്രൈവർമാരെ അനുവദിക്കുന്ന മികച്ച അണ്ടർബോഡി സംരക്ഷണമാണ് എസ്‌യുവിക്കുള്ളതെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു. കൂടാതെ, ഒരു മീറ്റർ വരെ വെള്ളത്തിലൂടെ ഓടിക്കാൻ അനുവദിക്കുന്ന വാട്ടർ-വേഡിംഗ് കപ്പാസിറ്റിയും ഡിഫൻഡർ ഒക്‌ട പതിപ്പിനുണ്ട്. പുതിയ പെട്ര കോപ്പർ, ഫാറോ ഗ്രീൻ എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് വാഹനം വരുന്നത്.
ഡിഫൻഡർ ഒക്ടയ്ക്ക് അതിന്റെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 28 മില്ലീമീറ്റർ അധിക ഉയരമുണ്ട്. ഒപ്പം മികച്ച ഗ്രൗണ്ട് ക്ലിയറൻസിനും സ്റ്റെബിലിറ്റിക്കും വേണ്ടി 68 mm വീതികൂട്ടാനും കമ്പനി തയാറായി. ബ്രെംബോ കാലിപ്പറുകളോട് കൂടിയ 400 mm ഫ്രണ്ട് ബ്രേക്ക് ഡിസ്കുകളും ഇന്നുവരെയുള്ള ഏതൊരു ഡിഫൻഡറിലും കാണാനാവുന്നതിൽ വെച്ച് ഏറ്റവും വേഗതയേറിയ സ്റ്റിയറിംഗ് റേഷ്യോയും ഇതിലുണ്ട്.

ഡിഫെൻഡർ ഒക്‌ടയുടെ ഇന്റീരിയർ സ്റ്റാൻഡേർഡ് ഡിഫൻഡർ 110 മോഡലിന് സമാനമാണ്. ഓഫ്-റോഡിലും ഉയർന്ന പ്രകടനം ഉറപ്പാക്കുന്നതിനായി എസ്‌യുവിക്കൊരു ഒക‌്ട മോഡും ലഭിക്കുന്നുണ്ട്. ഇത് ലൂസ് സർഫസുകളിൽ ഒപ്റ്റിമൽ ആക്സിലറേഷൻ പ്രാപ്തമാക്കുന്ന കാര്യമാണ്. സാന്റ്, മഡ്, റൂട്ട്സ്, ഗ്രാസ് ഗ്രാവൽ സ്നോ, റോക്ക് ക്രോൾ എന്നിവയ്‌ക്കായി പ്രത്യേക കാലിബ്രേഷനുകൾ വാഗ്ദാനം ചെയ്യുന്ന പരിചിതമായ ടെറൈൻ റെസ്‌പോൺസ് മോഡുകളും വണ്ടിയിൽ ലാൻഡ് റോവർ സമ്മാനിച്ചിട്ടുണ്ട്.
ക്ലിയർസൈറ്റ് ഗ്രൌണ്ട് വ്യൂ 2 പോലെയുള്ള ഓഫ്-റോഡ് ഡ്രൈവർ അസിസ്റ്റ് സിറ്റംസും ലാൻഡ് റോവർ ഡിഫൻഡർ ഒക്‌ടയ്ക്ക് ലഭിക്കുന്നുണ്ട്. എസ്‌യുവിക്ക് കരുത്തേകുന്നത് 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് മൈൽഡ്-ഹൈബ്രിഡ് V8 എഞ്ചിനാണ്. ഇത് എക്കാലത്തെയും ശക്തമായ ഡിഫൻഡർ ആക്കുന്നു. ഹൈ, ആൻഡ് ലോ-റേഞ്ച് ഗിയറുകളുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
അങ്ങനെ പരമാവധി 626 bhp പവറിൽ 750 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ഡിഫൻഡർ ഒക്‌ട എസ്‌യുവിയിലെ എഞ്ചിന് കഴിയും. വെറും നാല് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അത്യാഡംബര സ്പോർട് യൂട്ടിലിറ്റ് വാഹനത്തിന് സാധിക്കുമെന്നാണ് ലാൻഡ് റോവർ അവകാശപ്പെടുന്നത്. എന്തായാലും ഇന്ത്യയിൽ ഈ സെഗ്മെന്റിൽ പകരക്കാരനില്ലാത്ത മോഡലായി ഒക്‌ട മാറുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








