12.99 ലക്ഷത്തിന്റെ ബേസ് മോഡൽ വാങ്ങിയാലും നഷ്‌ടമില്ല, ഥാർ 5-ഡോറിന്റെ വേരിയന്റും ഫീച്ചറുകളും നോക്കിവെച്ചോ
ഇന്ത്യൻ വിപണിയിൽ ആരവം തീർത്തുകൊണ്ട് കളത്തിലേക്ക് എത്തിയിരിക്കുകയാണ് മഹീന്ദ്ര ഥാർ റോക്‌സ് (Mahindra Thar Roxx). പ്രധാന എതിരാളികളായ മാരുതി ജിംനിയും ഫോഴ്‌സ് ഗൂർഖയും പോലും കിട്ടാത്ത വിലയിലാണ് പ്രായോഗികമായ ഥാർ 5-ഡോർ അവതരിപ്പിച്ചിരിക്കുന്നത്. കളമറിഞ്ഞ് കളിക്കാൻ ഇപ്പോൾ മാരുതിയേക്കാൾ കേമൻ മഹീന്ദ്രയാണെന്ന് തെളിയിക്കുകയാണ് ഈ കില്ലർ പ്രൈസിംഗ്. ബേസ് മോഡൽ പോലും ബേസിക്കല്ലാത്ത വിധത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതും രസകരമായ കാര്യമാണ്. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിലാണ് ഥാർ റോക്‌സ് വിപണനത്തിന് എത്തിയിരിക്കുന്നത്.
വണ്ടി വാങ്ങാനോ മാറാനോ താത്പര്യമില്ലാതിരുന്നവരെ പോലും മാറ്റി ചിന്തിപ്പിക്കാൻ മഹീന്ദ്ര ഥാർ റോക്‌സിന്റെ വരവ് സഹായിക്കും. 12.99 ലക്ഷം രൂപ മുതൽ ഇത്രയും പ്രീമിയം വാഹനം നൽകാൻ മഹീന്ദ്രയ്ക്ക് മാത്രമേ സാധിക്കൂ. ഥാർ 5-ഡോർ എസ്‌യുവി വാങ്ങാൻ പ്ലാനിടുന്നവർക്ക് എസ്‌യുവിയുടെ ഓരോ വേരിയന്റുകളിലും ലഭിക്കുന്ന ഫീച്ചറുകളും മറ്റ് സവിശേഷതകളുമെല്ലാം എന്തെല്ലാമാണെന്ന് വിശദമായി പറഞ്ഞുതരാം.

മഹീന്ദ്ര ഥാർ 5-ഡോറിന്റെ എൻട്രി ലെവൽ MX1 വേരിയന്റിൽ നിന്നും തന്നെ തുടങ്ങാം. കണ്ടാൽ ഇതാണോ ബേസ് മോഡൽ എന്ന് തോന്നിപ്പോവുന്ന വിധത്തിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. 18 ഇഞ്ച് സ്റ്റീൽ വീലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഫാബ്രിക് സീറ്റ് അപ്‌ഹോൾസ്റ്ററി, നാല് പവർ വിൻഡോകൾ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇതുകൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, നാല് പവർ വിൻഡോകൾ, പവർ സ്റ്റിയറിംഗ്, 6 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, BLD ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ പ്രധാന സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ഥാർ റോക്‌സിന്റെ MX1 ബേസ് മോഡൽ വിപണിയിലെത്തുന്നത്. 12.99 ലക്ഷമാണ് ഇതിന്റെ വില വരുന്നത്.

ബേസ് മോഡലിന് മുകളിൽ എസ്‌യുവിയുടെ രണ്ടാമത്തെ MX3 വേരിയന്റ് സ്വന്തമാക്കാം. ഈ വേരിയൻ്റിൽ ബേസിലെ ഫീച്ചറുകൾ കൂടാതെ ഡ്രൈവ്, ടെറൈൻ മോഡുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് പാഡ്, കപ്പ് ഹോൾഡറുകളുള്ള ഒരു പിൻ ആംറെസ്റ്റ്, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള അധിക ഫീച്ചറുകളോടെയാണ് വരുന്നത്. ഇതുകൂടാതെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും വയർഡ് ആപ്പിൾ കാർപ്ലേ ഇൻ്റഗ്രേഷനും ഉള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഇതിൽ കിട്ടും.
അധിക സൗകര്യത്തിനായി റിവേഴ്സ് ക്യാമറയും മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോർ എസ്‌യുവിയുടെ MX3 വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ പെട്രോൾ, അല്ലെങ്കിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ വാങ്ങാനാവും. MX3 പെട്രോൾ ഓട്ടോമാറ്റിക്കിന് 14.99 ലക്ഷവും MX3 ഡീസൽ മാനുവലിന് 15.99 ലക്ഷവും ഓട്ടോമാറ്റിക്കിന് 17.49 ലക്ഷവുമാണ് എക്സ്ഷോറൂം വില.

MX5 വേരിയന്റിൽ ലെതർ സ്റ്റിയറിംഗ് വീൽ, സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, സിംഗിൾ-പേൻ സൺറൂഫ്, ഫുട്‌വെൽ ലൈറ്റിംഗ് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പെട്രോൾ മാനുവലിന് 16.49 ലക്ഷവും പെട്രോൾ ഓട്ടോമാറ്റിക്കിന് 17.99 ലക്ഷവും ഡീസൽ മാനുവലിന് 16.99 ലക്ഷവും ഡീസൽ ഓട്ടോമാറ്റിക്കിന് 18.49 ലക്ഷവുമാണ് വില വരുന്നത്.
AX3L പതിപ്പിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. 16.99 ലക്ഷം വിലയുള്ള ഇതിൽ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻ-കാർ കണക്റ്റഡ് ടെക്, ലെവൽ 2 ADAS പ്രാപ്‌തമാക്കുന്ന ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഗംഭീര മോഡേൺ ഫീച്ചറുകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിക്കുന്നത്.
അടുത്ത AX5L വേരിയൻ്റും ഒരു ഡീസൽ എഞ്ചിനോടെയാണ് വരുന്നത്. എന്നാൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമാണ് വാങ്ങാനാവുക. AX3L മോഡലിൽ കാണുന്നതിനെക്കാൾ അധികമായി ക്രാൾസ്മാർട്ട്, ഇൻ്റലിടേൺ തുടങ്ങിയ നൂതന ഓഫ് റോഡ് സാങ്കേതികവിദ്യകൾ ഇതിന് ലഭിക്കുന്നു. 18.99 ലക്ഷം രൂപയാണ് ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ടോപ്പ്-എൻഡ് AX7L വേരിയന്റിൽ ഡ്യുവൽ-പാൻ സൺറൂഫ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 19 ഇഞ്ച് ടു-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാമാണ് ലഭിക്കുക. പെട്രോൾ ഓട്ടോമാറ്റിക്, ഡീസൽ മാനുവൽ, ഓട്ടോമാറ്റിക് കോമ്പിനേഷനോടെയാണ് ഈ വേരിയന്റ് വരുന്നത്. ഡീസൽ MX5, AX5L, AX7L വേരിയൻ്റുകളായിരിക്കും 4WD ലേഔട്ടുള്ള ഥാർ റോക്‌സിലുണ്ടാവുക. ഇവയുടെ വില പിന്നീട് പ്രഖ്യാപിക്കും.


Click it and Unblock the Notifications








