ഇതൊക്കെ കണ്ടാൽ ആരായാലും വാങ്ങിപ്പോവും, ഥാർ 5-ഡോറിന്റെ ഫീച്ചറുകൾ എണ്ണിപ്പറഞ്ഞ് പുതിയ വീഡിയോ
ലൈഫ് സ്റ്റൈൽ എസ്‌യുവി സെഗ്മെന്റിന് പുതിയമാനങ്ങൾ സമ്മാനിക്കാനായി എത്തുകയാണ് മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോർ. ശരിക്കും ഫാമിലിമാനായി വിലസാനാണ് ഇനി കക്ഷിയുടെ പദ്ധതി. നിലവിൽ അത്ര പ്രായോഗികമല്ലാഞ്ഞിട്ടും 3-ഡോർ മോഡൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. അപ്പോൾ പുത്തൻ വേരിയന്റിന്റെ വരവ് എന്തായാലും സീൻ കൊഴുപ്പിക്കുമെന്നതിൽ തർക്കമൊന്നുമില്ല. 2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്ന ഥാർ 5-ഡോർ പതിപ്പിന്റെ വരവിനായി കാത്തിരിക്കുകയാണ് രാജ്യം. ഇതിന് മുന്നോടിയായി എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോകൾ പുറത്തുവിട്ട് ഹൈപ്പുയർത്തുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
ഇപ്പോഴിതാ എസ്‌യുവിക്കകത്തെ ഫീച്ചറുകൾ എന്തൊക്കെയാവുമെന്ന് പറഞ്ഞുവെക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ടീസറാണ് സോഷ്യൽ മീഡിയയിലെ താരം. ആകാംക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോറിൽ ഹൈ-ടെക് ഫീച്ചറുകളുടെ വലിയൊരു നിര തന്നെയാണ് കമ്പനി ഒരുക്കുന്നത്. യാത്രകൾ ആഡംബര പൂർണമാക്കാനായി റോക്‌സിൽ അവതരിപ്പിക്കുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കിയാലോ?

പുതിയ ടീസറിലെ ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ് പൂർണമായും ഡിജിറ്റലായി ഒരുക്കിയിരിക്കുന്ന ഡ്രൈവർ ഡിസ്‌പ്ലേ. ഈ നൂതന ഡിജിറ്റൽ ക്ലസ്റ്റർ ധാരാളം വിവരങ്ങളാണ് പ്രദർശിപ്പിക്കുന്നത്. എല്ലാ അവശ്യ ഡാറ്റയും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ഇതുറപ്പാക്കുന്നു. കസ്റ്റമൈസ് ചെയ്യാനുവ്വ കാഴ്‌ചകളും അവബോധജന്യമായ കൺട്രോളുകളും വാഗ്ദാനം ചെയ്‌ത് മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താൻ സുഗമവും ആധുനികവുമായ ഇൻ്റർഫേസാവും ഇതിലുണ്ടാവുക.
സ്‌മാർട്ട്‌ഫോൺ, നാവിഗേഷൻ, വിവിധ മൾട്ടിമീഡിയ ഓപ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പം തടസങ്ങളില്ലാത്ത കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് മഹീന്ദ്ര ഥാർ റോക്‌സിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. യൂസർ-ഫ്രണ്ട്ലി ഇൻ്റർഫേസും റെസ്‌പോൺസീവ് ടച്ച് കൺട്രോളുകളും ഈ ഫീച്ചറിനെ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ പ്രിയങ്കരമാക്കാൻ സാധ്യതയുണ്ട്.

സംഗീത പ്രേമികൾക്കായി ഥാർ റോക്‌സിൽ ഹർമൻ കാർഡൺ മ്യൂസിക് സിസ്റ്റമാണ് മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. അസാധാരണമായ ഓഡിയോ നിലവാരത്തിന് പേരുകേട്ട ഹർമൻ കാർഡൺ സിസ്റ്റം യാത്രകളെ വേറെ ലെവലാക്കും. ഒരു നീണ്ട റോഡ് ട്രിപ്പായാലും കനത്ത ട്രാഫിക്കുള്ള സിറ്റി യാത്രകളിലായാലും ഈ പ്രീമിയം ഓഡിയോ സിസ്റ്റം ഒരേപോലെ മികവോടെ പ്രവർത്തിക്കും.
എസ്‌യുവിയുടെ അകത്തളം ആഡംബരപൂർണമാക്കുന്നതിനായി സോഫ്റ്റ് ലെതർ ഡാഷ്‌ബോർഡ് ഡിസൈനാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഇത് അഴക് വർധിപ്പിക്കുക മാത്രമല്ല, ക്യാബിനിന് സമൃദ്ധവും പരിഷ്കൃതവുമായ അനുഭവവും നൽകാൻ സഹായിക്കുന്ന കാര്യമാണ്. ഡാഷ്‌ബോർഡിൽ ഉപയോഗിച്ചിരിക്കുന്ന ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ഉയർന്ന തലത്തിലുള്ള ഡ്രൈവിംഗ് അനുഭവം നൽകാനുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയുടെ തെളിവാണ്.

ടീസർ വീഡിയോ വരുന്നതിനു മുമ്പേ കമ്പനി വെളിപ്പെടുത്തിയ ഫീച്ചറായിരുന്നു പനോരമിക് സൺറൂഫ്. ആകാശക്കാഴ്ച്ചകൾ കണ്ട് യാത്ര ചെയ്യാനാവുന്ന ഈ മോഡേൺ ടെക്നോളജി മഹീന്ദ്ര ഥാർ 5-ഡോറിന്റെ ഏറ്റവും വലിയ ഹൈലൈറ്റായിരിക്കും. എന്നാൽ എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിലാവും സവിശേഷത ലഭ്യമാവുക. ലോവർ വേരിയന്റുകളിൽ സിംഗിൾ-പാൻ സൺറൂഫായിരിക്കും ഇടംപിടിക്കുക.
മഹീന്ദ്ര ഥാർ റോക്‌സിൽ കംഫർട്ട് ഒരു പ്രധാന മുൻഗണനയായതിനാൽ തന്നെ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ചൂടുള്ള സമയത്തും യാത്രക്കാർക്ക് തണുപ്പും സുഖവും നൽകുന്ന തരത്തിലാണ് ഈ സീറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വായുസഞ്ചാരം കാര്യക്ഷമമായി പ്രചരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ദീർഘദൂര യാത്രകളിലെ അസ്വസ്ഥതകൾ തടയുകയും സീറ്റിംഗിന് ലക്ഷ്വറി ടച്ച് നൽകാനും ഈ നീക്കം സഹായിക്കും.
ഹിൽ ഹോൾഡ് കൺട്രോൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ഥാറിന്റെ 5-ഡോർ പതിപ്പിലുണ്ടാവും. ആയതിനാൽ ഥാർ റോക്‌സ് ഒരുപക്ഷേ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്‌സ് സിസ്റ്റത്തോടൊപ്പം (ADAS) വന്നാലും ഞെട്ടാനില്ല. 1.5 ഡീസൽ, 2.2 ഡീസൽ, 2.0 പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാവും 5-ഡോർ മോഡലിന് തുടിപ്പേകാൻ എത്തുക. ട്രാൻസ്മിഷനായി മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനങ്ങളുമുണ്ടാവും. 4x4 സംവിധാനവും ഓഫറിൽ ഉണ്ടാകും.


Click it and Unblock the Notifications








