കുറഞ്ഞ വിലയുള്ള ഇന്ത്യൻ എസ്‌യുവി വാങ്ങാൻ വിദേശികളുടെ പോരാട്ടം, ആദ്യ ബാച്ച് കയറ്റി അയച്ച് കമ്പനി
ഇന്ത്യക്കാർക്ക് കുറഞ്ഞ വിലയുള്ള എസ്‌യുവി സമ്മാനിച്ച് ജിവീതം തിരികെ പിടിച്ചവരാണ് നിസാൻ (Nissan). ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ അല്ലെങ്കിൽ ടാറ്റ നെക്സോൺ പോലുള്ള ഭീമൻമാർ അരങ്ങുവാഴുന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹന സെഗ്മെന്റിലേക്ക് മാഗ്നൈറ്റിനെ കൊണ്ടുവരുമ്പോൾ കമ്പനി പോലും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് ഇന്ത്യക്കാർ ഒരുക്കിയത്. അതിന്റെ പ്രധാന കാരണം 4.99 ലക്ഷം രൂപയെന്ന പ്രാരംഭ വിലയായിരുന്നു. 2020-ൽ നിന്നും നാല് കൊല്ലങ്ങൾക്കിപ്പുറം എത്തിനിൽക്കുമ്പോൾ മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് (Nissan Magnite Facelift) പതിപ്പിനെയും നിസാൻ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു.
അടുത്തിടെ മുഖംമിനുക്കിയെത്തിയ വാഹനത്തിനും തരക്കേടില്ലാത്ത പ്രതികരണമാണ് ലഭിച്ചത്. എന്നാൽ കുറഞ്ഞ വിലയുള്ള ഇന്ത്യൻ എസ്‌യുവി വാങ്ങാൻ വിദേശികളുടെ പോരാട്ടമാണെന്നാണ് വിവരം. പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ. ഇതിന്റെ ഭാഗമായി ആഗോള വിപണികളിലേക്ക് പുതിയ മാഗ്നൈറ്റ് എസ്‌യുവി കയറ്റുമതി ചെയ്യാനും തുടങ്ങിയിരിക്കുകയാണ്. 2024 മാഗ്നൈറ്റ് എസ്‌യുവിയുടെ ആദ്യ ബാച്ച് വിജയകരമായി കയറ്റിയയച്ചെന്ന് നിസാൻ പറഞ്ഞു.

എസ്‌യുവിയുടെ 2,700 യൂണിറ്റുകളാണ് ആദ്യ ബാച്ചിൽ ചെന്നൈയിൽ നിന്ന് കയറ്റി അയച്ചതായി ജാപ്പനീസ് വാഹന നിർമാതാക്കൾ വ്യക്തമാക്കിയത്. മാഗ്‌നൈറ്റ് എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായ ദക്ഷിണാഫ്രിക്ക പോലുള്ള വിദേശ വിപണികളിലേക്കാണ് ഈ എസ്‌യുവികൾ പോകുന്നത്. ഈ വർഷം ഒക്ടോബർ നാലിനാണ് കോംപാക്‌ട് മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൻ്റെ അവതരണ വേളയിൽ ജാപ്പനീസ് കാർ നിർമാതാക്കൾ മാഗ്‌നൈറ്റ് എസ്‌യുവിയുടെ കയറ്റുമതി പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. മാഗ്‌നൈറ്റ് എസ്‌യുവിയുടെ 1.50 ലക്ഷത്തിലധികം യൂണിറ്റുകൾ ഇതിനകം വിറ്റഴിച്ച നിസാൻ പുതുക്കിയ പതിപ്പിലൂടെ കണക്കുകൾ ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ മറ്റ് ഏതൊക്കെ രാജ്യങ്ങൾക്ക് പുതിയ മാഗ്‌നൈറ്റ് ലഭിക്കുമെന്ന് നിസാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എങ്കിലും ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മാനദണ്ഡമായ രാജ്യങ്ങൾ ഉൾപ്പെടെ 65 ലധികം രാജ്യങ്ങളിലേക്ക് വാഹനത്തിന്റെ കയറ്റുമതി വ്യാപിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് നിസാൻ നേരത്തെ പറഞ്ഞിരുന്നു. 5.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മാഗ്നൈറ്റിന്റെ പുതിയ മോഡലും വിപണിയിൽ എത്തിയിരിക്കുന്നത്. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്കാണ് ഈ വിലയിൽ എസ്‌യുവി വാങ്ങാൻ പറ്റുക.
നിസാൻ മാഗ്‌നൈറ്റ് എസ്‌യുവിക്ക് അതിൻ്റെ എക്സ്റ്റീരിയർ ഡിസൈനിൽ നിരവധി മാറ്റങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ ഗ്രിൽ, ബൂമറാങ് സ്റ്റൈൽ ഡിആർഎല്ലുകൾ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയുമായാണ് ഇപ്പോൾ പുറംമോടിയെ അലങ്കരിക്കുന്നത്. വശങ്ങളിലേക്ക് നോക്കിയാൽ പുതിയ 16 ഇഞ്ച് അലോയ് വീലുകളുടെ രൂപത്തിൽ പരിഷ്ക്കാരങ്ങൾ കാണാം.

പിൻവശത്തേക്ക് നീങ്ങിയാൽ പുതുക്കിയ ടെയിൽ ലാമ്പുകളും റീഡിസൈൻ ചെയ്ത റിയർ ബമ്പറുകളുമാണ് മാഗ്നൈറ്റിനെ വേറിട്ടു നിർത്തുന്നത്. അകത്തേക്ക് കയറിയാലും സംഗതി ഉഷാറാണ്. പുത്തൻ ഘടകങ്ങളും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തി മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ കൂടുതൽ പ്രീമിയമാക്കുകയാണ് ചെയ്‌തിരിക്കുന്നത്. സൺഷൈൻ ഓറഞ്ച് കളർ ഓപ്ഷനൊപ്പം ഓൾ-ലെതർ അപ്ഹോൾസ്റ്ററി ലംബോർഗിനി ഫീലൊക്കെ സമ്മാനിക്കുന്നുണ്ട്.
നിസാൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പുതിയ ഗ്രാഫിക്‌സോടുകൂടിയ അപ്‌ഡേറ്റ് ചെയ്‌ത 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ പാൻ ഇലക്ട്രിക് സൺറൂഫ്, ഫ്രെയിംലെസ് ഡിസൈനോടുകൂടിയ പുതിയ ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ചാർജർ എന്നിവയെല്ലാം വാഹനത്തെ കിടലമാക്കുന്ന കാര്യങ്ങളാണ്. ഓട്ടോ ലോക്ക്, അപ്രോച്ച് അൺലോക്ക്, റിമോട്ട് സ്റ്റാർട്ട് എന്നിവ പ്രവർത്തനക്ഷമമാക്കുന്ന ഒരു പുതിയ കീയും മാഗ്നൈറ്റിന് ലക്ഷ്വറി ഫീൽ കൊടുക്കും.
സുരക്ഷയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുമ്പ് 4-സ്റ്റാർ റേറ്റിംഗാണ് നിസാൻ മാഗ്നൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 2024 മാഗ്നൈറ്റ് എസ്‌യുവി സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, TPMS, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് പോലുള്ള ഫീച്ചറുകളെല്ലാം വാഗ്‌ദാനം ചെയ്യും.


Click it and Unblock the Notifications








