8 പേർക്ക് സുഖമായി എവിടെയും പോവാം, നിർത്തലാക്കിയെന്ന് കരുതിയ മോഡലിനെ തിരികെ കൊണ്ടുവന്ന് മഹീന്ദ്ര
എസ്‌യുവികൾ നിർമിക്കുന്നതിൽ പ്രത്യേക വൈധഗ്ധ്യമുള്ളവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra). സ്കോർപിയോ, ബൊലേറോ, XUV700, ഥാർ അങ്ങനെ നീളുന്ന വാഹന നിരയെ ഇന്ത്യാർ നെഞ്ചിലേറ്റിയ മോഡലുകളാണ്. ഇക്കാര്യത്തിൽ ഇവരെ വെല്ലാൻ വേറെ ബ്രാൻഡില്ലെന്ന് വേണം പറയാൻ. തൊടുന്നതെല്ലാം പൊന്നാക്കുന്ന പുതിയ പദ്ധതികളിലൂടെ കമ്പനി മുന്നേറുകയാണ്. ടൊയോട്ട ഇന്നോവയ്ക്കും മാരുതി സുസുക്കി എർട്ടിഗയ്ക്കും കിട്ടിയ സ്വീകാര്യത കണ്ട് എംപിവി വിപണിയിലേക്ക് പയറ്റാനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരു ശ്രമം നടത്തുകയുണ്ടായി. അങ്ങനെയാണ് മറാസോ (Marazzo) പിറവിയെടുക്കുന്നത്.
യാത്രാ സുഖത്തിലായാലും ഓടിക്കാനായാലും ബിൽഡ് ക്വാളിറ്റിയിലായാലും മൊത്തത്തിൽ മിടുക്കനായിരുന്ന മറാസോ ഇടംപിടിച്ചത് എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലായിരുന്നു. ഇന്നോവ വാങ്ങാൻ കാശില്ലാത്തവരെല്ലാം തങ്ങളുടെ പക്കലേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു മഹീന്ദ്ര. എന്നാൽ ഇതെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു മോഡലിന്റെ വിൽപ്പന കണക്കുകൾ. ടാക്‌സിയോടാൻ പലരും വാങ്ങിയെങ്കിലും ഒരു ഫാമിലി എംപിവിയാവാൻ മറോസായ്ക്ക് കഴിഞ്ഞില്ല.

അടിപൊളി വിലയിട്ടിട്ട് പോലും എന്തുകൊണ്ടോ മറാസോ പരാജയമായി മാറി. കുറേക്കാലും ഓഫറിട്ട് മറാസോ വിൽക്കാൻ ശ്രമിച്ചുവെങ്കിലും അതിലും മഹീന്ദ്ര പരാജയപ്പെടുകയായിരുന്നു. ഡീസൽ എഞ്ചിൻ, മാനുവൽ ട്രാൻസ്മിഷൻ കോമ്പോ മാത്രമായിരുന്നു എംപിവിയിലുണ്ടായിരുന്നത്. എന്തായാലും അടുത്തിടെ വിപണിയിൽ നിന്നും മറോസോയെ പിൻവലിച്ചുവെന്ന വാർത്തയും ശക്തമായിരുന്നു.
മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും മറാസോയെ നീക്കം ചെയ്‌തതോടെയാണ് നിർത്തലാക്കിയെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് മറാസോയിപ്പോൾ. പുതുക്കിയ വില നിർണയത്തോടെയാണ് വെബ്‌സൈറ്റിൽ മറാസോ വീണ്ടും ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. മുമ്പത്തെ വിലയ്ക്ക് ഇനി മൾട്ടി പർപ്പസ് വാഹനം വാങ്ങാൻ കിട്ടില്ലെന്ന് സാരം.

മറാസോയ്ക്ക് ഇപ്പോൾ വേരിയന്റ് നിരയിലുടനീളം ഏകദേശം 20,000 രൂപയുടെ വില വർധനവാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ 7 സീറ്റർ 8 സീറ്റർ ഓപ്ഷനിലും എംപിവി വാങ്ങാനാവുമെന്നതും ശ്രദ്ധേയമാണ്. എംപിവിയുടെ ഓരോ പതിപ്പിനും മൂന്ന് വേരിയൻ്റുകൾ വീതം ലഭിക്കും. ഇൻി കൃത്യമായ വേരിയന്റും വിലകളും ഒന്ന് പരിശോധിച്ചാലോ? മറാസോയുടെ ബേസ് മോഡലായ M2 7-സീറ്ററിന് 14.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
മഹീന്ദ്ര മറാസോ M2 8-സീറ്ററിന് 14.59 ലക്ഷം, M4 പ്ലസ് 7-സീറ്ററിന് 15.86 ലക്ഷം, M4 പ്ലസ് 8-സീറ്ററിന് 15.94 ലക്ഷം, M6 പ്ലസ് 7-സീറ്ററിന് 16.92 ലക്ഷം, M6 പ്ലസ് 8-സീറ്ററിന് 17 ലക്ഷം എന്നിങ്ങനെയാണ് പുതിയ എക്സ്ഷോറൂം വില വരുന്നത്. പുതിയ പരിഷ്ക്കാരങ്ങളൊന്നുമില്ലെങ്കിലും വിശാലവും പ്രായോഗികവുമായ എംപിവി തന്നെയാണ് മറസോയെന്ന് വേണം വിശേഷിപ്പിക്കാൻ. അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും വാഹനത്തിലുണ്ട്.

മൂന്ന് നിരകളിലും വിശാലമായ സ്പേസ്, ഡിഫ്യൂസും ഡയറക്ട് ഫംഗ്‌ഷനുകളുമുള്ള റിയർ എസി വെൻ്റുകൾ, രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ ബെഞ്ച് സീറ്റ് ഓപ്ഷൻ, റിയർ സൺ ബ്ലൈൻ്റുകൾ പോലുള്ളവയെല്ലാം മഹീന്ദ്ര മറാസോയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ലാഡർ-ഫ്രെയിം ഷാസി, ട്രാൻസ്‌വേഴ്‌സായി ഘടിപ്പിച്ച എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് എന്നിവയുടെ സംയോജനം കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.
ഷാർക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് ഇപ്പോഴും വാഹനത്തിലുള്ളത്. ഇതൊന്ന് പുതുക്കി പുതിയകാല മഹീന്ദ്ര കാറുകൾ പോലെ ഫീച്ചറുകളും സേഫ്റ്റിയും കുത്തിനിറച്ചാൽ മറാസോ വാങ്ങാൻ ആളുകൾ എത്തുമെന്ന് ഉറപ്പാണ്. 121 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മറാസോയുടെ ഹൃദയം. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നത്. ഓട്ടോമാറ്റിക് ഓഫറിലില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








