16 കി.മീ. മൈലേജ് കിട്ടിയവരുണ്ട്, അപ്പോൾ കാരണം അന്വേഷിക്കേണ്ട! ഥാർ ഡീസലിന്റെ വിൽപ്പനയിൽ കണ്ണുതള്ളി മഹീന്ദ്ര
ഓഫ്-റോഡർമാർക്കിടയിൽ ഏറെ ഫാൻസുണ്ടായിരുന്ന മോഡലായിരുന്നു ആദ്യതലമുറ മഹീന്ദ്ര ഥാർ (Mahindra Thar). യാത്രാ സുഖവും ഫീച്ചേഴ്‌സുകളും ഒന്നും തന്നെയില്ലായിരുന്നുവെങ്കിലും ഗരാജിലെ ഫാൻസി കാറായി കൊണ്ടുനടക്കാൻ പലർക്കും ഇഷ്‌ടമായിരുന്നു. പിന്നെ ഓഫ്-റോഡുകളിൽ കാഴ്ച്ചവെക്കുന്ന മിന്നും പ്രകടനവും ആളെക്കൂട്ടി. എന്നാൽ ഇത്രയും പണം മുടക്കി ഫാമിലി ആവശ്യങ്ങൾക്കായി വാങ്ങാൻ ആരും തന്നെ തുനിഞ്ഞിരുന്നില്ല. പക്ഷേ വർഷങ്ങളോളം പരീക്ഷിച്ച് ഥാറിനെ അടിമുടി വാർത്തെടുക്കാൻ മഹീന്ദ്ര കാണിച്ച ധൈര്യം കയറിയങ്ങ് കൊളുത്തി. 2020-ൽ വന്ന രണ്ടാംതലമുറ മോഡൽ വിപണിയെ ആകെ പിടിച്ചു കുലുക്കുകയായിരുന്നു.
വെറും ഓഫ്-റോഡർ എന്ന നിലയിൽ നിന്നും ഫാമിലി എസ്‌യുവിയായി ഥാർ മാറിയത് വളരെ വേഗമായിരുന്നു. ഡിസൈനിലെ റാങ്‌ലർ ലുക്കും ഫീച്ചറുകളിലെ ധാരാളിത്തവും പെർഫോമൻസും എല്ലാംകൂടിയായപ്പോൾ ഏവരുടേയും ഡ്രീം കാറായി മഹീന്ദ്രയുടെ ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനം മാറുകയുണ്ടായി. ഇന്ന് പലരും സ്വപ്‌നം കാണുന്ന എസ്‌യുവി ഇതാണ്. വെല്ലുവിളിക്കാൻ കൊട്ടിഘോഷിച്ച് എത്തിയ മാരുതി ജിംനി വരെ തകർന്നുവീണപ്പോൾ ഥാറിന്റെ വിൽപ്പന കുതിച്ചുയരുകയാണ്.

മെയ് മാസത്തിലെ ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ കമ്പനി പുറത്തുവിട്ടതോടെ ഉപഭോക്തൃ മുൻഗണനകളിലെ പ്രധാന പ്രവണതകളും മാറ്റങ്ങളും കൂടി വെളിപ്പെട്ടിരിക്കുകയാണ്. പോയ മാസത്തിൽ മഹീന്ദ്ര ഥാറിൻ്റെ ഡീസൽ വേരിയൻ്റുകൾ എസ്‌യുവിയുടെ പെട്രോൾ പതിപ്പുകളെ 10 മടങ്ങ് അധികം വിൽപ്പനയാണ് പിടിച്ചത്. മോഡലിന്റെ മൊത്തം വിൽപ്പന 5,750 യൂണിറ്റുകളായിരുന്നു.
ഇതിൽ ഥാറിന്റെ പെട്രോൾ പതിപ്പുകൾ വാങ്ങാൻ 543 പേരെത്തിയപ്പോൾ ഡീസൽ എസ്‌യുവി സ്വന്തമാക്കാൻ ഷോറൂമിലെത്തിയത് 5,207 യൂണിറ്റുകളായിരുന്നു. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ മഹീന്ദ്ര ഥാറിൻ്റെ പെട്രോൾ വകഭേദങ്ങൾ 3,190 യൂണിറ്റുകളും ഡീസൽ മോഡലുകൾ 1,106 യൂണിറ്റുകളുമായിരുന്നു കമ്പനി വിറ്റഴിച്ചിരുന്നത്. ഒറ്റ വർഷംകൊണ്ട് ട്രെൻഡിൽ ഇത്രയും വലിയ മാറ്റം സംഭവിച്ചത് കമ്പനി വരെ ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്.

ഡീസൽ കാറുകൾക്ക് ഭാവിയില്ലെന്ന് പറയുന്നിടത്ത് ഥാർ നേടുന്ന വിൽപ്പന അധികാരികളിലേക്ക് കൂടിയെത്തിയാൽ കളറാവും. തുടക്കകാലത്ത് 4X4 പതിപ്പിൽ മാത്രം ലഭ്യമായിരുന്ന മഹീന്ദ്ര ഥാർ പിന്നീട് RWD മോഡലുകളിലും വാങ്ങാൻ കിട്ടും. ജിംനിക്കിട്ട് പണി കൊടുക്കാൻ ഇറക്കിയ റിയർവീൽ ഡ്രൈവ് പതിപ്പുകളാണ് ഇപ്പോൾ ഥാർ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും. ഓഫ്-റോഡിംഗിൽ താൽപ്പര്യമില്ലാതെ ഉപഭോക്താക്കൾക്കും RWD മോഡലുകളോടാണ് താത്പര്യം.
പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ RWD മോഡൽ വാങ്ങാനാവും. മറാസോ എംപിവിയിൽ നിന്നും കടമെടുത്ത D117 CRDe ഡീസലാണ് ഇതിൽ ആദ്യത്തേത്. ഇത് 117 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് എംസ്റ്റാലിയൻ 150 TGDI പെട്രോള്‍ എഞ്ചിനാണ് ഥാർ റിയർവീൽ ഡ്രൈവിന് തുടിപ്പേകുന്നത്. 150 bhp കരുത്തിൽ 320 Nm torque വരെ നൽകാനാണ് ഇത് ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ ലഭ്യമാകൂ. ലൈഫ്റ്റ്-സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയുടെ 4X4 മോഡലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും ഓപ്ഷണൽ 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളോട് കൂടിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ ഓപ്ഷനുമാണവ.
4X4 ഡീസൽ പതിപ്പിന് 130 bhp പവറിൽ പരമാവധി 300 Nm torque വരെ നൽകാനാവും. RWD വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി 4X4 പതിപ്പുകൾക്ക് ഒരു മാനുവൽ-ഷിഫ്റ്റ് 4x4 ട്രാൻസ്ഫർ കെയ്സും ലഭിക്കും. ഇപ്പോൾ ഥാറിന്റെ 5-ഡോർ മോഡൽ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. പ്രായോഗികമായ കുറവുകള്‍ നികത്തി ഓഫ്‌റോഡര്‍ എസ്‌യുവിയുടെ ലോംഗര്‍ വീല്‍ബേസ് പതിപ്പ് ഈ വര്‍ഷം വിപണിയിലെത്തിക്കും കമ്പനി.
പുതിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി മഹീന്ദ്ര ഥാര്‍ അര്‍മാഡ എന്ന പേരില്‍ വില്‍പ്പനക്കെത്തിക്കുമെന്ന് ശക്ത്മായ അഭ്യൂഹങ്ങളുണ്ട്. 3-ഡോര്‍ മോഡല്‍ പോലെ തന്നെ ഫീച്ചര്‍ റിച്ചായിരിക്കും 5 ഡോര്‍ പതിപ്പും. പേരിലേതു പോലെ ഡിസൈനിലും അല്ലറചില്ലറ മാറ്റങ്ങളെല്ലാം പ്രതീക്ഷിക്കാം. 2024 ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കുമെന്ന് മഹീന്ദ്ര നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും അവതരിപ്പിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അവസാനവട്ട പരീക്ഷണയോട്ടത്തിലാണ് ബ്രാൻഡ്.


Click it and Unblock the Notifications








