ലിറ്ററിന് 10.82 കി.മീ മൈലേജ്? ഥാർ 5-ഡോറിന്റെ ഒറിജിനൽ ഇന്ധനക്ഷമത പുറത്തുവിട്ട് മഹീന്ദ്ര
മഹീന്ദ്ര ഥാർ റോക്‌സിന്റെ വരവ് ഇന്ത്യക്കാർ ആഘോഷമാക്കിയിരിക്കുകയാണ്. ഓഫ്-റോഡർ എസ്‌യുവികളിൽ ഇനി ഥാറിന് പകരക്കാരില്ലെന്ന് തന്നെയാണ് വണ്ടിഭ്രാന്തൻമാരായ ഫാൻസിന്റെ അഭിപ്രായം. 2 ഡോറുകൾ കൂട്ടിച്ചേർത്തു എന്നതിലുപരി വാഹനത്തിലെ സൗകര്യങ്ങളും ഫീച്ചറുകളുമെല്ലാം ക്ലിക്കായിട്ടുണ്ട്. അതും കൊടുക്കുന്ന വില ഗംഭീരമായപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഇനി നിന്നു തിരിയാൻ സമയമുണ്ടാവില്ല. 12.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലെത്തുന്ന എസ്‌യുവി വാങ്ങാൻ ഇനി ഷോറൂമുകളിൽ വമ്പൻ തിരക്കായിരിക്കാം. പക്ഷേ എല്ലാം കൊള്ളാമെങ്കിലും ഒരു വണ്ടി വാങ്ങുമ്പോൾ ഇന്ത്യക്കാർ തേടുന്നത് മൈലേജാവും.
സേഫ്റ്റിയും നോക്കുമെങ്കിലും കൂടുതൽ ആളുകളും ഇപ്പോഴും മൈലേജിനെ കുറിച്ച് അന്വേഷിക്കുന്നവരായിരിക്കും. 5-ഡോർ ഥാർ റോക്‌സിൻ്റെ സാക്ഷ്യപ്പെടുത്തിയ മൈലേജാണ് ഏറ്റവും കൂടുതൽ ആളുകൾ ഇതുവരെ തിരഞ്ഞ ചോദ്യങ്ങളിലൊന്ന്. ദേ അത്തരക്കാർക്കായി മഹീന്ദ്ര ഥാർ റോക്‌സിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.

2.2 ലിറ്റർ TGDi പെട്രോൾ, 2.0 ലിറ്റർ CRDi ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടും ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നതും. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയപ്പെടുന്നുണ്ട്. എന്നാൽ 4x2 രൂപത്തിൽ റോഡിലെ യഥാർഥ സാഹചര്യങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഇന്ധനക്ഷമതയിലെ ഈ കണക്കുകൾ കിട്ടിയേക്കണമെന്നില്ല. 4×2 ഡ്രൈവ് ഓപ്ഷനിൽ വരുന്ന ഡീസൽ ഓട്ടോമാറ്റിക് പതിപ്പിന് സിറ്റിയിലും ഹൈവേയിലും യഥാക്രമം 10.82 കി.മീ. 15.44 കി.മീ എന്നിങ്ങനെയാണ് ലഭിച്ചതെന്നും പറയപ്പെടുന്നുണ്ട്.

ഈ കണക്കുകൾ ഇത്രയും വലിയൊരു വാഹനത്തിന് മോശമാണോ അതോ മികച്ചതാണോയെന്ന് വരും ദിവസങ്ങളിൽ തീരുമാനമാവും. അതേസമയം വിപണിയിലെ എതിരാളിയായ മാരുതി സുസുക്കി ജിംനിക്ക് 16.39 കിലോമീറ്റർ മുതൽ 16.94 കിലോമീറ്റർ വരെയാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്ന മൈലേജ്. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ ഥാർ റോക്‌സ് ലഭ്യമാണ്.
വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ MX1 പെട്രോൾ മാനുവലിന് 12.99 ലക്ഷം, MX3 ഓട്ടോമാറ്റിക് പെട്രോളിന് 14.99 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഡീസലിലേക്ക് വന്നാൽ MX1 പതിപ്പിന് 13.99 ലക്ഷം, MX3 മാനുവലിന് 15.99 ലക്ഷം, AX3L മാനുവലിന് 16.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. മഹീന്ദ്ര RWD ടോപ്പ് എൻഡ് MX5 ഓട്ടോമാറ്റിക്കിന് 18.99 ലക്ഷം AX7L മാനുവലിന് 18.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

പുതിയ മഹീന്ദ്ര ഥാർ റോക്‌സിനായുള്ള ഔദ്യോഗിക ബുക്കിംഗ് ഒക്ടോബർ മൂന്നിന് ആരംഭിക്കും. അതേസമയം ഡെലിവറി ഒക്ടോബർ 12-ന് തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യമെടുത്താൽ ബേസ് MX1 മോഡലിന് പോലും 6 എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെൻ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പവർ വിൻഡോകൾ പോലുള്ള അടിസ്ഥാന സംവിധാനങ്ങളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.
കീലെസ് ഗോ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ. പവർഡ് ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS), ഓട്ടോ ഹെഡ്‌ലാമ്പും വൈപ്പറുകളും, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളാണ് ടോപ്പ് വേരിയൻ്റിലുള്ളത്.
കൂടുതൽ രസകരമാക്കാൻ എല്ലാ AX സീരീസ് മോഡലുകൾക്കും ലെവൽ 2 ADAS, കണക്റ്റഡ് കാർ സാങ്കേതികവിദ്യയും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുമുണ്ട്. ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കുന്നതിനായി ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ്ങിനൊപ്പം ഡബിൾ വിഷ്‌ബോൺ ഫ്രണ്ട്, പെൻ്റ ലിങ്ക് റിയർ സസ്‌പെൻഷൻ എന്നിവ പോലുള്ള ഫീച്ചറുകളോടെയാണ് ഥാർ റോക്‌സ് ഒരുക്കിയിരിക്കുന്നതെന്നും മഹീന്ദ്ര പറയുന്നു.


Click it and Unblock the Notifications








