ജിംനിക്കും മാരുതിക്കും ശ്വാസം വീണു, കേട്ടാൽ ഞെട്ടുന്ന വിലയിൽ ഥാർ റോക്‌സ് 4X4; വില പ്രഖ്യാപിച്ച് മഹീന്ദ്ര
ഇന്ത്യയിൽ കോളിളക്കം സൃഷ്‌ടിച്ച ലോഞ്ചായിരുന്നു മഹീന്ദ്ര ഥാർ റോക്‌സിന്റേത് (Mahindra Thar Roxx). ഒന്നടങ്കം കാത്തിരിക്കുന്ന വാഹനത്തിലെ ഫീച്ചറുകളും 5-ഡോർ സംവിധാനവും കൂടെ താങ്ങാനാവുന്ന കിടിലൻ വിലയും കൂടിയയപ്പോൾ മഹീന്ദ്ര പോലും സ്വപ്‌നം കണ്ടിട്ടില്ലാത്ത വരവേൽപ്പാണ് രാജ്യമൊട്ടാകെ ലഭിച്ചത്. എതിരാളികളായ മാരുതി ജിംനിയുടേയും ഫോഴ്‌സ് ഗൂർഖയുടേയും അന്ത്യം കുറിക്കുന്നതായിരുന്നു പ്രാരംഭ വില. 12.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലെത്തുന്ന എസ്‌യുവി വാങ്ങാൻ ആളുകളെല്ലാം ഇപ്പോഴും കൂട്ടത്തോടെ ഷോറൂമിലേക്ക് ഒഴുകുകയാണ്. എന്നാൽ 4X2 മോഡലുകളുടെ വില മാത്രമായിരുന്നു മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നത്.
ഇപ്പോഴിതാ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മഹീന്ദ്ര ഥാർ റോക്‌സ് 4X4 മോഡലുകളുടെ വിലയും പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 4x4 കോൺഫിഗറേഷൻ ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂവെന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട കാര്യം. പെട്രോൾ വേരിയന്റുകൾക്ക് 4x2 സജ്ജീകരണം മാത്രമേ ലഭിക്കൂവെന്നത് ചിലരേയെങ്കിലും നിരാശപ്പെടുത്തിയേക്കാം.

18.79 ലക്ഷം മുതൽ 22.49 ലക്ഷം വരെയാണ് മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോറിന്റെ 4x4 വേരിയൻ്റുകൾക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മിഡ്-സ്പെക്ക് MX5 ട്രിം മുതലാണ് ഫോർവീൽ ഡ്രൈവ് സംവിധാനം ആരംഭിക്കുന്നതും. ടൂ-വീൽ ഡ്രൈവ് പതിപ്പിനെ അപേക്ഷിച്ച്, MX5 4X4 വേരിയൻ്റിന് ഏകദേശം 1.80 ലക്ഷം വില കൂടുതലാണ്. അതേസമയം ടോപ്പ്-സ്പെക്ക് AX7L 4X4 ട്രിമ്മിന് അതിന്റെ 2WD പതിപ്പിനേക്കാൾ 1.5 ലക്ഷം രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക.
മഹീന്ദ്ര ഥാർ റോക്‌സിനായുള്ള ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ മൂന്നിനാണ് ആരംഭിക്കുക. ഓൺലൈനായും ഡീലർഷിപ്പുകളിലും ആളുകൾക്ക് വാഹനം ബുക്ക് ചെയ്യാൻ അവസരമുണ്ട്. 2024 ഒക്ടോബർ 12-ന് ദസറയുടെ അവസരത്തിൽ ഈ എസ്‌യുവിയുടെ ഡെലിവറിയും ആരംഭിക്കും. 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിലാണ് ഥാർ 5-ഡോർ 4X4 വാഗ്ദാനം ചെയ്യുന്നത്. 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5-ഡോർ എസ്‌യുവിക്ക് മഹീന്ദ്രയുടെ '4XPLOR സിസ്റ്റം' ലഭിക്കുന്നുണ്ടെന്നതും പ്രത്യേകം എടുത്തു പറയേണ്ട സവിശേഷതയാണ്. അതിൽ ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ, സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സംവിധാനം. 650 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയാണ് മറ്റൊരു ആകർഷണം.
കോമ്പസ്, റോൾ ആൻഡ് പിച്ച്, ആൾട്ടിമീറ്റർ ഉൾപ്പെടെയുള്ള ലൈവ് ഓഫ്-റോഡ് പെർഫോമൻസ് മെട്രിക്‌സ് നൽകുന്ന അഡ്വഞ്ചർ സ്റ്റാറ്റിക്‌സും ഡിസ്‌പ്ലേയിൽ തെളിയും. സിപ്പ്, സൂം എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും കൂടിയാവുമ്പോൾ മഹീന്ദ്ര ഥാർ 5-ഡോറിന്റെ കാര്യക്ഷമത ഇരട്ടിയാവുന്നു. കൂടാതെ എസ്‌യുവിയിൽ ക്രാൾസ്മാർട്ട് എന്നൊരു ഫീച്ചറും കൊടുത്തിട്ടുണ്ട്. അത് ആക്‌സിലറേറ്റർ പെഡലിൽ കാലുകൾ വയ്ക്കാതെ തന്നെ കുറഞ്ഞ വേഗത നിലനിർത്താൻ ഡ്രൈവറെ അനുവദിക്കുന്ന ഫീച്ചറാണ്.

ഒരു ഓഫ്-റോഡ് ക്രൂയിസ് കൺട്രോൾ സിസ്റ്റമാണിതെന്നും ലളിതമായി പറയാം. അതോടൊപ്പം മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോറിന് പുതിയ ഇൻ്റലിടേൺ (IntelliTurn) ഫീച്ചറും പൊലിമക്കായി കൊടുത്തിട്ടുണ്ട്. ഇടുങ്ങിയ ടേണിംഗ് റേഡിയസിനായി പിൻ വീലുകളിലൊന്ന് ലോക്ക് ചെയ്യുന്ന സെറ്റപ്പാണിത്. ഓഫ്-റോഡിംഗ് സാഹചര്യങ്ങളിൽ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമായ സംഗതിയാണ്.
സ്റ്റിയറിംഗ് ദിശയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫീച്ചർ 15 കിലോമീറ്ററിൽ താഴെ വേഗതയിൽ മാത്രമേ പ്രവർത്തിക്കൂ. കൂടാതെ 15 സെക്കൻഡ് വരെ മാത്രമേ ഇത് പ്രവർത്തനക്ഷമമാക്കാൻ കഴിയൂവെന്നും മഹീന്ദ്ര പറയുന്നുണ്ട്. ഡീസൽ എഞ്ചിൻ കൂടാതെ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ എഞ്ചിനിലും ഥാർ റോക്‌സ് ലഭ്യമാണ്. മാനുവൽ ഗിയർബോക്‌സിനൊപ്പം ഇത് 162 bhp പവറും 330 Nm ടോർക്കും വരെ ഉത്പാദിക്കും.
അതേസമയം ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക് യോഗ്യമാണ്. രണ്ട് എഞ്ചിനുകൾക്കും 6-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഓപ്ഷണൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ലഭിക്കും. ഇന്ത്യയിലെ ഓഫ്-റോഡർ എസ്‌യുവി വിഭാഗത്തിൽ ഫോഴ്‌സ് ഗൂർഖ 5-ഡോർ, മാരുതി ജിംനി എന്നിവയ്‌ക്കെതിരെയാണ് മഹീന്ദ്ര ഥാർ റോക്‌സ് നേരിട്ട് മുട്ടുന്നത്.


Click it and Unblock the Notifications








