5-ഡോർ ഥാറിന്റെ ആദ്യ ഉടമയാവണോ? എസ്‌യുവി ലേലത്തിന് വെക്കാനൊരുങ്ങി മഹീന്ദ്ര; നിങ്ങൾക്കും പങ്കെടുക്കാം
എസ്‌യുവിയെന്ന് പറയുമ്പോഴേ ഇപ്പോൾ പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന മോഡലായിരിക്കും മഹീന്ദ്ര ഥാർ റോക്‌സ്. അടുത്തകാലത്ത് വിപണിയിൽ എത്തിയതിൽ ഇത്രയും ഹൈപ്പ് കിട്ടിയ മറ്റൊരു വാഹനം ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. കിടിലൻ വില നിർണയം കൂടിയായതോടെ മഹീന്ദ്ര പണംവാരുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ ഷോറൂമിൽ 5-ഡോർ ഥാർ ബുക്ക് ചെയ്യാൻ കൂട്ടയിടിയാണെന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഥാർ സ്വന്തമാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എന്നാൽ അതിനായി ഒരു അവസരം ഒരുക്കിയിരിക്കുകയാണ് നമ്മുടെ ഏവരുടേയും പ്രിയപ്പെട്ട വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
മറ്റൊന്നുമല്ല, പ്രൊഡക്ഷൻ ലൈനിൽ നിന്നും ആദ്യം നിർമിച്ച് പുറത്തിറക്കുന്ന മഹീന്ദ്ര ഥാർ റോക്‌സ് ലേലം ചെയ്യാനാണ് കമ്പനി തയാറെടുക്കുന്നത്. ഇതിനായുള്ള നീക്കങ്ങളും ഔദ്യോഗികമായി ബ്രാൻഡ് ആരംഭിച്ച് കഴിഞ്ഞു. VIN '0001' ഉള്ള ഥാർ 5-ഡോർ ആർക്കും ലേലം വിളിച്ചെടുക്കാം. ലേലത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ഒരു നല്ല ലക്ഷ്യത്തിലേക്ക് വകയിരുത്താനും മഹീന്ദ്രയിൽ നിന്നും തീരുമാനമെടുത്തിട്ടുണ്ട്. 2024 സെപ്റ്റംബർ 12-ന് ലേല രജിസ്ട്രേഷൻ ആരംഭിക്കും.
2020-ൽ മഹീന്ദ്ര ഥാർ 3-ഡോറിന്റെ ആദ്യത്തെ മോഡലും സമാനമായ രീതിയിൽ ലേലത്തിലൂടെ വിറ്റഴിച്ചിരുന്നു. അന്ന് 1.11 കോടി രൂപയുടെ ലേലത്തുകയിലാണ് വാഹനം വിറ്റഴിഞ്ഞത്. ഡൽഹിയിൽ നിന്നുള്ള ആകാശ് മിൻഡ എന്ന വ്യക്തിയാണ് LX പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റ് രാജകീയ തുകയ്ക്ക് സ്വന്തമാക്കിയത്. രാജ്യത്തെ 500 സ്ഥലങ്ങളിൽ നിന്നായി ഥാർ 3-ഡോറിനായി 5,500 ബിഡുകളാണ് അന്ന് ലഭിച്ചത്.
ഇത്തവണ ഥാർ റോക്‌സ് സ്വന്തമാക്കാൻ ഇതിലും ഇരട്ടി ആളുകൾ എത്തുമെന്നാണ് മഹീന്ദ്രയുടെ വിശ്വാസം. ഇതൊരു സാധാരണ മോഡലായിരിക്കില്ല എന്നതാണ് പ്രത്യേകത. ആദ്യത്തെ ഓണറിനെ പ്രത്യേകം തിരിച്ചറിയാൻ വാഹനത്തിന് VIN '0001' നമ്പരും എക്സ്റ്റീരിയറിൽ ആലേഖനം ചെയ്യും. നിലവിൽ മഹീന്ദ്ര ഥാർ 5-ഡോറിന് 12.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഥാർ റോക്‌സിന്റെ റിയർ-വീൽ ഡ്രൈവ് പതിപ്പുകളുടെ വിലയാണിത്. എസ്‌യുവിയുടെ ഓൾ-വീൽ ഡ്രൈവ് വേരിയന്റുകളുടെ വിലകൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 3-ഡോറുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മഹീന്ദ്ര ഥാർ റോക്‌സിന് നിരവധി നവീകരണങ്ങൾ ലഭിക്കുന്നുണ്ട്. എസ്‌യുവിക്ക് ഉപയോഗപ്രദമായ രണ്ടാം നിര സീറ്റുകളും പിന്നിലേക്ക് കയറാൻ അധിക ഡോറുകളും ലഭിക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഒപ്പം വലിയ ബൂട്ട് സ്പേസ്, എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, വലിപ്പമേറിയ വീൽബേസ് എന്നിവയെല്ലാം ഥാറിനെ കൂടുതൽ പ്രായോഗികമായ ഫാമിലി എസ്‌യുവിയാക്കി മാറ്റി. സ്റ്റെൽത്ത് ബ്ലാക്ക്, ബേൺഡ് സിയന്ന, ഡീപ് ഫോറസ്റ്റ്, ബാറ്റിൽഷിപ്പ് ഗ്രേ, നെബുല ബ്ലൂ, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ് എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളും വണ്ടിയെ കളറാക്കാനായി എത്തിയിട്ടുണ്ട്.

ടോപ്പ് വേരിയന്റുകളിൽ വൈറ്റ് കളറിലുള്ള ഇന്റീരിയറാണ് ഒരുക്കിയിരിക്കുന്നതും. ഓഫ്-റോഡ് എസ്‌യുവിയാണെങ്കിലും പരുക്കൻ സ്വഭാവത്തിന് വിരുദ്ധമായി സുഖസൗകര്യങ്ങൾക്ക് മുൻഗണന കൊടുത്താണ് അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും യാത്രകൾക്ക് ആഡംബരമേകും.
വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 9 സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും മഹീന്ദ്ര ഥാർ റോക്‌സ് സമ്പന്നമാണ്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയുടെ ഹൃദയം. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും യഥേഷ്ടം തെരഞ്ഞെടുക്കാം.
5-ഡോർ എസ്‌യുവിയുടെ ഡീസൽ വേരിയൻ്റുകളിൽ മാത്രമാണ് മഹീന്ദ്ര 4x4 ഓഫർ ചെയ്യുന്നത്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചകളൊന്നും മഹീന്ദ്ര വരുത്തിയിട്ടില്ല. ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനായി പുതിയ ഥാർ റോക്‌സ് ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ ഥാർ റോക്‌സിനായുള്ള ബുക്കിംഗ് ഒക്ടോബർ മൂന്നിന് ആരംഭിക്കും. ദസറയോട് അനുബന്ധിച്ച് ഒക്ടോബർ 12-ന് ഡെലിവറികൾ ആരംഭിക്കാനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ തീരുമാനം. അതേസമയം ഉപഭോക്താക്കൾക്കുള്ള ടെസ്റ്റ് ഡ്രൈവുകൾ സെപ്റ്റംബർ 14 മുതൽ തുടങ്ങുകയും ചെയ്യും. എസ്‌യുവി ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ എത്തിയിട്ടുണ്ട്. സെഗ്മെന്റിൽ മാരുതി ജിംനി, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ വമ്പൻമാരുമായാണ് 5-ഡോർ ഥാറിന്റെ മത്സരം.


Click it and Unblock the Notifications








