മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി ബുക്ക് ചെയ്‌തോ? ആദ്യം കൈയിലെത്തുക ഈ വേരിയന്റുകൾ
നെക്സോണിനും ബ്രെസയ്ക്കും അത്ര നല്ല സമയമൊന്നുമല്ല. കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് പിടിക്കാൻ മഹീന്ദ്ര പുത്തൻ XUV 3XO പുറത്തിറക്കിയതോടെ ടാറ്റക്കും മാരുതിക്കും ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഥാർ, XUV700, സ്കോർപിയോ N പോലുള്ള വമ്പൻമാർ കൊയ്‌ത നേട്ടം ആവർത്തിക്കാനാണ് പുതുരൂപത്തിൽ XUV300 ഫെയ്‌സ്‌ലിഫ്റ്റിനെ കൊണ്ടുവന്നിരിക്കുന്നത്.
പേരുൾപ്പടെ മാറിയതോടെ വാങ്ങാനെത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിൽ XUV 3XO വാരിക്കൂട്ടിയത് അരലക്ഷം ബുക്കിംഗുകളായിരുന്നു. XUV300 എന്ന മോഡൽ ഇതുവരെ മഹീന്ദ്രയ്ക്കുണ്ടായിരുന്നെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ വണ്ടിയായിരുന്നു ഇത്. പക്ഷേ രണ്ടാംവരവിൽ സംഗതിയാകെ മാറിയെന്നാണ് തോന്നുന്നത്.

എന്തായാലും കാത്തിരുത്തി മുഷിപ്പിക്കാനൊന്നും മഹീന്ദ്രയ്ക്ക് പദ്ധതിയില്ല. മെയ് 26 മുതൽ ഏറ്റവും പുതിയ XUV 3XO നിരത്തുകളിൽ കാണാനാവും. എന്നാൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വിതരണമായിരിക്കും കമ്പനി നടത്തുക. MX1, MX2, MX2 Pro, MX3, MX3 Pro, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ മഹീന്ദ്രയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവി വാങ്ങാനാവും.
ഇതിൽ AX5, AX5 L, MX3, MX3 പ്രോ എന്നിവയുടെ ഡെലിവറികളായിരിക്കും 2024 മെയ് 26 മുതൽ ആരംഭിക്കുക. അതേസമയം AX7, AX7 L ട്രിമ്മുകൾ ബുക്ക് ചെയ്തവർക്ക് അടുത്ത മാസമോ അല്ലെങ്കിൽ ജൂലൈ ആദ്യമോ വാഹനം കൈമാറുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ബേസ് MX1, MX2, MX2 പ്രോ വേരിയൻ്റുകളുടെ ഡെലിവറികൾ ജൂൺ പകുതിയോടെ ആരംഭിക്കും. 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് XUV 3XO പതിപ്പിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

മഹീന്ദ്രയുടെ മോഡേൺ കാറുകളെ പോലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമായ വാഹനം തന്നെയാണ് XUV 3XO. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാൻ തയാറാവാതിരുന്ന കമ്പനി വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, XUV400-ന് സമാനമായ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ സിസ്റ്റം പോലുള്ള സവിശേഷതകളെല്ലാം കാറിലുണ്ട്.
കൂടാതെ 7-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ, സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ, XUV700 എസ്‌യുവിക്ക് സമാനമായ ESP സാങ്കേതികവിദ്യ, സ്റ്റാൻഡേർഡ് ആയി 60:40 റിയർ സ്പ്ലിറ്റ് സീറ്റ്, സെഗ്‌മെൻ്റ്-ഫസ്റ്റ് ലെവൽ 2 ADAS സാങ്കേതികവിദ്യ മുതലായ മോഡേൺ ടെക്കുകളും മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ പ്രത്യേകതകളാണ്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ DI പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്.

ആദ്യത്തെ 1.2 ലിറ്റർ പെട്രോൾ പരമാവധി 115 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാമെന്നാണ് മഹീന്ദ്ര പറയുന്നത്. രണ്ടാമത്തെ1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോൾ 130 bhp കരുത്തിൽ 250 Nm torque വരെയാണ് നിർമിക്കുന്നത്. 117 bhp, 300 Nm torque എന്നിങ്ങനെയാണ് XUV 3XO എസ്‌യുവിയിലെ 1.5 ഡീസൽ എഞ്ചിൻ നൽകുന്ന പെർഫോമൻസ് കണക്കുകൾ.
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഓഫറിൽ ലഭ്യമാണ്. വെറും 4.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത വരെ കൈക്കാൻ എസ്‌യുവിയുടെ ടർബോ പതിപ്പിനാവും. ഡീസൽ മാനുവൽ ട്രാൻസ്മിഷനോടൊപ്പം 20.10 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ച് സീർ കോംപാക്‌ട് എസ്‌യുവി സെഗ്‌മെൻ്റിലെ ആദ്യ പനോരമിക് സൺറൂഫും XUV300 പതിപ്പിനേക്കാൾ വലിയ ബൂട്ട്‌സ്‌പേസും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതകളാണ്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്മാർട്ട് പൈലറ്റ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകളാണ് മഹീന്ദ്ര XUV 3XO-യുടെ ലെവൽ 2 ADAS സവിശേഷതയിൽ വാഗ്ദാനം ചെയ്‌തിരിക്കുന്നത്.
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, മാരുതി സുസുക്കി ഫ്രോങ്ക്സ്, ടൊയോട്ട ടൈസർ, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്‌റ്റർ, എന്നീ വമ്പൻമാരോടാണ് മഹീന്ദ്ര XUV 3XO മത്സരിക്കുന്നത്. ബുക്കിംഗിൽ കാട്ടിയ മികവ് വിൽപ്പനയിലും ആവർത്തിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








