എല്ലാരും വാങ്ങാൻ കൊതിക്കുന്ന 7 സീറ്റർ ഫാമിലി എസ്‌യുവി, ഇനി പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് കമ്പനി
ഇന്ത്യയിൽ യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra). അടുത്തകാലത്തായി വിപണിയിൽ അവതരിപ്പിക്കുന്ന എല്ലാ മോഡലുകൾക്കും ലഭിക്കുന്ന സ്വീകാര്യതയും ഒന്നു വേറെ തന്നെയാണ്. കമ്പനിയുടെ ഏറ്റവും ഡിമാന്റുള്ള 7 സീറ്റർ എസ്‌യുവിയായി മാറിയിരിക്കുകയാണ് സ്കോർപിയോ N.
രണ്ടാംതലമുറയിലേക്ക് ചേക്കേറിയതു മുതൽ സ്കോർപിയോ വാങ്ങാൻ ആളുകളുടെ വമ്പൻ ക്യൂവാണ്. എസ്‌യുവികളുടെ ബിഗ് ഡാഡിയെന്ന വിളിപ്പേരുമായെത്തിയ വാഹനം മുൻഗാമിയേക്കാൾ ഏറെ മാറിയതാണ് പലരേയും മോഹിപ്പിക്കുന്ന കാര്യം. കിടിലൻ ഡിസൈനും പ്രീമിയം ഇന്റീരിയറും പവർഫുള്ളായ എഞ്ചിൻ ഓപ്ഷനുകളുമെല്ലാം സ്കോർപിയോയെ (Scorpio) വേറെ ലെവലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഥാറിന് വിലകൂട്ടിയ കമ്പനി ഇപ്പോഴിതാ സ്കോർപിയോ N പതിപ്പിലേക്കും വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുത്ത വേരിയന്റുകളിൽ മാത്രമാണ് പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. അതായത് പെട്രോൾ, ഡീസൽ മോഡലുകളിൽ ലഭ്യമായ Z2, Z4, Z6 ഡീസൽ എന്നിവയ്ക്ക് 25,000 രൂപയാണ് ഇനി മുതൽ അധികം നൽകേണ്ടത്.
അതുപോലെ തന്നെ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഉടനീളമുള്ള Z8 2WD പതിപ്പുകൾക്ക് 10,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. എസ്‌യുവിയുടെ മറ്റെല്ലാ വേരിയന്റുകൾക്കും സമാനമായ വിലയിൽ തന്നെ തുടരുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ വില പരിഷ്‌ക്കാരത്തോടെ മഹീന്ദ്ര സ്‌കോർപിയോ N എൻട്രി ലെവൽ Z2 പെട്രോൾ മാനുവൽ 7 സീറ്റർ പതിപ്പിന് 13.85 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.

അതേസമയം സ്കോർപിയോ N മോഡലിന്റെ ടോപ്പ് എൻഡ് Z8L ഡീസൽ ഓട്ടോമാറ്റിക് 4WD 7 സീറ്റർ വേരിയന്റിന് 24.54 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഉപഭോക്താക്കൾക്ക് Z2, Z4, Z6, Z8, Z8S, Z8L എന്നിങ്ങനെ ആറ് വേരിയന്റുകളിൽ നിന്ന് സ്കോർപിയോ വാങ്ങാനാവും. വിലയിൽ മാറ്റമുണ്ടെങ്കിലും സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് മറ്റ് പരിഷ്ക്കാരങ്ങളോ ഒഴിവാക്കലുകളോ ഉണ്ടായിട്ടില്ലെന്നതാണ് രസകരമായ കാര്യം.
ഇപ്പോഴത്തെ വില വർധനവിന്റെ കാരണവും മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല. എന്തായാലും സ്കോർപിയോയുടെ ഏറ്റവും പുതിയ തലമുറ മോഡലും ഗംഭീര വിലക്കുറവോടെ സ്വന്തമാക്കാനാവുന്ന ഡിസ്‌കൌണ്ട് ഓഫറും മെയ് മാസത്തേക്കായി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്കോർപിയോയുടെ 2023 മോഡൽ ഇയർ ഫോർവീൽ ഡ്രൈവ് ഓപ്ഷനുള്ള ടോപ്പ്-സ്പെക്ക് Z8, Z8L ഡീസൽ വേരിയന്റുകൾക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

അതേസമയം റിയർ വീൽ സംവിധാനമുള്ള പെട്രോൾ, ഡീസൽ Z8, Z8L എന്നിവയ്ക്ക് 60,000 രൂപയും ഓഫറിട്ടിട്ടുണ്ട്. ശരിക്കും വലിയൊരു ഫാമിലിക്ക് പറ്റിയ വാഹനമാണ് സ്കോർപിയോ N എന്നു പറയാതെ വയ്യ. 6, 7 സീറ്ററുകളിലും സ്കോർപിയോ തെരഞ്ഞെടുക്കാനാവും. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായിട്ട് എത്തിയിരിക്കുന്നത്.
പെർഫോമൻസിലേക്ക് നോക്കിയാൽ സ്കോർപിയോയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 197 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വേണ്ടതെങ്കിൽ 173 bhp പവറിൽ 400 Nm torque വരെ ലഭിക്കുമെന്നും മഹീന്ദ്ര പറയുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിക്കൊപ്പം വരുന്നത്.

സ്കോർപിയോ N സ്റ്റാൻഡേർഡായി റിയർ-വീൽ ഡ്രൈവുമായി വരുമ്പോൾ ടോപ്പ് എൻഡ് ഡീസൽ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് ഓപ്ഷനും ലഭിക്കുന്നുണ്ടെന്ന കാര്യവും സന്തോഷിപ്പിക്കുന്ന ഒന്നാണ്. 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി, ആറ് എയര്‍ബാഗുകള്‍ എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) എന്നീ സേഫ്റ്റി ഫീച്ചറുകൾ സ്റ്റാൻഡേർഡാണ്.


Click it and Unblock the Notifications








