ജിംനിയുടെ സ്വാതന്ത്ര്യം ഓഗസ്റ്റ് 15-ന് തീരും, ഥാർ 5-ഡോറിന്റെ അവതരണം നമ്മുടെ കൊച്ചിയിൽ നടത്താൻ മഹീന്ദ്ര
ഇന്ത്യൻ വിപണി കൊതിയോടെ കാത്തിരിക്കുന്ന വണ്ടിയാണ് മഹീന്ദ്ര ഥാർ 5-ഡോർ. പണ്ടത്തെ കട്ടഓഫ്-റോഡറിൽ നിന്നും ലൈഫ്-സ്റ്റൈൽ വാഹനമായി മാറിയതോടെ നിരത്തുകൾ മുഴുവനും മഹീന്ദ്രയുടെ ഈ കിടിലൻ സ്പോർട് യൂട്ടിലിറ്റി മോഡലാൽ നിറഞ്ഞുവെന്ന് വേണം പറയാൻ. ഇന്നും ആരവം കെട്ടടങ്ങാതെ പലരുടേയും ഡ്രീം കാറുകളിലൊന്നായി ഥാർ ഇങ്ങനെ നിൽക്കുകയാണ്. പക്ഷേ നിലവിലെ കണ്ടീഷനിൽ ഒരു ഫാമിലി എസ്‌യുവിയായി വാങ്ങുന്നവർ ചിലപ്പോൾ നിരാശരായേക്കാം. മറ്റൊന്നുമല്ല, പിൻനിരയിലേക്ക് കയറാൻ പ്രത്യേകം വാതിലുകളൊന്നുമില്ല. മുന്നിലെ കോ-ഡ്രൈവർ സീറ്റ് മടക്കി വേണം അകത്ത് കയറാൻ. കുട്ടികൾക്ക് ഇതൊക്കെ നിസാരമായിരിക്കുമെങ്കിലും വസയാസവർക്കും അൽപം തടിയുള്ളവർക്കുമെല്ലാം ബാലികേറാ മലയായിരിക്കും.
അകത്ത് എങ്ങനെയെങ്കിലും കയറിപ്പറ്റിയാൽ പിൻസീറ്റ് യാത്രയും അത്ര സുഖപ്രദമായിരിക്കില്ല. ചെറിയ ദൂരങ്ങൾക്ക് ഇത് മതിയാവുമെങ്കിലും പ്രായോഗിക പ്രശ്‌നങ്ങൾ ഥാറിനുണ്ടായിരുന്നു. എന്നിട്ടും ചൂടപ്പം പോലെയാണ് എസ്‌യുവി വിറ്റഴിക്കുന്നത്. പടവെട്ടാനായി 5 ഡോറുകളുമായി സാക്ഷാൽ മാരുതി സുസുക്കി ജിംനി വരെ അവതരിച്ചെങ്കിലും ഇന്ത്യക്കാരുടെ മനസ് ഥാറിൽ ഉടക്കി നിൽക്കുകയാണ്. ഒടുക്കത്തെ റോഡ് പ്രസൻസും കിടിലൻ പെർഫോമൻസും തന്നെയാണ് അതിനുള്ള കാരണം.

എന്നാൽ കൂടുതൽ പ്രായോഗികമാക്കി ഒന്നുകൂടി എസ്‌യുവിയെ ജനകീയനാക്കാനുള്ള ശ്രമമാണ് ഥാർ 5-ഡോർ മോഡൽ. കുറേക്കാലമായി സംഗതി കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും യാഥാർഥ്യമായില്ലല്ലോയെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം 2024 ഓഗസ്റ്റ് 15-ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര നൽകും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനത്തിന്റെ പുത്തൻ 5-ഡോർ പതിപ്പ് സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ സ്വന്തം കേരളത്തിലാണ് കമ്പനി അവതരിപ്പിക്കുക.
മഹീന്ദ്ര ഥാറിന് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതിനാലാണ് ഥാറിന്റെ 5-ഡോർ മോഡലിന്റെ അവതരണം ഈ വേദിയിൽ നടത്താൻ കാരണമായിരിക്കുന്നതെന്ന് വേണം പറയാൻ. മാത്രമല്ല കമ്പനിയെ സംബന്ധിച്ച് ഇതൊരു ഭാഗ്യ ദിവസം കൂടിയാണ്. മുമ്പ് രണ്ടാംതലമുറ ഥാറും XUV700 എസ്‌യുവിയുമെല്ലാം ഇതേ തീയതിലാണ് അരങ്ങേറ്റം കുറിച്ച് വെന്നിക്കൊടി പാറിച്ചത്.

അതേ ട്രെൻഡ് തുടരാനാണ് മഹീന്ദ്രയുടെ അടുത്ത ശ്രമം. നിലവിൽ പുത്തൻ ഥാറിന്റെ അവസാനവട്ട പരീക്ഷണയോട്ട ഘട്ടത്തിലായിരുന്നു കമ്പനി. എന്തായാലും ഇനി ദിവങ്ങൾക്കുള്ളിൽ വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനാവും. അടുത്തിടെ വാഹനത്തിന്റെ ആദ്യ ചിത്രങ്ങളും ഓൺലൈനിലൂടെ പ്രചരിച്ചിരുന്നു. അടിസ്ഥാന രൂപം ഒന്നായിരിക്കുമെങ്കിലും ആദ്യ കാഴ്ച്ചയിൽ വേർതിരിച്ചറിയാനായി അങ്ങിങ്ങായി ചില പരിഷ്ക്കാരങ്ങളും കാണാൻ സാധിക്കും.
എക്സ്റ്റൻഡഡ് വീൽബേസും റിയർ സീറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അധിക ഡോറുകളുമായിരിക്കും മഹീന്ദ്ര ഥാർ 5-ഡോറിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങളിൽ ഉൾപ്പെടുന്നവ. മറ്റ് ഡിസൈൻ മാറ്റങ്ങളിൽ സി-മോട്ടിഫ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ഒരു മെറ്റൽ ടോപ്പ് ഓപ്ഷനുമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നിലവിലെ ഥാർ 3-ഡോർ പതിപ്പിന് കമ്പനി നൽകില്ല.

കൂടാതെ, പ്രീമിയം ഫീൽ ഒരുക്കുന്നതിനായി ഥാർ 5-ഡോറിന് ഡ്യുവൽ-ടോൺ അലോയ് വീലുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര സമ്മാനിക്കും. ഇത്തരം പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ വാഹനം 3-ഡോർ മോഡലിന് സമാനമായിരിക്കും. എക്സ്റ്റീരിയറിലേതു പോലെ തന്നെ ഇന്റീരിയറിലും മാറ്റങ്ങളുണ്ടാവും. ഥാർ 5-ഡോർ പതിപ്പിന് ബീജ് അപ്‌ഹോൾസ്റ്ററിയും അകത്ത് ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകളും ബ്രാൻഡ് ഒരുക്കുമെന്ന് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ (ഒന്ന് ഇൻഫോടെയ്ൻമെൻ്റിനും മറ്റൊന്ന് ഇൻസ്ട്രുമെൻ്റേഷനും) ലഭിക്കുമെന്നാണ് വിവരം. ഇനി സേഫ്റ്റിയിലേക്ക് നോക്കിയാൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗിന് പുറമെ 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ ഉൾപ്പെടാനും സാധ്യതയുണ്ട്.
നിലവിലെ 3-ഡോർ മോഡലിൻ്റെ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മഹീന്ദ്ര പുതിയ 5-ഡോർ മോഡലും വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. പക്ഷേ അധിക പെർഫോമൻസിനായി റീട്യൂൺ ചെയ്യാനും സാധ്യതയുണ്ട്. ഗിയർബോക്‌സ് സംവിധാനങ്ങളും സമാനമായിരിക്കും. അതായത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വാഹനം എത്തുമെന്ന് സാരം.
റിയർ-വീൽ-ഡ്രൈവ് (RWD), ഫോർ വീൽ ഡ്രൈവ് (4WD) കോൺഫിഗറേഷനുകളും ഏറ്റവും പുതിയ 5-ഡോർ പതിപ്പ് ഓഫർ ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മഹീന്ദ്ര ഥാറിന്റെ ഈ മോഡൽ ഓഗസ്റ്റ് 15-ലെ അരങ്ങേറ്റത്തിന് ശേഷം ഉത്സവ സീസണോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില ഏകദേശം 15 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട്. ഫോഴ്‌സ് ഗൂർഖ, മാരുതി സുസുക്കി ജിംനി പോലുള്ള പഴയകാല എതിരാളികളോട് തന്നെയായിരിക്കും കക്ഷിയുടെ തുടർന്നുള്ള മത്സരവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








