ദാ കാണ് അവതാരപ്പിറവിയുടെ മൂർത്തീഭാവം, എതിരാളികളുടെ ചങ്ക് കീറാൻ നരസിംഹമായി ഥാർ റോക്‌സ്
ഇന്ത്യക്കാർ ഒന്നടങ്കം കാത്തിരിക്കുന്ന വാഹനം ഏതെന്ന് ചോദിച്ചാൽ മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോർ എന്നതാവും അതിനുള്ള ഉത്തരം. 3-ഡോർ പതിപ്പിന് കിട്ടിയ സ്വീകാര്യത തന്നെ എടുത്താൽ ഫാമിലി കാറായി വരുന്ന എസ്‌യുവിയുടെ കാര്യം പിന്നെ പറയാനുണ്ടോ? പക്കാ ഓഫ്-റോഡറിൽ നിന്നും ലൈഫ് സ്റ്റൈൽ വാഹനമായി മാറിയതോടെയാണ് ഥാറിന്റെ തലവര തെളിഞ്ഞത്. ഇനി പിന്നിലേക്ക് ആളെക്കൂടി എളുപ്പത്തിൽ കയറ്റാൻ സാധിക്കുന്നതോടെ വണ്ടി കിടുവാകും. ഥാര്‍ റോക്‌സിലേക്ക് കൂടുതല്‍ പേരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹീന്ദ്ര പുത്തന്‍ ടീസറുകള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് ഹൈപ്പ് ഏറ്റുകയാണ്.
ഇപ്പോഴിതാ വരാനിരിക്കുന്ന ഥാർ റോക്‌സിന്റെ പൂർണ രൂപം ഔദ്യോഗിക ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കിടിലൻ അഴകിൽ ഒരുക്കിയ എസ്‌യുവി കണ്ടാൽ ആരായാലും ഒന്ന് മോഹിക്കുമെന്ന് കരുതാം. 2024 ഓഗസ്റ്റ് 15-ന് ഔദ്യോഗിക അവതരണത്തിന് മുന്നോടിയായാണ് മോഡലിന്റെ രൂപം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. 3-ഡോറിന്റെ ആകാരമാണ് മൊത്തത്തിൽ സ്വീകരിച്ചിരിക്കുന്നതെങ്കിലും ആദ്യ കാഴ്ച്ചയിൽ വേറിട്ടു നിർത്തുന്ന ഘടകങ്ങളും 5-ഡോറിൽ കാണാം.

പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലൈറ്റുകൾ, അലോയ് ഡിസൈൻ എന്നിവയെല്ലാം ഥാർ റോക്‌സിനെ സവിശേഷമാക്കുന്നുണ്ട്. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് ഔദ്യോഗിക ചിത്രങ്ങളിൽ കാണാനാവുന്നത്. മുന്നിലേയും പിന്നിലേയും വീലുകൾക്കിടയിൽ ഇടംപിടിച്ചിരിക്കുന്ന സൈഡ് സ്റ്റെപ്പിലെ സിൽവർ അലങ്കാരവും മനോഹരമായി തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. കാറ്റ് മിൽ പോലെയുള്ള അലോയ് ഡിസൈൻ ഥാർ റോക്‌സിനെ വേറിട്ടുനിർത്തും.
ഥാർ റോക്‌സ് എസ്‌യുവിയുടെ പിന്നിലെ ക്വാർട്ടർ ഗ്ലാസ് ഇപ്പോൾ ത്രികോണാകൃതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. അതേസമയം വീൽ ആർച്ചുകൾ ഥാറിനെ അപേക്ഷിച്ച് കൂടുതൽ ചതുരാകൃതിയിലാണ്. പുതുക്കിയ ഗ്രില്ലിന് ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകളിൽ C-ആകൃതിയിലുള്ള ഡിആർഎല്ലുകളും അഴകേകാനായി വന്നെത്തിയിട്ടുണ്ട്. ബമ്പറിൻ്റെ ഇരുവശത്തും ഫോഗ് ലാമ്പുളും കാണാം.

കരുത്തുറ്റ ഒരു ഓഫ്-റോഡ് വാഹനമായി ഇനിയും മുമ്പോട്ട് പോവുമെങ്കിലും മഹീന്ദ്ര ഥാർ റോക്‌സ് കൂടുതലായും ഒരു ഫാമാലി എസ്‌യുവിയായിട്ടാവും അറിയപ്പെടുക. നിലവിലെ ഥാർ 3-ഡോറിനേക്കാൾ ഫീച്ചർ റിച്ചായിരിക്കും വരാനിരിക്കുന്ന 5-ഡോർ. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു പനോരമിക് സൺറൂഫ്, ലെവൽ 2 ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഒരു വലിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ എന്നിവയെല്ലാം വലിയേട്ടനിൽ ഒരുക്കിയിട്ടുണ്ട്.
പൂർണമായും ഡിജിറ്റലായി ഒരുക്കിയിരിക്കുന്ന ഡ്രൈവർ ഡിസ്‌പ്ലേ, സ്‌മാർട്ട്‌ഫോൺ, നാവിഗേഷൻ, വിവിധ മൾട്ടിമീഡിയ ഓപ്‌ഷനുകൾ, ഹർമൻ കാർഡൺ മ്യൂസിക് സിസ്റ്റം, സോഫ്റ്റ് ലെതർ ഡാഷ്‌ബോർഡ്, ഹിൽ ഹോൾഡ് കൺട്രോൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നീ ആധുനിക ഫീച്ചറുകളാലും ഥാറിന്റെ 5-ഡോർ പതിപ്പ് സമ്പന്നമായിരിക്കുമെന്നതാണ് ഹൈലൈറ്റ്. സ്കോർപിയോ N എസ്‌യുവിയുടെ 3G പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞതായി പറയപ്പെടുന്ന പുതുതായി രൂപകൽപ്പന ചെയ്ത 4G പ്ലാറ്റ്‌ഫോമിലാണ് ഥാർ റോക്‌സ് നിർമിക്കുന്നത്.

ഇത് കമ്പനിയുടെ 3G പ്ലാറ്റ്‌ഫോമിനേക്കാൾ 40 കിലോ ഭാരം കുറഞ്ഞതായിരിക്കുമെന്നതിനാൽ പെർഫോമൻസിലും കാര്യമായ വ്യത്യസമുണ്ടാവും. ഫ്രീക്വൻസി ഡിപെൻഡൻ്റ് ഡാംപിംഗ് സാങ്കേതികവിദ്യ ഫീച്ചർ ചെയ്യുന്ന മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷൻ പോലെയുള്ള കൂടുതൽ ഘടകങ്ങൾ സ്കോർപിയോ N മോഡലുമായി മഹീന്ദ്ര ഥാർ 5-ഡോർ പങ്കിടും. ഇലക്ട്രോണിക് ബ്രേക്ക് ലോക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ മോഡുകൾ, പരമ്പരാഗത 4X4 ലിവർ എന്നിവയാണ് 5-ഡോറിൽ ഒരുക്കിയിട്ടുള്ള ഓഫ്-റോഡ് ഫീച്ചറുകൾ.
XUV700, സ്കോർപിയോ-N തുടങ്ങിയ മോഡലുകൾക്ക് തുടിപ്പേകുന്ന അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ജെൻ2 ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും എസ്‌യുവിക്കുണ്ടാവുക. എന്നാൽ വ്യത്യസ്‌തമായ ട്യൂണിംഗിലാവും ഥാർ റോക്സിനെ വിപണിയിലെത്തിക്കുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയായിരിക്കും തെരഞ്ഞെടുക്കാനാവുക. RWD, 4X4 പതിപ്പുകളും ഥാർ 5-ഡോറിനുണ്ടാവും.
നിലവിലുള്ള 3-ഡോർ മോഡലുകളേക്കാൾ വില അൽപ്പം കൂടുതലായിരിക്കും വരാനിരിക്കുന്ന മഹീന്ദ്ര ഥാർ റോക്സ് 5-ഡോറിനുണ്ടാവുക. ലോഞ്ച് ചെയ്യുമ്പോൾ ലൈഫ് സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവികളിൽ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ എന്നിവയോടാവും മഹീന്ദ്രയുടെ തുടർന്നുള്ള മത്സരവും. ഥാര്‍ റോക്‌സിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സ്ഥിരമായി സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








