1.79 ലക്ഷം രൂപ വരെ വിലക്കുറവ്, മഹീന്ദ്ര XUV700, സ്കോർപിയോ എസ്‌യുവികൾ വാങ്ങാൻ പറ്റിയ സമയം ഇതുതന്നെ
സ്കോർപിയോ, ബൊലേറോ എന്നീ ഇതിഹാസ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് മഹീന്ദ്ര. ഇപ്പോൾ ഥാർ, XUV700 പോലുള്ള മോഡലുകളിലൂടെ പ്രശസ്‌തി വാനോളം എത്തിനിൽക്കുമ്പോൾ ആളുകളെ കൈയിലെടുക്കാൻ എല്ലാമാസവും കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് കമ്പനി ശ്രദ്ധനേടാറുണ്ട്. 2024 മെയ് മാസത്തിലും അത്തരത്തിൽ ഡിസ്‌കൗണ്ടുകൾ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.
പുതുവർഷം പിറന്നിട്ട് 5 മാസത്തോളം ആയെങ്കിലും 2023 മോഡൽ ഇയർ വാഹനങ്ങൾ വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV400 ഇവി, XUV300, XUV700, സ്കോർപിയോ N എന്നിവയുൾപ്പെടെ വിറ്റഴിക്കപ്പെടാത്ത മോഡലുകൾക്കാണ് ഈ മാസം ഗംഭീര ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ XUV 3XO പതിപ്പ് വന്നതിനാൽ XUV300 എസ്‌യുവിയുടെ പഴയ പതിപ്പും മികച്ച ഡിസ്‌കൗണ്ടോടെ വീട്ടിലെത്തിക്കാം.

കമ്പനിയുടെ എൻട്രി ലെവൽ എസ്‌യുവിയായ XUV300 മോഡലിന് 1.79 ലക്ഷം രൂപ വരെയാണ് മെയ് മാസം ഉപയോഗപ്പെടുത്താനാവുന്ന ഓഫർ. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ടുകൾ, ആക്‌സസറികൾ, എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയുടെ രൂപത്തിലാണ് വാഗ്‌ദാനം ചെയ്യുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് W8 ഡീസൽ വേരിയന്റുകൾക്കാണ് ഇത്രയും തുക ലാഭിക്കാനാവുന്നത്.
അതേസമയം XUV300 W8 പെട്രോൾ ട്രിമ്മുകൾക്ക് 1.59 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇനി കോംപാക്‌ട് എസ്‌യുവിയുടെ W6, W4, W2 വേരിയന്റുകൾക്ക് യഥാക്രമം 1.33 ലക്ഷം രൂപ, 95,000 രൂപ, 45,000 രൂപ വരെയും ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവും. 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുക.

മഹീന്ദ്രയുടെ കരുത്തുറ്റ വർക്ക്‌ഹോഴ്‌സായ ബൊലേറോയുടെ B6 ഓപ്ഷണൽ വേരിയന്റിന് മെയ് മാസം മൊത്തം 82,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എന്നാൽ മിഡ്-സ്പെക്ക് B6, എൻട്രി ലെവൽ B4 ട്രിമ്മുകളിൽ 48,000 രൂപയും 61,000 രൂപയും വരെയാണ് ഓഫറുകൾ. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ആക്‌സസറികൾ, എക്സ്റ്റൻഡഡ് വാറണ്ടി എന്നിവ ഉൾപ്പെടെയാണ് ഈ തുക ലാഭിക്കാനാവുക.
ലാഡർ-ഫ്രെയിം സെവൻ സീറ്റർ കോംപാക്‌ട് എസ്‌യുവിയായ ബൊലേറോ നിയോയ്ക്ക് ഈ മാസം 83,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ കിട്ടും. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ആക്‌സസറികൾ, എക്സ്റ്റൻഡഡ് വാറണ്ടി എന്നിവ ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ ടോപ്പ്-സ്പെക്ക് N10 വേരിയൻ്റുകളിൽ ഉപയോഗപ്പെടുത്താനാവും. മിഡ്-സ്പെക്ക് ബൊലേറോ നിയോ N8, എൻട്രി ലെവൽ N4 ട്രിമ്മുകൾക്ക് യഥാക്രമം 64,000 രൂപയും 56,000 രൂപയും വരെയാണ് ഓഫർ.

മഹീന്ദ്ര മറാസോയുടെ എല്ലാ വേരിയന്റുകൾക്കും ഈ മാസം 93,200 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അതിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, 20,000 രൂപയുടെ ആക്‌സസറികൾ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായെത്തുന്ന എംപിവിക്ക് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണുള്ളത്. നിലവിൽ 14.39 ലക്ഷം രൂപ മുതൽ 16.80 ലക്ഷം രൂപ വരെയാണ് മറാസോയുടെ എക്സ്ഷോറൂം വില.
മഹീന്ദ്രയുടെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയിയായ XUV400 ഇവിക്ക് 4.49 ലക്ഷം രൂപയുടെ വമ്പൻ ഓഫറാണുള്ളത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഫീച്ചറുള്ള 2023 മോഡൽ XUV400 EL വേരിയന്റിന് 3.40 ലക്ഷം രൂപ വിലക്കുറവാണ് മെയ് മാസത്തിൽ ലഭിക്കുക. അതേസമയം ഈ വർഷം ജനുവരിയിൽ പരിചയപ്പെടുത്തിയ XUV400 പ്രോ പതിപ്പിന്റെ തെരഞ്ഞെടുത്ത വേരിയന്റ്, ബാറ്ററി പായ്ക്ക്, ചാർജിംഗ് ശേഷി എന്നിവയെ ആശ്രയിച്ച് 1.40 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങളോടെ ലഭിക്കും.

നിലവിൽ 15.49 ലക്ഷം മുതൽ 17.49 ലക്ഷം വരെ വിലയുള്ള XUV400 ഇവി EC, EL ട്രിമ്മുകളിൽ ലഭ്യമാണ്. ആദ്യത്തേതിന് 3.3kW ചാർജറുള്ള 34.5kWh ബാറ്ററിയും രണ്ടാമത്തേതിന് 7.2kW ചാർജർ സ്റ്റാൻഡേർഡുള്ള 34.5kWh, 39.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ ചെറിയ ബാറ്ററി പായ്ക്കിന് 375 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി പായ്ക്കിന് 456 കിലോമീറ്ററും റേഞ്ചുമാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
മഹീന്ദ്രയുടെ മുൻനിര എസ്‌യുവിയായ XUV700 മെയ് മാസത്തിൽ 1.50 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളോടെ സ്വന്തമാക്കാനാവും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന AX5 7-സീറ്റർ ഡീസൽ, AX5 7-സീറ്റർ പെട്രോൾ-മാനുവൽ എന്നിവ ഒഴികെ എല്ലാ വേരിയന്റുകളിലും ഈ ഓഫർ ലഭ്യമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഇവയ്ക്ക് 1.30 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഇട്ടിരിക്കുന്നത്. വാഹനത്തിന്റെ 2024 മോഡലുകളിൽ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

സ്കോർപിയോയുടെ ഏറ്റവും പുതിയ തലമുറ മോഡലും ഗംഭീര വിലക്കുറവോടെ സ്വന്തമാക്കാനാവുന്ന അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. 2023 മോഡൽ ഇയർ ഫോർവീൽ ഡ്രൈവ് ഓപ്ഷനുള്ള ടോപ്പ്-സ്പെക്ക് Z8, Z8L ഡീസൽ വേരിയന്റുകൾക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അതേസമയം റിയർ വീൽ സംവിധാനമുള്ള പെട്രോൾ, ഡീസൽ Z8, Z8L എന്നിവയ്ക്ക് 60,000 രൂപയാണ് ഓഫർ.


Click it and Unblock the Notifications








