ടിയാഗോ ഇവിയുടെ അന്തകൻ, കുറഞ്ഞ വിലയ്ക്ക് 403 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറുമായി ചൈനീസ് കമ്പനി
ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ടൂവീലറുകളിലൂടെ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ വളർന്ന് പന്തലിക്കുമ്പോൾ പാസഞ്ചർ വൈദ്യുത കാർ വിഭാഗത്തിൽ ടാറ്റയാണ് അതികായകൻമാരായി വിലസുന്നത്. എന്നാൽ BYD പോലുള്ള ചൈനീസ് ബ്രാൻഡുകളും ആഞ്ഞുപിടിക്കുന്നുണ്ട്. സീൽ, അറ്റോ 3 പോലുള്ള കിടുക്കാച്ചി ഇവികളിലൂടെ ഇവരിത് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകളോട് കിടപിടിക്കുന്ന ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നതിൽ മിടുക്കരാണ് ചൈനീസ് വാഹന നിർമാതാക്കൾ. ഇന്ത്യക്കായി കുറഞ്ഞ വിലയിൽ തകർപ്പൻ മോഡലുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ലീപ്‌മോട്ടോര്‍. ജീപ്പിന്റെയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്‌റ്റെല്ലാന്റിസ് ഗ്രൂപ്പുമായി സഹകരിച്ചാണ് കമ്പനി ഇന്ത്യന്‍ പ്രവേശനത്തിനൊരുങ്ങുന്നത്.

ജീപ്പിനും സിട്രണിനും ശേഷം ഇന്ത്യയിലെ സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള മൂന്നാമത്തെ ബ്രാന്‍ഡായിരിക്കും ലീപ്‌മോട്ടര്‍. ആംസ്റ്റർഡാം ആസ്ഥാനമായുള്ള സ്റ്റെല്ലാൻ്റിസുമായി സംയുക്ത സംരംഭമുള്ള ചൈനീസ് ഇവി ബ്രാൻഡിന് കേന്ദ്ര സർക്കാർ അനുമതി കൊടുക്കുമെന്നാണ് വിവരം. എന്നാൽ ഏതുതരം വൈദ്യുത വാഹനങ്ങളായിരിക്കും കമ്പനി ഇവിടെ അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല.
എന്നാൽ പുതുതായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ടാറ്റ മോട്ടോർസിനോട് മത്സരിക്കാൻ പാകമായൊരു ചെറിയ ഇലട്രിക് കാറുമായാവും ചൈനക്കാരുടെ വരവ്. ടിയാഗോ ഇവിയെ ലക്ഷ്യം വച്ചുള്ള T03 ഹാച്ച്ബാക്കിലൂടെ ലീപ്മോട്ടോർ തങ്ങളുടെ ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അതിനു ശേഷം BYD അറ്റോ 3, എംജി ZS ഇവി, വരാനിരിക്കുന്ന കെറ്റ ഇവി, മാരുതി eVX എന്നിവയെ നേരിടാൻ ബ്രാൻഡ് C10 അഞ്ച് സീറ്റർ എസ്‌യുവിയെയും അവതരിപ്പിക്കും.

കമ്പനി ഈ വർഷം നടത്തിയ സാധ്യതാ പഠനത്തിന് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം. ഇതുമായി സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും ഈ വർഷാവസാനത്തോടെ ഇന്ത്യൻ വിപണിയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ട്. C10, T03 എന്നിവയുടെ ഇന്ത്യൻ പതിപ്പുകൾ യൂറോപ്യൻ വിപണിയിൽ വികസിപ്പിച്ചവയെ അടിസ്ഥാനമാക്കിയായിരിക്കും.
കമ്പനി A മുതൽ C വരെയുള്ള സെഗ്‌മെന്റുകളിൽ ഇവികൾ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പിന്നീട് ഭാവിയിൽ കൂടുതൽ എംപിവികൾ, എസ്‌യുവികൾ, ഹാച്ച്ബാക്കുകൾ എന്നിവയും പുറത്തിറക്കാനുള്ള പദ്ധതികളെല്ലാമാണ് ആവിഷ്ക്കരിക്കുന്നത്. ഇതെല്ലാം ആദ്യം കൊണ്ടുവരുന്ന രണ്ട് മോഡലുകളുടെ വിജയത്തെ ആശ്രയിച്ചായിട്ടായിരിക്കും എന്നുമാത്രം. 2015-ൽ സ്ഥാപിതമായ ലീപ്‌മോട്ടോർ പ്രധാനമായും മിഡ്, ഹൈ-എൻഡ് സെഗ്‌മെന്റ് ഇവികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2019-ലാണ് ചൈനീസ് ബ്രാൻഡ് അവരുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ ലോക പ്രശസ്‌തമാവാൻ ലീപ്മോട്ടോറിന് സാധിച്ചിട്ടുണ്ട്. നിലവിൽ കമ്പനിയുടെ ഉൽപ്പന്ന നിരയിൽ C11, C01, T03 പോലുള്ള കിടിലൻ ഇവി മോഡലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ ഇവികളിലെല്ലാം എല്ലാം ലെവൽ 2 ഓട്ടോണമസ് സവിശേഷതകളാൽ സമ്പന്നമാണ്.
ലീപ്‌മോട്ടോറിൻ്റെ ഏറ്റവും പുതിയ കാറായ T03 ഹാച്ച്ബാക്കിൽ 36.5kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. സിംഗിൾ ചാർജിൽ 403 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തമാണ്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചർ ചെയ്യുന്ന ഇവി ഫാസ്റ്റ് ചാർജിംഗ് കഴിവുകളുമായാണ് വരുന്നത് എന്നകാര്യവും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. ഇത് വെറും 20 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ പ്രാപ്തമാക്കുന്നുമുണ്ട്.

ടിയാഗോ ഇവിയുടെ എതിരാളിയായി വരുമ്പോൾ ഫീച്ചറുകളാലും ആള് സമ്പന്നമായിരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. 8 ഇഞ്ച് ഫുള്‍ എല്‍സിഡി ഡാഷ്ബോര്‍ഡ് സ്‌ക്രീനും ടച്ച് കണ്‍ട്രോളുകളുള്ള 10.1 ഇഞ്ച് HD സെന്‍ട്രല്‍ ഡിസ്പ്ലേയും ഫീച്ചര്‍ ചെയ്യുന്ന ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണവുമാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്. KDDI 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുമുള്ള ബ്രാന്‍ഡിന്റെ ഒഎസ് ഇന്റലിജന്റ് കാര്‍ സംവിധാനവും ലീപ്മോട്ടോർ T03 ഹാച്ച്ബാക്കിലുണ്ട്.


Click it and Unblock the Notifications








