ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
ഇന്ത്യയിൽ 7 സീറ്റർ വാഹനങ്ങളുടെ ഡിമാന്റ് ഏറിവരുന്നൊരു കാലമാണിത്. മുമ്പെല്ലാം ഏതെങ്കിലും 5 സീറ്റർ കാർ ഉപയോഗിച്ചിരുന്നവരിൽ പലരും പുത്തൻ വാഹനം വാങ്ങുമ്പോൾ വലിയ ഫാമിലിക്കായോ അല്ലെങ്കിൽ എപ്പോഴെങ്കിലും ഫ്രണ്ട്‌സുമായി ട്രിപ്പടിക്കാല്ലോ എന്നെല്ലാം ഓർത്ത് മൂന്നുനിരകളുള്ള മോഡലുകളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്. ആവശ്യമില്ലാത്തപ്പോൾ മൂന്നാമത്തെ വരി മടക്കിവെച്ച് സാധനങ്ങൾ കയറ്റാമല്ലോ എന്ന പ്രായോഗിക വശംകൂടി ഇതിനു പിന്നിലുണ്ട്.
മൂന്നുവരി മോഡലുകളിൽ 7 സീറ്ററുകൾ ട്രെൻഡായി നിൽക്കുമ്പോൾ അതിലും കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാനാവുന്ന 9 സീറ്റർ എസ്‌യുവിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പണ്ട് TV300 പ്ലസ് എന്നപേരിൽ അറിയപ്പെട്ടിരുന്ന മോഡലിനെ ബൊലേറോ നിയോയായി റീബാഡ്‌ജ് ചെയ്‌താണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. P4, P10 എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയൻ്റുകളിൽ എത്തുന്ന വണ്ടിക്ക് കിടിലൻ വില നിർണയവുമാണ് കമ്പനി നൽകിയിരിക്കുന്നത്.

നാപ്പോളി ബ്ലാക്ക്, മജസ്റ്റിക് സിൽവർ, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് എസ്‌യുവി ലഭ്യമാകുന്നത്. മൂന്ന് നിരകളിലായി ഒമ്പത് പേർക്ക് ഇരിക്കാനുള്ള സൗകര്യം ബൊലേറോ നിയോ പ്ലസ് വാഗ്ദാനം ചെയ്യുന്നതാണ് പ്രധാന ഹൈലൈറ്റ്. ടാക്‌സിയായി ഉപയോഗിക്കാനോ അല്ലെങ്കിൽ വലിയൊരു ഫാമിലിക്കായി പുത്തൻ വാഹനം നോക്കുന്നവർക്കോ പറ്റിയ മോഡലാണിതെന്ന് നിസംശയം പറയാം. വാങ്ങാൻ പ്ലാനുണ്ടേൽ നിയോ പ്ലസിന്റെ വേരിയന്റുകളും അവയിൽ കിട്ടുന്ന ഫീച്ചറുകളും എന്തെല്ലാമെന്ന് നോക്കിയാലോ?
ബൊലേറോ നിയോ പ്ലസ് P4: 9 സീറ്റർ എസ്‌യുവിയുടെ ബേസ് മോഡലിന് 11.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മുടക്കുന്ന പണത്തിന് എന്തെല്ലാം കിട്ടുമെന്ന് നോക്കിയാൽ മുന്നിലും പിന്നിലും X ആകൃതിയിലുള്ള ബമ്പറുകൾ, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ, ബോഡി-കളർ വീൽ കവറുകൾ, ഫ്രണ്ട് ആൻഡ് റിയർ ടോ ഹുക്കുകൾ, റിയർ ഫൂട്ട്‌സ്റ്റെപ്പ് എന്നിവയുമായെല്ലാമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര നൽകിയിരിക്കുന്ന എക്സ്റ്റീരിയർ ഫീച്ചറുകൾ.

അകത്തേക്ക് കയറിയാൽ എസ്‌യുവിക്ക് സ്ലൈഡിംഗ്, റീക്ലൈനബിൾ ഫ്രണ്ട് സീറ്റുകൾ, വിനൈൽ അപ്‌ഹോൾസ്റ്ററി, പച്ച നിറമുള്ള വിൻഡ്‌ഷീൽഡ്, 12V ചാർജിംഗ് പോയിൻ്റുകൾ, ഇക്കോ മോഡ് ഉള്ള എസി, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, മുന്നിലും പിന്നിലും പവർ വിൻഡോകൾ, സീറ്റിന് പിന്നിൽ മൊബൈൽ പോക്കറ്റുകൾ എന്നിവയെല്ലാമാണ് ലഭിക്കുക. മൂന്നാം നിരയിൽ സൈഡ് ഫേസിംഗ് സീറ്റാണ് ബൊലേറോ നിയോ പ്ലസിന്റെ ഈ മോഡലിൽ നൽകിയിട്ടുള്ളത്.
സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ബൊലേറോ നിയോ പ്ലസ് എസ്‌യുവിയുടെ P4 വേരിയന്റിന് സെൻട്രൽ ലോക്കിംഗ് സിസ്റ്റം, ഡ്യുവൽ എയർബാഗുകൾ, ഇബിഡി റിവേഴ്സ് പാർക്കിംഗ് സെൻസറുകളോട് കൂടിയ എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ അലേർട്ട്, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം, ലാപ് ബെൽറ്റ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. 2.2 ലിറ്റർ ഡീസൽ എഞ്ചിനുമായി ജോടിയാക്കിയ മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് എസ്‌യുവി വരുന്നത് എന്നതിനാൽ ഇന്ധനക്ഷമത കൂടുതൽ കിട്ടാൻ സഹായിക്കുകയും ചെയ്യും.

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് P10: 9 സീറ്റർ എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 12.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. P4 ബേസിൽ നൽകുന്ന എല്ലാ സവിശേഷതകളും പുറമെ ഈ വേരിയന്റിന് അധികമായി എക്സ്റ്റീരിയറിൽ റേഡിയേറ്റർ ഗ്രില്ലിൽ ക്രോം ഘടകങ്ങൾ, ഫോഗ് ലാമ്പുകൾ, അലോയ് വീലുകൾ, എക്സ്റ്റീരിയറിൽ സൈഡ് ഫൂട്ട്‌സ്റ്റെപ്പുകൾ എന്നിവയെല്ലാം ലഭിക്കും.
അകത്തേക്ക് കയറിയാൽ പിയാനോ ബ്ലാക്ക് ഡാഷ്‌ബോർഡാണ് യാത്രക്കാരെ സ്വാഗതം ചെയ്യാനായി സമ്മാനിച്ചിരിക്കുന്നത്. കൂടാതെ യുഎസ്ബി, ബ്ലൂടൂത്ത്, ഓക്‌സ്-ഇൻ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം. നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും, ക്രോം ഗാർണിഷിംഗുള്ള ഡ്യുവൽ പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് ആംറെസ്റ്റ്, ഫാബ്രിക് അപ്ഹോൾസ്റ്ററി പോലുള്ള സവിശേഷതകളാൽ വാഹനത്തെ സമ്പന്നമാക്കിവെച്ചിട്ടുണ്ട്.

തീർന്നില്ല, രണ്ടാം നിരയിലെ മടക്കാവുന്ന സീറ്റുകൾ, രണ്ടാം നിര ആംറെസ്റ്റ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, റിമോട്ട് കീ എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് P10 വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് പോയിൻ്റുകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റ്, റിയർ വൈപ്പർ ആൻഡ് വാഷർ, റിയർ ഡീഫോഗർ തുടങ്ങിയവയാണ് മോഡലിലെ സേഫ്റ്റി ഫീച്ചറുകൾ.
6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന് കരുത്തേകുന്നത്. ഇത് 118 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷൻ നോക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരും. കൂടാതെ പെട്രോൾ മോഡലും ഈ 9 സീറ്റർ വാഹനത്തിനില്ലെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.


Click it and Unblock the Notifications








