ആകാശത്ത് കൂടി പോയ പണി ഏണിവെച്ച് പിടിച്ചു, അവസാനം 682 കി.മീ. റേഞ്ചുള്ള എസ്‌യുവിയുടെ പേര് മാറ്റി മഹീന്ദ്ര
കഴിഞ്ഞ ദിവസം പുത്തനൊരു ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി എല്ലാവരേയും ഞെട്ടിച്ചവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളിലെ മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ BE 6e ഇവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. 18.90 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയിട്ട് പുറത്തിറക്കിയ വണ്ടി കണ്ട് കിളിപോവാത്തവരായി ആരും തന്നെയുണ്ടാവില്ല. സംഗതികളെല്ലാം ഹിറ്റായെങ്കിലും പേരിനെ ചൊല്ലി മഹീന്ദ്ര പുലിവാല് പിടിക്കുകയുണ്ടായി. ആകാശത്തുകൂടി പോയ പണി ഏണിവെച്ച് പിടിച്ചുവെന്ന് പറയുന്നതാവും ശരി. ഇന്‍ഡിഗോ എയര്‍ലൈന്‍സുമായിട്ടുള്ള കലഹം പേരിലാണ്.
ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ട്രേഡ്മാര്‍ക്കാണ് 6e എന്നതെന്നാണ് ഇവരുടെ വാദം. ഇതേ ചൊല്ലി ഇൻഡിഗോ കേസിനും പോയതോടെ ഇലക്ട്രിക് എസ്‌യുവിയുടെ പേര് മാറ്റി പൊല്ലാപ്പിൽ നിന്നും ഊരിയിരിക്കുകയാണ് മഹീന്ദ്ര. സമാനമായ കേസ് അമേരിക്കയിൽ ജീപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. അതുപോലെ ഒത്തിരി കേസ് കണ്ടിട്ടുണ്ടെന്നായിരുന്നു മഹീന്ദ്രയുടെ ആദ്യത്തെ എയറുപിടുത്തം.

എന്നാൽ സംഗതി അൽപം സീരീയസാണെന്ന് മനസിലായതോടെ BE 6e എന്നപേര് BE 6 ഇവി എന്നാക്കിയാണ് വിവാദങ്ങള്‍ക്കില്ലെന്ന് മഹീന്ദ്ര പറയുന്നത്. എന്നാൽ നിയമപ്പോരാട്ടം ശക്തമായി തുടരുമെന്ന കാര്യവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി കോടതിയിൽ ഏതറ്റം വരെയും പോവാൻ മഹീന്ദ്ര തയാറാണ്. പേര് മാറ്റിയതോടെ ട്രേഡ്മാര്‍ക്ക് വാദങ്ങള്‍ അപ്രസക്തമാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
എന്നാൽ കേസും കൂട്ടവും നീണ്ടുപോയാൽ BE 6 ഇവി വിപണിയിൽ എത്തിക്കാൻ വൈകിയേക്കുമെന്ന വിലയിരുത്തലുകളാണ് പേര് മാറ്റിയിറക്കാൻ മഹീന്ദ്രയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. മഹീന്ദ്രയും ഇൻ്റർഗ്ലോബും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടുന്നതുവരെ പുതിയ ഇലക്ട്രിക് എസ്‌യുവി BE 6 എന്ന പേരിന് കീഴിൽ വിൽപ്പനയ്‌ക്കെത്തും. ഇതിന് ശേഷം കമ്പനി മാറ്റാൻ തയാറാവുമോ എന്നതും കണ്ടുതന്നെ അറിയണം.

ഇന്ത്യയിലെ ഇലക്‌ട്രിക് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ കർവ് ഇവി, വരാനിരിക്കുന്ന മാരുതി ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങിയ വമ്പൻമാരുമായിട്ടാണ് മഹീന്ദ്ര BE 6 മത്സരിക്കാനിറങ്ങുന്നത്. മഹീന്ദ്രയുടെ ബോൺ-ഇലക്ട്രിക് കാറുകളിൽ ആദ്യത്തേതാണ് ഈ എസ്‌യുവി. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുക. ഇവയ്ക്ക് സിംഗിൾ ചാർജിൽ യഥാക്രമം 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് റേഞ്ച് നൽകാനാവുക.
പെർഫോമൻസിലേക്ക് നോക്കിയാൽ 0-100kph വേഗത വെറും 6.7 സെക്കൻഡിൽ കൈവരിക്കാൻ മഹീന്ദ്ര BE 6 ഇവിക്കാവും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കാറിലുണ്ട്. മോഡലിന്റെ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം വാറണ്ടിയും മഹീന്ദ്ര നൽകുന്നുണ്ട്. 175kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററികൾ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.

അഡ്‌ജസ്റ്റബിൾ റീജനറേറ്റീവ് ബ്രേക്കിംഗ്, വേരിയബിൾ ഗിയർ അനുപാതങ്ങളുള്ള ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, സെമി-ആക്ടീവ് സസ്‌പെൻഷൻ, ബ്രേക്ക്-ബൈ-വയർ ടെക്‌നോളജി, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് BE 6 ഇവിയുടെ മറ്റ് സാങ്കേതിക ഹൈലൈറ്റുകൾ.നിലവിൽ എസ്‌യുവിയുടെ ബേസ് മോഡലിന്റെ വില മാത്രമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.
പൂർണ വില ലിസ്റ്റ് ജനുവരിയിൽ പ്രഖ്യാപിക്കുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നതെങ്കിലും ഫെബ്രുവരി അവസാനമോ 2025 മാർച്ച് ആദ്യമോ ആയിരിക്കും ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിക്കുക. എന്തായാലും ഇത്തരത്തിലൊരു വാഹനം ഇന്ത്യക്കാർ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് ഉറപ്പാണ്. പേരിലെ പ്രശ്‌നം എയറിൽ നിൽക്കുമെങ്കിലും വിൽപ്പനയെ ഇതൊന്നും ബാധിക്കാൻ ഇടയില്ല.


Click it and Unblock the Notifications








