മാരുതിക്ക് കൊടുക്കില്ലാത്ത വണ്ടി, 18 കിലോമീറ്റർ മൈലേജുള്ള ആഡംബര കാറിന്റെ ഡെലിവറി ആരംഭിച്ച് ടൊയോട്ട
ആഡംബര കാറുകളെന്ന് കേട്ടാൽ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്ന പേരെല്ലാമായിരിക്കും നമ്മളിൽ പലർക്കും ആദ്യം ഓർമ വരിക. എന്നാൽ ഈ വിഭാഗത്തിൽ ടൊയോട്ടയുടെ സാന്നിധ്യം പരലും ഇതുവരെ മനസിലാക്കിയിട്ടില്ലെന്നു വേണം പറയാൻ. ജാപ്പനീസ് വാഹന നിർമാതാക്കളുടെ ലെക്‌സസ് എന്ന ലക്ഷ്വറി ബ്രാൻഡിനെ കുറിച്ചാണീ പറഞ്ഞുവരുന്നത്.
ലെക്‌സസ് ടൊയോട്ടയുടെ ഭാഗമാണെന്ന് അറിയാത്തവരായിരിക്കും കൂടുതലും. എന്തായാലും ലെക്‌സസ് മോഡലുകൾക്ക് ഇവിടെ ആരാധകരുണ്ടെന്നതാണ് സത്യം. വലിയ എസ്‌യുവികളും സെഡാനുകളുമെല്ലാം പണിതിറക്കുന്ന കമ്പനി ടൊയോട്ടയുടെ ഭാഗമാണെന്ന് അറിയുന്നത് എന്തായാലും സന്തോഷം തരുന്ന കാര്യമാണല്ലോ. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ ആഡംബര കാറുകളിൽ ഒന്നിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനി.

അഞ്ചാം തലമുറ ആവർത്തനത്തിൽ ഇന്ത്യയിൽ എത്തുന്ന RX 500h F സ്‌പോർട് പെർഫോമൻസ് എസ്‌യുവിയുടെ ഡെലിവറിയാണ് ലെക്സസ് തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന വാഹനത്തിന്റെ ബുക്കിംഗും ബ്രാൻഡ് അന്നേ ആരംഭിച്ചിരുന്നു. രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷം ഹൈബ്രിഡ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചതെന്ന് കമ്പനി പറയുന്നുണ്ട്.
പുതിയ ലെക്‌സസ് RX 500h F സ്‌പോർട്ട് പെർഫോമൻസ് വേരിയൻ്റിന് 1.18 കോടി രൂപയാണ് ഇന്ത്യയിൽ വരുന്ന എക്‌സ്ഷോറൂം വില. ന്യൂജെൻ ആയതിനാൽ തന്നെ മോഡൽ ഡിസൈനിലും പെർഫോമൻസിലും അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് പൂർണമായ നവീകരണമാണ് അവതരിപ്പിക്കുന്നത്. പലതവണ പരീക്ഷിച്ച് വിജയിച്ച ടൊയോട്ടയുടെ 2.4 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് വണ്ടിയുടെ ഹൃദയം. ഡയറക്‌ട് 4 ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിറ്റിന് 247 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവും.

ഇലക്ട്രോണിക്കലി കൺട്രോൾഡ് വേരിയബിൾ ട്രാൻസ്മിഷനുമായാണ് ഹൈബ്രിഡ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എസ്‌യുവിക്ക് 7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ലെക്‌സസ് അവകാശപ്പെടുന്നത്. അതേസമയം ഹൈബ്രിഡ് സിസ്റ്റമുള്ളതിനാൽ തന്നെ പെട്രോളിൽ പ്രവർത്തിക്കുന്ന എസ്‌യുവികളേക്കാൾ ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നാനും RX 500h F സ്‌പോർട്ട് പെർഫോമൻസിനായിട്ടുണ്ട്.
ലിറ്ററിന് ഏകദേശം 18.80 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. ഇന്റീരിയറും പൂർണമായും ആഡംബര ഫീച്ചറുകളാൽ സമ്പന്നമാണ്. ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ ഒരു സമൃദ്ധമായ ക്യാബിൻ ടസുമ കോക്ക്പിറ്റുമായി സാമ്യതയുള്ളതാണ്. RX 500h എസ്‌യുവിയിൽ പനോരമിക് സൺറൂഫിനൊപ്പം ലെക്സസ് ഇന്ത്യ ആപ്പ് വഴി കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയും ജീപ്പനീസ് വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്.

റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ്, പ്രീ-കൊളിഷൻ സിസ്റ്റം വെഹിക്കിൾ ഡിറ്റക്ഷൻ, ഏഴ് എയർബാഗുകൾ എന്നിവയും അതിലേറെയും സുരക്ഷാ സവിശേഷതകളാണ് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു കാര്യം. ലെക്സസ് RX 500h മോഡലിന്റെ ഹൈബ്രിഡ് ബാറ്ററിക്ക് 8 വർഷത്തെ വാറണ്ടിയും ലെക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പെർഫോമൻസ് അധിഷ്ഠിത മോഡലായതിനാൽ തന്നെ ലെക്‌സസ് RX500h F സ്‌പോർട്ട് പെർഫോമൻസ് ഡൈനാമിക് റിയർ സ്റ്റിയറിംഗുമായാണ് വരുന്നത്. ഇത് റിയർ വീലുകളെ മുൻ വീലുകളുമായി നാല് ഡിഗ്രി വരെ ക്രമീകരിക്കാൻ അനുവദിക്കും. മോട്ടോറിൽ നിന്നുള്ള മികച്ച കാര്യക്ഷമതയ്ക്കായി വാഹനം ഒരു eAxle പായ്ക്ക് ചെയ്യുന്നുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ എക്‌സ്‌ഹോസ്റ്റ് സൗണ്ട് വർധിപ്പിക്കുന്നതിനായി ആക്റ്റീവ് സൗണ്ട് കൺട്രോളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.
21 ഇഞ്ച് അലുമിനിയം അലോയ് വീലിലാണ് വാഹനം നിരത്തിലേക്ക് ഇറങ്ങുന്നത്. ആഡംബര എസ്‌യുവിയിൽ നോർമൽ, ഇക്കോ, സ്‌പോർട്ട്, കസ്റ്റം എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും ഉൾക്കൊള്ളുന്നുണ്ട്. മോഡലിന് ഇലക്‌ട്രോണിക് നിയന്ത്രിത ബ്രേക്ക് സിസ്റ്റവും (ECB) ലഭിക്കുന്നതിനാൽ ഏത് മോശം റോഡിലും അനായാസം സഞ്ചരിക്കാനാവും. രാജ്യത്ത് ഇതിനകം വിൽപനയിലുള്ള RX 350h എസ്‌യുവിക്ക് മുകളിലാണ് പുതിയ ലെക്‌സസ് RX 500h F സ്‌പോർട്ട് പെർഫോമൻസ് വേരിയന്റ് സ്ഥാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications








