രാജ്യം കാത്തിരുന്ന എസ്‌യുവിയുടെ ഡെലിവറി തുടങ്ങി, റോഡുകൾ നിറയ്ക്കാൻ 7.49 ലക്ഷത്തിന്റെ വണ്ടി
രാജ്യം കാത്തിരുന്ന എസ്‌യുവിക്കായുള്ള വിതരണം ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഈ അടുത്ത കാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കിയ XUV 3XO കോംപാക്‌ട് എസ്‌യുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. പല കാരണങ്ങളാലും XUV300 മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിരത്തിലെത്താൻ പലരും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു. മുൻഗാമിയേക്കാൾ കൂടുതൽ ആഡംബരവും സ്റ്റൈലും സമന്വയിപ്പിച്ചാണ് പുത്തൻ വണ്ടിയുടെ വരവ്.
ഒപ്പം ലെവൽ-2 ADAS പോലുള്ള ഒട്ടേറെ മോഹിപ്പിക്കുന്ന ഫീച്ചറുകളും കൂടെയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഇന്നലെ മുതൽ മോഡൽ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് എസ്‌യുവികൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയന്റുകളിലായി എത്തുന്ന മഹീന്ദ്ര XUV 3XO പതിപ്പിന് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ലോഞ്ച് ചെയ്‌ത് ദിവസങ്ങൾക്കുള്ളിൽ ഡെലിവറി ആരംഭിക്കാനായത് മഹീന്ദ്രയെ സംബന്ധിച്ച് വലിയൊരു മുന്നേറ്റമാണ്. പ്രത്യേകിച്ച് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 1 മണിക്കൂറിനുള്ളിൽ 50,000 ബുക്കിംഗുകൾ ലഭിച്ചത് കൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവും. എങ്കിലും കമ്പനി നേരത്തെ വ്യക്തമാക്കിയതു പോലെ ഇതിൽ AX5, AX5 L, MX3, MX3 പ്രോ എന്നിവയുടെ വിതരണമാണ് 2024 മെയ് 26 മുതൽ ആരംഭിച്ചിരിക്കുന്നത്.
അതേസമയം AX7, AX7 L വേരിയന്റുകൾ ബുക്ക് ചെയ്തവർക്ക് അടുത്ത മാസമോ അല്ലെങ്കിൽ ജൂലൈ ആദ്യമോ വാഹനം കൈമാറുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ബേസ് MX1, MX2, MX2 പ്രോ വേരിയൻ്റുകളുടെ ഡെലിവറികൾ ജൂൺ പകുതിയോടെ ആരംഭിക്കും. XUV 3XO എസ്‌യുവിയുടെ ബുക്കിംഗുകളിൽ ഏകദേശം 70 ശതമാനവും പെട്രോൾ വേരിയന്റുകൾക്ക് വേണ്ടിയാണ്. മുൻ മോഡലായ XUV300-യുടെ വിൽപ്പനയിൽ ഡീസലുകൾക്കായിരുന്നു ഡിമാന്റ് കൂടുതൽ.

ഈ ശ്രദ്ധേയമായ മാറ്റത്തെയും പോസിറ്റീവായാണ് മഹീന്ദ്ര കാണുന്നത്. എന്തായാലും പുത്തൻ എസ്‌യുവിക്ക് കിട്ടിയ വലിയ ഡിമാന്റ് കണക്കിലെടുത്ത് മഹീന്ദ്ര ഇതിനകം XUV 3XO മോഡലിന്റെ 10,000 യൂണിറ്റുകളുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ പ്രതിമാസം 9,000 യൂണിറ്റുകളായി ഉത്പാദന ശേഷി വർധിപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. നിലവിലുണ്ടായിരുന്ന XUV300 മോഡലിൻ്റെ പ്രൊഡക്ഷൻ നമ്പറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർധനവ് വളരെ പ്രധാനമാണ്.
മുൻഗായിയെ പോലെ തന്നെ മഹീന്ദ്ര XUV 3XO മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഇത് 109 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം കോംപാക്‌ട് എസ്‌യുവിലെ രണ്ടാമത്തെ 1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോൾ 130 bhp കരുത്തിൽ 250 Nm torque വരെയാണ് നിർമിക്കുന്നത്.

അതേസമയം മഹീന്ദ്ര XUV 3XO പതിപ്പിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം ഈ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഡീസൽ മാനുവലിനൊപ്പം 20.10 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം ഡീസൽ എഎംടി ആണെങ്കിൽ 21.20 കിലോമീറ്റർ മൈലേജും കൂട്ടിനായെത്തും. മഹീന്ദ്ര XUV 3XO ടർബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. ഇനി ആദ്യത്തെ 1.2 പെട്രോളാണെങ്കിൽ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്.

ഫീച്ചറുകളിലും ധാരാളിയായാണ് വണ്ടിയുടെ വരവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫീച്ചർ അനുസരിച്ച്, XUV 3XO-ൽ ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 360-ഡിഗ്രി സറൗണ്ട് ക്യാമറ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, കൂടാതെ സെഗ്മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫ് വരെ XUV 3XO വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








