ഫാമിലിയുമായി യാത്രക്ക് പറ്റിയ വണ്ടി, സ്കോർപിയോ N എസ്‌യുവി 1 ലക്ഷം രൂപ വിലക്കുറവിൽ തരാമെന്ന് മഹീന്ദ്ര
മഹീന്ദ്രയ്ക്ക് മുഖം സമ്മാനിച്ച വാഹനമായിരുന്നു സ്കോർപിയോ. 2002-ൽ പുറത്തിറങ്ങിയതു മുതൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എസ്‌യുവിയായി ഇന്നും ഈ മോഡൽ അരങ്ങുവാഴുകയാണ്. രണ്ടാംതലമുറയായ N പതിപ്പ് എത്തിയതോടെ സ്കോർപിയോ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് യാത്രാ സുഖത്തിന്റെ കാര്യത്തിലായാലും ഫീച്ചറുകളിലായാലും മോഡേൺ ആയാണ് N എത്തിയത്.
കൂട്ടിന് മഹീന്ദ്രയുടെ സ്വന്തം പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷൻ കൂടി നൽകിയതോടെ എസ്‌യുവി ഡ്രീം ഹിറ്റാണ് അടിച്ചത്. മഹീന്ദ്ര സ്‌കോർപിയോ N ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് ഏകദേശം രണ്ട് വർഷമായിയെങ്കിലും വാഹനത്തിനായുള്ള ഡിമാൻഡിൽ യാതൊരുവിധ കുറവും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. പക്ഷേ കാത്തിരിപ്പ് കാലയളവ് അൽപം കൂടുതലാണെന്ന പരാതിയും ചിലർക്കുണ്ട്. ഇതെല്ലാം താത്ക്കാലികമായി മറക്കാൻ N പതിപ്പിന് കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

2024 ഏപ്രിൽ മാസം സ്കോർപിയോ N വാങ്ങുന്നവർക്ക് 1 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള സുവർണാവസരമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് എസ്‌യുവിയിൽ കിട്ടുന്ന ക്യാഷ് ഡിസ്കൗണ്ടുകൾ എന്തെല്ലാമെന്ന് നോക്കിയാലോ? മാത്രമല്ല സ്കോർപിയോയുടെ 2023 മോഡലുകൾക്കാണേ ഈ ആനുകൂല്യങ്ങൾ കിട്ടുക എന്നകാര്യവും ഒന്ന് പ്രത്യേകം മനസിൽ ഓർമിക്കണേ.
സ്കോർപിയോ N എസ്‌യുവിയുടെ ടോപ്പ് എൻഡ് Z8, Z8L ഡീസൽ 4x4 വേരിയന്റുകൾക്കാണ് 1 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുക. 7-സീറ്റർ പതിപ്പിലാണ് ലഭ്യമാവുന്നതെങ്കിലും മാനുവലിനും ഓട്ടോമാറ്റിക്കിനും 1 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടോടെ സ്വന്തമാക്കാനാവും. അതേസമയം, Z8, Z8L ഡീസൽ 4x2 ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 60,000 രൂപ ക്യാഷ് കിഴിവോടെ ലഭിക്കും. ഇത് 6 അല്ലെങ്കിൽ 7 സീറ്റർ മോഡലിൽ വാങ്ങാനാവും.

അവസാനമായി Z8, Z8L പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഏപ്രിൽ മാസത്തിൽ പ്രയോജനപ്പെടുത്താനാവും. സ്കോർപിയോ N എസ്‌യുവിയുടെ ഈ വേരിയന്റുകളുടെ 6, 7 സീറ്ററുകളിലും ഈ ഓഫർ യഥേഷ്‌ടം തെരഞ്ഞെടുക്കാം. വാഹനത്തിന്റെ ഒരു വേരിയന്റിലും എക്സ്ചേഞ്ച് ബോണസോ കോർപ്പറേറ്റ് ഓഫറുകളോ മഹീന്ദ്ര അവതരിപ്പിച്ചിട്ടില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നിലവിൽ മഹീന്ദ്ര സ്കോർപിയോ N മോഡലിന് ഇന്ത്യയിൽ 13.60 ലക്ഷം രൂപ മുതൽ 24.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ ഓഫർ കിട്ടുന്ന Z8, Z8L വേരിയന്റുകൾക്ക് 18.64 ലക്ഷം മുതലാണ് പ്രാരംഭ വില വരുന്നത്. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് നിലവിൽ ലഭിക്കുന്നത്.

ഇതിൽ പെർഫോമൻസിലേക്ക് നോക്കിയാൽ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 197 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 bhp പവറും 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു. ഇവ രണ്ടും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം തെരഞ്ഞെടുക്കാനാവും.
സ്കോർപിയോ N സ്റ്റാൻഡേർഡായി റിയർ-വീൽ ഡ്രൈവുമായി വരുമ്പോൾ ടോപ്പ് എൻഡ് ഡീസൽ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് ഓപ്ഷനും ലഭിക്കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും പുതിയ മഹീന്ദ്ര എസ്‌യുവികളുടെ 5-സ്റ്റാർ നിലവാരം തന്നെ സ്കോർപിയോ N മോഡലും നിലനിർത്തിയിട്ടുണ്ട്. നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി, ആറ് എയര്‍ബാഗുകള്‍ എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡും (MTV-CL) എന്നീ സവിശേഷതകളാണ് ജനപ്രിയ വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഡബിള്‍ ബാരല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, വലിയ ടച്ച് സ്ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് TFT കണ്‍സോളും ബില്‍റ്റ്-ഇന്‍ അലക്സയ്ക്കൊപ്പം അഡ്റിനോക്സ് കണക്റ്റിവിറ്റി, കണക്റ്റഡ് കാര്‍ ഫീച്ചറുകൾ, സണ്‍റൂഫ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളാണ് സ്കോർപിയോ N എസ്‌യുവിയുടെ മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications








