എല്ലാവർക്കും ഥാറിന്റെ ഈ മോഡൽ മതി, വാരിക്കൂട്ടുന്നത് ജിംനിയുടെ മൊത്തം വിൽപ്പനയേക്കാൾ കൂടുതൽ
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇമേജ് തന്നെ മാറ്റിയെടുത്ത മോഡലാണ് ഥാർ എസ്‌യുവിയുടെ രണ്ടാംതലമുറ ആവർത്തനം. 2020-ൽ പിറവിയെടുത്ത വണ്ടിക്ക് ലഭിച്ച ആരവം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്ന് വേണം പറയാൻ. പലരും തങ്ങളുടെ ഡ്രീം വാഹനമായി നെഞ്ചിലേറ്റിയിരിക്കുന്നതും ഇവനെ തന്നെയാണ്. ഥാറിൽ വന്നിറങ്ങിയാൽ 10 പേര് ഇപ്പോഴും നോക്കുമെന്നതിൽ ഒരു സംശയവും വേണ്ട. അന്യായ റോഡ് പ്രസൻസും പെർഫോമൻസുമാണ് എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ്.
ഥാറിനെ വെല്ലുവിളിക്കാനായി മാരുതി സുസുക്കി പുറത്തിറക്കിയ സാക്ഷാൽ ജിംനി വരെ ഈ ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് മുന്നിൽ തകർന്ന് തരിപ്പണമായ സ്ഥിതിയാണ് കാണാനായത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലൈഫ്-സ്‌റ്റൈൽ ഓഫ്-റോഡറാണ് മഹീന്ദ്ര ഥാർ എന്ന് ഈ കണക്കുകളെല്ലാം തെളിയിക്കുന്നുമുണ്ട്. ജിംനി വരുന്നതിനു മുമ്പ് വണ്ടിയെ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാനുള്ള മഹീന്ദ്ര കൊണ്ടുവന്ന ഐഡിയയും ഇപ്പോൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

എസ്‌യുവിയെ മിതമായ നിരക്കിൽ ആളുകളിലേക്ക് എത്തിക്കാൻ ഥാർ റിയർവീൽ ഡ്രൈവ് വേരിയന്റുകൾ അവതരിപ്പിച്ചുകൊണ്ടാണ് മഹീന്ദ്ര മാരുതിയെ വരെ ഞെട്ടിച്ചത്. തുടക്കകാലത്ത് 4X4 പതിപ്പിൽ മാത്രം ലഭ്യമായിരുന്ന വാഹനം കഴിഞ്ഞ കൊല്ലം മുതൽ RWD അതായത് (4X2) മോഡലുകളിൽ ലഭ്യമാക്കിയത് ആഘോഷമാക്കിയിട്ടുണ്ട് ഫാൻസ്. ഇപ്പോൾ ഥാർ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും റിയർവീൽ ഡ്രൈവ് പതിപ്പുകളാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഥാറിൻ്റെ വിൽപ്പനയുടെ പകുതിയോളം ഈ റിയർ-വീൽ ഡ്രൈവ് വേരിയൻ്റുകളിൽ നിന്നാണെന്ന് കമ്പനി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മഹീന്ദ്രക്കായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ഥാർ. പ്രതിമാസം ഏതാണ് 6,000 യൂണിറ്റുകൾക്ക് അടുത്താണ് വാഹനം വിറ്റഴിക്കുന്നത്. ഇതിൽ റിയർവീൽ ഡ്രൈവ് വേരിയന്റുകളാണ് വിൽപ്പനയുടെ ഏകദേശം 50 ശതമാനം കൊണ്ടുവരുന്നതെന്നാണ് ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ വേരിയൻ്റുകളുടെ താങ്ങാനാവുന്ന വിലയായിരിക്കാം ഇതിന് കാരണം. പരുക്കൻ സ്വഭാവമുള്ള ഈ ഓഫ്-റോഡറിനെ കൂടുതൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ആളുകളെ അനുവദിക്കുന്ന കാര്യമാണിത്. ഈ എസ്‌യുവി വാങ്ങുന്നവരിൽ പകുതിയോളം പേരും അതിൻ്റെ രൂപത്തിനും റോഡിൻ്റെ സാന്നിധ്യത്തിനും പെർഫോമൻസുമാണ് ഇഷ്ടപ്പെടുന്നത്. ഗൗരവകരമായ ഓഫ്-റോഡിംഗിൽ താൽപ്പര്യമില്ലാതെ ഉപഭോക്താക്കൾക്കും RWD മോഡലുകളോടാണ് താത്പര്യം.
കൂടുതൽ ഇന്ധനക്ഷമതയും ഇവയെ ജനപ്രിയരാക്കുന്ന കാര്യമാണ്. നിലവിൽ ബുക്കിംഗ് പിരീഡ് അൽപം കൂടുതലാണെങ്കിലും പ്രൊഡക്ഷൻ വർധിപ്പിച്ച് കാര്യങ്ങൾ ഈസിയാക്കാൻ മഹീന്ദ്ര ശ്രമിക്കുന്നുമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ RWD മോഡൽ വാങ്ങാനാവും. മറാസോ എംപിവിയിൽ നിന്നും കടമെടുത്ത D117 CRDe ഡീസലാണ് ഇതിൽ ആദ്യത്തേത്. ഇത് 117 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് എംസ്റ്റാലിയൻ 150 TGDI പെട്രോള്‍ എഞ്ചിനാണ് ഥാർ റിയർവീൽ ഡ്രൈവിലുള്ളത്. ഇത് 150 bhp കരുത്തിൽ 320 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ ലഭ്യമാകൂ. പരുക്കന്‍ റോഡുകളെ നേരിടാന്‍ ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും ഥാറിന്റെ ഡീസല്‍ പതിപ്പില്‍ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഥാർ 4X2 ശ്രേണിയുടെ എക്സ്ഷോറൂം വില 11.25 ലക്ഷം രൂപയിൽ തുടങ്ങി 13.99 ലക്ഷം രൂപ വരെയാണുള്ളത്. ലൈഫ്റ്റ്-സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയുടെ 4X4 മോഡലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. ഇതിൽ മുകളിൽ സൂചിപ്പിച്ച അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും ഓപ്ഷണൽ 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളോട് കൂടിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ ഓപ്ഷനുമാണവ.

4X4 ഡീസൽ പതിപ്പിന് 130 bhp പവറിൽ പരമാവധി 300 Nm torque വരെ നൽകാനാവും. RWD വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി 4X4 പതിപ്പുകൾക്ക് ഒരു മാനുവൽ-ഷിഫ്റ്റ് 4x4 ട്രാൻസ്ഫർ കെയ്സും ലഭിക്കും. തെരഞ്ഞെടുത്ത വേരിയൻ്റുകളിൽ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഉണ്ട്. ഇവയ്ക്ക് 14.30 ലക്ഷം മുതൽ 16.60 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.


Click it and Unblock the Notifications