ജിംനിയുടെ ഗതിയാവരുത്, ഥാർ 3-ഡോർ 1.60 ലക്ഷം രൂപ വിലക്കുറച്ച് തരാമെന്ന് മഹീന്ദ്ര! പക്ഷേ ഈ വേരിയന്റ് വാങ്ങണം
ഉത്സവ സീസണിന് കൊടിയേറിയതോടെ കാർ മുതലാളിമാരെല്ലാം തങ്ങളുടെ മോഡലുകൾക്ക് ഓഫറുകളുടെ പൊടിപൂരവുമായി എത്തിയിരിക്കുകയാണ്. ഹോണ്ടയും ടാറ്റയും ഹ്യുണ്ടായിയുമെല്ലാം സ്പെഷ്യൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ മഹീന്ദ്ര തങ്ങളുടെ നിരയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഥാറിന് പോലും ആനുകൂല്യങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് (Mahindra Thar). എസ്‌യുവിയുടെ 5 ഡോർ പതിപ്പായ വലിയ ഥാർ റോക്‌സ് വന്നതിനു പിന്നാലെയാണ് ഓഫറുകളുടെ ചാകരയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 3-ഡോർ പതിപ്പ് ബുക്ക് ചെയ്‌തവരിൽ പലരും 5-ഡോർ മോഡലിലേക്ക് ബുക്കിംഗ് മാറ്റുന്നതും മഹീന്ദ്രയ്ക്ക് തലവേദനയാണ്.
ഇത് ചെറിയ മോഡലിൻ്റെ ഡിമാൻഡ് കുറയാൻ കാരണമായി. ഒപ്പം 3-ഡോറിന്റെ വിൽപ്പന പിടിച്ചുനിർത്താനും പുതിയ ഉത്സവകാല ഓഫറുകൾ സഹായിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കരുതുന്നത്. ഡീലർ ലെവൽ ഡിസ്കൗണ്ടുകൾക്കൊപ്പം ഥാർ 3-ഡോറിന്റെ എല്ലാ വേരിയന്റുകളിലും 25,000 രൂപയുടെ സൗജന്യ മഹീന്ദ്ര ആക്സസറി കിറ്റും ലഭിക്കും. ഇനി ഓഫ്-റോഡർ എസ്‌യുവിയുടെ ഓഫറുകളുടെ കൂടുതൽ വിശദാംശങ്ങൾ പറഞ്ഞുതരാം.

ഹാർഡ്‌ടോപ്പുള്ള AX ഡീസൽ മാനുവൽ 2WD പതിപ്പിനാണ് ഏറ്റവും കുറഞ്ഞ ഡിസ്‌കൗണ്ട് ഓഫർ ലഭിക്കുന്നത്. ഹാർഡ്‌ടോപ്പോടു കൂടിയ ഥാർ LX പെട്രോൾ ഓട്ടോമാറ്റിക് 2WD, ഹാർഡ്‌ടോപ്പോടു കൂടിയ LX ഡീസൽ-മാനുവൽ 2WD എന്നിവയ്ക്ക് 1.25 ലക്ഷം രൂപ വരെ ഓഫർ ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഉൾപ്പെടെയുള്ള ഥാർ AX, LX ലൈനപ്പിലെ മറ്റ് വകഭേദങ്ങൾക്ക് 1.30 ലക്ഷം രൂപ വരെയും ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.
ഫോർവീൽ ഡ്രൈവ് ഓപ്ഷൻ സ്റ്റാൻഡേർഡായി വരുന്ന ഥാർ 3-ഡോർ എർത്ത് എഡിഷൻ വാങ്ങാനിരിക്കുന്നവർക്ക് സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് ഈ മോഡലിന് ഇപ്പോൾ മൊത്തത്തിൽ 1.60 ലക്ഷം രൂപയാണ് ഓഫറിട്ടിരിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായ വേരിയന്റ് സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് ധാരാളം കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ഉണ്ട്.

3 ഡോർ ഥാറിൻ്റെ നാല് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ ഓഫറുകൾ കമ്പനി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ സംഭവം. നിലവിൽ മഹീന്ദ്ര ഥാർ 3-ഡോർ എസ്‌യുവി മിക്ക ഡീലർഷിപ്പുകളിലും ബുക്കിംഗ് പിരീഡ് ഒന്നുമില്ലാതെ ലഭ്യമാവുകയും ചെയ്യുമെന്നതിനാൽ വണ്ടി വാങ്ങാൻ ഇതൊരു മികച്ച അവസരം തന്നെയാണ്.
ഥാർ 2WD പെട്രോൾ, എൻട്രി ലെവൽ 2WD LX ഡീസൽ തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള വേരിയൻ്റുകൾക്ക് ചില സ്ഥലങ്ങളിൽ ഏകദേശം ഒരു മാസത്തെ കാത്തിരിപ്പ് കാലയളവാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. ആരും സ്വന്തമാക്കാൻ കൊതിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റിൽ ആദ്യത്തെ മോഡാലാവും മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയായ ഥാർ. 3-ഡോറിലും 5-ഡോറിലും വാങ്ങാനാവുന്ന വണ്ടിയിപ്പോൾ ശരിക്കും ഫാമിലി കാറാണ്.

ഏറ്റവും പുതിയ ഥാർ റോക്‌സ് പതിപ്പിനായുള്ള ഡെലിവറി ഒക്ടോബർ 12 മുതൽ ആരംഭിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ഒക്ടോബർ മൂന്നിന് രാവിലെ 11:00 മണിക്ക് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 1 മണിക്കൂറിനുള്ളിൽ ഥാർ റോക്‌സ് വാരിയത് 1,76,218 ബുക്കിംഗുകളാണ്. സെക്കൻഡിൽ 49 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിക്കുന്നതെന്ന് സാരം.
MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 12.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വിലയും. ഫീച്ചറുകളുടെ കാര്യമെടുത്താൽ എസ്‌യുവിയുടെ ബേസ് MX1 മോഡൽ വരെ കിടിലമാണ്.
6 എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെൻ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പവർ വിൻഡോ എന്നിവയെല്ലാം സ്റ്റാൻഡേർഡായി ലഭിക്കും. 2.2 ലിറ്റർ TGDi പെട്രോൾ, 2.0 ലിറ്റർ CRDi ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഥാർ റോക്‌സ് വരുന്നത്. 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഒപ്പമുണ്ട്.


Click it and Unblock the Notifications








