ടാറ്റയെ രണ്ടാമതും സൈഡാക്കി! ഇനി പൂട്ടാനുള്ളത് ഹ്യുണ്ടായിയെ, കഴിഞ്ഞ മാസം 54,504 എസ്‌യുവികൾ വിറ്റ് മഹീന്ദ്ര
ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾ വിളയാടുന്ന കാലമാണിത്. എംപിവികളും ഹാച്ച്ബാക്കുകളും സെഡാനുകളുമെല്ലാം സൈഡായി പോയപ്പോൾ നല്ലകാലം വന്നെത്തിയത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം നിർമിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കാണ്. പണ്ട് ഒരു സ്കോർപിയോയും ബൊലേറോയും വെച്ച് ഓടിച്ചിരുന്ന കമ്പനി പിന്നീട് XUV700, ഥാർ, XUV 3XO പോലുള്ള അത്യുഗ്രൻ മോഡേൺ എസ്‌യുവികൾ പുറത്തിറക്കിയാണ് കളംപിടിച്ചത്. ഇപ്പോൾ ആര് കണ്ടാലും വാങ്ങിപ്പോവുന്ന വാഹന നിരയാണ് മഹീന്ദ്രയുടെ തുറുപ്പുചീട്ട്. പണ്ട് വിൽപ്പനയുടെ കാര്യത്തിൽ എവിടെയോ കിടന്നിരുന്ന ബ്രാൻഡ് ഇപ്പോൾ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ്.
സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ പഞ്ഞിക്കിട്ടാണ് മഹീന്ദ്രയുടെ ഉയർച്ച. വിൽപ്പനയിൽ ടാറ്റയ്ക്ക് കിതപ്പായപ്പോൾ മഹീന്ദ്രയുടെ കുതിപ്പാണിപ്പോൾ കാണാനായത്. സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ ടാറ്റയെ മറികടന്ന് മൂന്നാമതെത്തിയ കമ്പനി തുടർച്ചയായ രണ്ടാം മാസവും മൂന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. 2024 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ കമ്പനി മൊത്തം 54,504 യൂണിറ്റുകൾ വിറ്റഴിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കൂടിയാണിത്. വാർഷിക വിൽപ്പനയിൽ 24.70 ശതമാനം വളർച്ച കൈവരിക്കാനും ബ്രാൻഡിനായി. ഥാർ റോക്‌സ് പോലുള്ള പുത്തൻ മോഡലുകളുടെ വരവാണ് കമ്പനിയെ ഈ നിലയിലേക്ക് വളർത്തിയതെന്ന് നിസംശയം പറയാം. 5-ഡോർ ഥാറിന് പുറമെ ജനപ്രിയ മോഡലുകളായ സ്കോർപിയോ N, സ്കോർപിയോ ക്ലാസിക്, XUV700, ബൊലേറോ എന്നിവയ്ക്കും ശക്തമായ ഡിമാൻഡാണുള്ളത്.
അതുപോലെ XUV3XO കോംപാക്‌ട് എസ്‌യുവിയും വിൽപ്പന പുതിയ ഉയരങ്ങളിലെത്തിക്കാൻ സഹായിച്ചു. XUV300 എന്ന മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായി XUV 3XO അവതരിപ്പിച്ചത് കിടിലൻ ഐഡിയായിരുന്നു. അധികമാരും തിരിച്ചറിയാതെ പോയ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഉയർത്തെഴുന്നേൽപ്പായിരുന്നു ഈ മാറ്റം. മാരുതി ബ്രെസയും ടാറ്റ നെക്സോണും ഭരിച്ച സെഗ്മെന്റ് മൊത്തത്തിൽ കക്ഷിയങ്ങ് തൂക്കിയെന്ന് വേണം പറയാൻ.

2023 സാമ്പത്തിക വർഷത്തിൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കോംപാക്‌ട് എസ്‌യുവിയുടെ ശരാശരി പ്രതിമാസ വിൽപ്പന വെറും 5,000 യൂണിറ്റായിരുന്നു. അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ XUV 3XO-യുടെ ശരാശരി 8,400 യൂണിറ്റുകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണനം ചെയ്യുന്നത്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലായി വരുന്ന മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിക്ക് 7.79 ലക്ഷം മുതൽ 15.49 ലക്ഷം വരെയാണ് എക്സ്ഷോറം വില വരുന്നത്.
പുതിയ കിടുക്കൻ ഡിസൈനിനൊപ്പം അത്യാധുനിക ഫീച്ചറുകളും കോർത്തിണക്കിയതും XUV 3XO ശ്രദ്ധിക്കപ്പെടാൻ കാരണമായിട്ടുണ്ട്. പനോരമിക് സൺറൂഫ്, ADAS ടെക്‌നോളജി, 17 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളോടെയാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി ഇപ്പോൾ വാങ്ങാനാവുന്നത്.

അഡ്രിനോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ വലിയ 10.2 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 6 എയർബാഗുകൾ, വയർലെസ് ചാർജർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി സറൗണ്ട് ക്യാമറ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, കൂടാതെ സെഗ്മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫ് വരെ XUV 3XO വാഗ്‌ദാനം ചെയ്യുന്നുണ്ട്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്‌ഡ്, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് XUV 3XO മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് വന്നാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മഹീന്ദ്ര XUV 3XO എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാവുക. ഇന്ധനക്ഷമതയിലും ആരേയും ആശാൻ കൊതിപ്പിക്കും.


Click it and Unblock the Notifications








