മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി വാങ്ങാൻ കൂട്ടയിടി, 1 മണിക്കൂറിൽ വാരിക്കൂട്ടിയത് അരലക്ഷം ബുക്കിംഗ്
2020 മുതൽ ഏത് വാഹനം പുറത്തിറക്കിയാലും മഹീന്ദ്രയ്ക്ക് ലഭിക്കുന്നത് ഗംഭീര വരവേൽപ്പാണെന്ന് വേണം പറയാൻ. രണ്ടാം തലമുറ ഥാർ കൊണ്ടുവന്നതിൽ പിന്നെ കമ്പനിയുടെ ഇമേജ് തന്നെ മാറിയിട്ടുണ്ടെന്നതാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്. ഥാർ സൂപ്പർഹിറ്റായതിനു പിന്നാലെ വന്ന XUV700, സ്കോർപിയോ N പോലുള്ള മോഡലുകളെല്ലാം സ്വന്തമാക്കാനായി എത്തിയത് ലക്ഷങ്ങളാണ്.
ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ 1 ലക്ഷം ബുക്കിംഗ് വരെ നേടാൻ XUV700, സ്കോർപിയോ N മോഡലുകൾക്കായി. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ XUV300 എന്ന മോഡൽ ഇതുവരെ മഹീന്ദ്രയ്ക്കുണ്ടായിരുന്നെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ വണ്ടിയായിരുന്നു ഇത്. 5-സ്റ്റാർ സേഫ്റ്റി, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ, ഉഗ്രൻ പെർഫോമൻസ് എന്നിങ്ങനെയെല്ലാം ഉണ്ടായിട്ടും ആളുകൾ വേണ്ടവിധത്തിൽ പരിഗണിച്ചില്ല.

പലരും ടാറ്റ നെക്സോണിനും മാരുതി ബ്രെസയ്ക്കും പിന്നാലെയായിരുന്നുവെന്ന് വേണം പറയാൻ. എന്നാൽ ഇതിൽ നിന്നും കരകയറാൻ മഹീന്ദ്ര പേര്മാറ്റി XUV300 ഫെയ്‌സ്‌ലിഫ്റ്റിനെ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി. പുതിയ ഭാവത്തിലെത്തിയ മോഡലിനെ XUV 3XO എന്നാണ് ഇപ്പോൾ കമ്പനി വിളിക്കുന്നത്. ആരും കണ്ടാൽ കൊതിക്കുന്ന മാറ്റങ്ങളുമായി എത്തിയ എസ്‌യുവി എതിരാളികളെ വിറപ്പിക്കുമെന്ന് ഉറപ്പായിരുന്നു.
മെയ് 15-ന് XUV 3XO എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ വണ്ടിക്ക് കിടിലൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് മനസിലായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ബുക്കിംഗാണ് കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ തേടിയെത്തിയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 60 മിനിറ്റിനുള്ളിൽ തന്നെ 50,000-ത്തിലധികം ബുക്കിംഗുകളാണ് XUV 3XO വാരിക്കൂട്ടിയിരിക്കുന്നത്.

അതായത് ഓരോ സെക്കൻഡിലും 833 യൂണിറ്റുകൾ ബുക്ക് ചെയ്യാൻ ആളുകൾ എത്തിയെന്ന് സാരം. മഹീന്ദ്ര XUV 3XO എസ്‌യുവിക്കായുള്ള ഡെലിവറികൾ മെയ് 26 മുതൽ ആരംഭിക്കും. 10,000 യൂണിറ്റുകൾ തങ്ങൾ ഇതിനകം നിർമിച്ചിട്ടുണ്ടെന്നും സബ് കോംപാക്റ്റ് എസ്‌യുവിക്കായി പ്രതിമാസം 9,000 യൂണിറ്റ് നിർമാണ ശേഷിയാണ് നിലവിലുള്ളതെന്നും മഹീന്ദ്ര പറയുന്നു. ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റിലോ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ ഓൺലൈനായി 21,000 രൂപ ബുക്കിംഗ് തുക അടച്ച് XUV 3XO ബുക്ക് ചെയ്യാം.
എസ്‌യുവിക്ക് ലഭിച്ച മികച്ച പ്രതികരണം XUV 3XO പതിപ്പിന്റെ ആകർഷകമായ സവിശേഷതകളെ അടിവരയിടുന്നതാണ്. അതിശയിപ്പിക്കുന്ന ഡിസൈൻ, ആഡംബരമായ ഇന്റിരിയറുകൾ, ലെവൽ 2 ADAS പോലുള്ള നൂതന സാങ്കേതികവിദ്യകൾ, മികച്ച സുരക്ഷാ നടപടികൾ എന്നിവയെല്ലാമാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. MX1, MX2, MX3, AX5, AX7 വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

XUV300-യിൽ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, ഡയറക്ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. മൂന്നിലും പെർഫോമൻസും കാര്യക്ഷമതയും ഒരുപോലെ കിട്ടുമെന്നതാണ് പ്രത്യേകത. എംസ്റ്റാലിയൻ TGDi ആയാലും ടർബോ ഡീസൽ ആയാലും മികച്ച ഇൻ-ക്ലാസ് പവറും ടോർക്കുമാണ് മുഖമുദ്ര.
വെറും 4.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത വരെ കൈയെത്തിപ്പിടിക്കാനും എസ്‌യുവിക്കാവും. ഡീസൽ മാനുവൽ ട്രാൻസ്മിഷനോടൊപ്പം 20.10 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. മഹീന്ദ്രയുടെ മോഡേൺ കാറുകളെ പോലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമായ വാഹനം തന്നെയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാൻ കമ്പനി തയാറായിട്ടില്ലെന്നു വേണം പറയാൻ.

80-ലധികം അഡ്രിനോക്‌സ് ഫീച്ചറുകൾ, വലിയ ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ HD സ്ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബിൽറ്റ്-ഇൻ അലെക്‌സ, 65 വാൾട്ട് യുഎസ്ബി സി പോർട്ട് ചാർജിംഗ് പോയിന്റ്, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 4 ആംബിയൻ്റ് സൗണ്ട് മോഡുകളുമുള്ള ഇമ്മേഴ്‌സീവ് ഹർമൻ കാർഡൺ പ്രീമിയം ഓഡിയോ സിസ്റ്റം പോലുള്ള സവിശേഷതകളാൽ XUV 3XO കിടിലമാവുന്നുണ്ട്.
10 അഡ്വാൻസ്ഡ് ഡ്രൈവിംഗ് സഹായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ്-ഇൻ-സെഗ്മെൻ്റ് ലെവൽ 2 ADAS സേഫ്റ്റി ടെക്കും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നീ സുരക്ഷാ സംവിധാനങ്ങളാണ് വണ്ടിയുടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിറ്റത്തിൽ ലഭിക്കുന്നത്.

മികച്ച തുടക്കം കിട്ടിയതിനാൽ സെഗ്മെന്റിലെ പ്രധാന മോഡലായി മാറാൻ XUV 3XO പതിപ്പിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, വരാനിരിക്കുന്ന സ്കോഡ മോഡൽ പോലുള്ള വമ്പൻമാരുമായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മത്സരം.


Click it and Unblock the Notifications








