കിടിലൻ യാത്രാ സുഖവും മൈലേജും, പക്ഷേ വിൽപ്പനയില്ല, മഹീന്ദ്രയുടെ 7 സീറ്റർ വാഹനം ഇനി വാങ്ങാൻ കിട്ടില്ല
ടൊയോട്ട ഇന്നോവയ്ക്ക് ഇന്ത്യൻ വിപണിയിൽ കിട്ടിയ സ്വീകാര്യത കണ്ട് എംപിവി വിപണിയിലേക്ക് ഇറങ്ങിയവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. മൾട്ടി പർപ്പസ് വാഹന വിഭാഗത്തിൽ മാറ്റങ്ങൾ കുറിക്കാൻ അവതരിച്ചതാവട്ടെ മറാസോയെന്ന കുട്ടിക്കൊമ്പനെയായിരുന്നു. അതുവരെ എസ്‌യുവികളിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന ബ്രാൻഡ് ഈ രംഗത്തേക്കിറങ്ങുമ്പോൾ പ്രതീക്ഷകളും ഏറെയായിരുന്നു. അതിനായി സ്ഥാനംപിടിച്ചതാവട്ടെ ഇന്നോവയ്ക്കും മാരുതിയുടെ എർട്ടിഗയ്ക്കും ഇടയിലുമായിരുന്നു. യാത്രാ സുഖത്തിലും ഡ്രൈവിംഗിലും നിർമാണ നിലവാരത്തിലുമെല്ലാം മിടുക്കൻ ആയിരുന്നുവെങ്കിലും മറാസോയെ വേണ്ടവിധത്തിൽ ഇന്ത്യക്കാർ സ്വീകരിക്കാൻ തയാറായില്ല. വിലയും അടിപൊളിയായി നിർണയിക്കാൻ കമ്പനിക്ക് സാധിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം.
കുറേക്കാലും ഓഫറിട്ട് മറാസോ വിൽക്കാൻ ശ്രമിച്ചുവെങ്കിലും അതിലും മഹീന്ദ്ര പരാജയപ്പെടുകയായിരുന്നു. കാര്യമായ രീതിയിൽ വിൽപ്പനയില്ലാത്തതിനാൽ ഇടയ്ക്കൊന്ന് പുതുക്കാനും മഹീന്ദ്ര തയാറായില്ല. ഇടയ്ക്ക് ടാക്‌സിയായി കുറെ മോഡലുകൾ വിറ്റുവെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എംപിവിയുടെ വിൽപ്പന അവസാനിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും മറാസോയെ നീക്കം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

താത്ക്കാലികമായി പിൻവലിച്ചതാണോ അതോ പൂർണമായും മറാസോ നിർത്തലാക്കിയതാണോ എന്ന കാര്യം മഹീന്ദ്ര ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇനി ചിലപ്പോൾ ടാക്‌സിക്ക് മാത്രമായി വിൽക്കാൻ തിരികെയെത്തുമോ എന്നകാര്യവും കണ്ടറിയാം. നിലവിൽ മഹീന്ദ്രയുടെ നിരയിലെ എല്ലാ വാഹനങ്ങളും ഹിറ്റാണ്. അതിനിടയിൽ വിജയകരമല്ലാത്ത KUV100, മറാസോ പോലുള്ള പഴയ മോഡലുകൾ കല്ലുകടിയായി ഇടയ്ക്കുണ്ടായിരുന്നു.
ഇവ ഒഴിവാക്കുന്നതിലൂടെ വിജയകരമായ മോഡൽ നിര മുന്നോട്ടുകൊണ്ടുപോവാനാവും ബ്രാൻഡ് ശ്രമിക്കുക. ഈ അടുത്ത കാലത്താണ് KUV100 ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് മറാസോയും ഒഴിക്കപ്പെട്ടിരിക്കുന്നത്. എന്തായാലും കമ്പനിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വരാതെ ഇക്കാര്യത്തിൽ ഒന്നും തറപ്പിച്ച് പറയാനും സാധിക്കത്തില്ല.

ഇന്ത്യലെ എംപിവി വാഹനങ്ങൾക്കിടയിൽ മഹീന്ദ്ര മറാസോ ഒരു സവിശേഷ ഉൽപ്പന്നമായിരുന്നു എന്നതിൽ തർക്കമൊന്നുമില്ല. ലാഡർ-ഫ്രെയിം ഷാസി, ട്രാൻസ്‌വേഴ്‌സായി ഘടിപ്പിച്ച എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് എന്നിവയുടെ സംയോജനം മറ്റൊരു എംപിവിയിലും കാണാനാവാത്ത കാര്യമായിരുന്നു. ടാറ്റ ഹെക്‌സ, ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ, XL6 എന്നിവയോട് മത്സരിച്ചാണ് ഈ കിടിലൻ വണ്ടി പരാജയപ്പെട്ടത് എന്നതു കൂടിയോർക്കുമ്പോൾ ഫാൻസിന്റെ നിരാശ കൂടും.
സെഗ്‌മെൻ്റിൽ വിപ്ലവകരമായി കണക്കാക്കുന്ന സങ്കീർണമായ ഫോർഗ്‌ഡ് അലുമിനിയം സസ്പെൻഷൻ ഘടകങ്ങൾ പോലും മറാസോയിൽ ഉണ്ടായിരുന്നു. ഇതുകൂടാതെ നല്ല റൈഡ് ക്വാളിറ്റി, ഡിഫ്യൂസും ഡയറക്ട് ഫംഗ്‌ഷനുകളുമുള്ള റിയർ എസി വെൻ്റുകൾ, രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ ബെഞ്ച് സീറ്റ് ഓപ്ഷൻ, റിയർ സൺ ബ്ലൈൻ്റുകൾ, മൂന്ന് നിരകളിലും മാന്യമായ സ്പേസ്, ഷാർക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ എന്നിവയായിരുന്നു മറാസോയുടെ മറ്റ് പ്രത്യേകതകൾ.

ഷാർക്ക് എന്ന അർഥം വരുന്ന സ്പാനിഷ് പേരാണ് എംപിവിക്ക് നൽകിയിരിക്കുന്നതും. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യവാഹനമെന്ന പ്രത്യേകതയും എടുത്തുപറയേണ്ട കാര്യമാണ്. ഇത്രയെല്ലാമുണ്ടായിട്ടും പരാജയം രുചിക്കാനായിരുന്നു വാഹനത്തിന്റെ വിധി. XUV300 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കിയതു പോലെ വലിയൊരു മാറ്റം കൊണ്ടുവന്നാൽ മറാസോ വിജയിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ 12 മാസങ്ങളിൽ അതയാത് 2023 ജൂൺ മുതൽ 2024 മെയ് വരെയുള്ള കാലയളവ് എടുത്താൽ മറാസോയുടെ മൊത്തം 721 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്രയ്ക്ക് വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളത്. 2023 സെപ്റ്റംബറിൽ നിരത്തിലെത്തിച്ച 144 യൂണിറ്റുകളായിരുന്നു ഇതിൽ ഏറ്റവും ഉയർന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ എംപിവിയുടെ വെറും 16 യൂണിറ്റുകൾ മാത്രമായിരുന്നു ആളുകൾ വാങ്ങാനെത്തിയിരുന്നത്.
121 bhp കരുത്തിൽ പരമാവധി 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര മറാസോയ്ക്ക് തുടിപ്പേകിയിരുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വാഹനം ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഇല്ലാതിരുന്നതും തിരിച്ചടിയായിട്ടുണ്ടാവാം കൂടാതെ പെട്രോൾ എഞ്ചിനും എംപിവിക്ക് കൊടുത്തിരുന്നില്ല. എന്തായാലും ഥാറും, സ്കോർപിയോയും XUV700, XUV 3XO, ബൊലേറോ പോലുള്ള വമ്പൻ മോഡലുകൾ അരങ്ങുവാഴുന്ന മഹീന്ദ്ര നിരയിൽ മറാസോ കൂടി ക്ലച്ചുപിടിച്ചിരുന്നെങ്കിൽ മഹീന്ദ്രയുടെ വളർച്ച ഇരട്ടിയാകുമായിരുന്നു.


Click it and Unblock the Notifications








