XUV3XO vs നെക്സോൺ: ബേസ് മോഡലിൽ കേമൻ മഹീന്ദ്രയോ ടാറ്റയോ? ഉത്തരമറിഞ്ഞാൽ വാങ്ങുക ഈ എസ്‌യുവി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. ടാറ്റയും മഹീന്ദ്രയും നേരിട്ട് മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇവിടുണ്ട്. XUV300 പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി അടുത്തിടെ എഴുന്നള്ളിയ XUV3XO കാര്യമായി ഞെട്ടിച്ചിട്ടുണ്ട്. കുറഞ്ഞ വിലയും ഡീസൽ, പെട്രോൾ എഞ്ചിനുകളുടെ സാന്നിധ്യവുമെല്ലാം ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണ്.
പോരാത്തതിന് കിടിലൻ ഫീച്ചറുകളാലും വണ്ടി മുൻഗാമിയേക്കാൾ മികച്ചതാവുന്നുമുണ്ട്. സെഗ്മെന്റിലെ പ്രധാന എതിരാളികളേക്കാൾ 50,000 രൂപയെങ്കിലും കുറവാണ് മഹീന്ദ്ര XUV3XO എസ്‌യുവിക്ക് എന്നതും ശ്രദ്ധേയമായ കാര്യമാണ്. പക്ഷേ ഇതിനെ നേരിടാൻ ദേ ടാറ്റ മോട്ടോർസ് കഴിഞ്ഞ ദിവസം നെക്‌സോണിനായി സ്മാർട്ട് (O) എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ബേസ് വേരിയന്റ് പുറത്തിറക്കുകയുണ്ടായി.

പുതുതായി ഒരു എസ്‌യുവി വാങ്ങിയാലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണോ ടാറ്റ നെക്സോണിന്റെ ബേസും മഹീന്ദ്ര XUV3XO ബേസും നിങ്ങളുടെ കണ്ണിലുടക്കിയത്? ഇപ്പോൾ ഇതിലേത് വാങ്ങുമെന്ന കൺഫ്യൂഷനുണ്ടെങ്കിൽ ഈ ലേഖനം വായിച്ചാൽ ഏറെക്കുറെ അതൊന്ന് മാറ്റിയെടുക്കാം. നെക്സോൺ സ്മാർട്ട് (O) ബേസ് മോഡലും XUV3XO MX1 വേരിയന്റും തമ്മിൽ നമുക്കൊന്ന് മാറ്റുരച്ചു നോക്കിയാലോ?
വില: 7.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ MX1 ബേസ് മോഡൽ വിപണിയിൽ എത്തുന്നത്. അതേസമയം മറുവശത്ത് നെക്സോൺ സ്മാർട്ട് (O) എന്ന പുത്തൻ ബേസ് വേരിയന്റിനെ 7.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ടാറ്റ മോട്ടോർസ് ചേഞ്ച് ചെയ്‌തിരിക്കുന്നത്. താരതമ്യപ്പെടുത്തുമ്പോൾ XUV 3XO-യുടെ MX1 പതിപ്പിന് നെക്സോണിനേക്കാൾ 50,000 രൂപ കുറവാണ്. ബജറ്റാണ് പ്രശ്നമെങ്കിൽ മഹീന്ദ്ര തന്നെ തെരഞ്ഞെടുക്കുന്നതാവും ഉചിതം.

ഫീച്ചറുകൾ: ബേസ് മോഡലായതിനാൽ മഹീന്ദ്ര XUV 3XO MX1 വേരിയന്റിൽ കാര്യമായ ഫീച്ചറുകൾ ഒന്നും പ്രതീക്ഷിക്കേണ്ടായിരിക്കും എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതൊക്കെ മാറ്റിക്കോ. ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലാമ്പുകൾ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISFIX മൗണ്ടുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള സവിശേഷതകൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
സ്റ്റിയറിംഗ് മോഡുകൾ, നാല് പവർ വിൻഡോകൾ, ഒരു ടച്ച് അപ്/ഡൗൺ ഡ്രൈവർ വിൻഡോ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, റിയർ എസി വെൻ്റുകൾ, USB ചാർജിംഗ് പോർട്ടുകൾ, 12V സോക്കറ്റ്, പിൻ നിരയിൽ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാം XUV 3XO MX1 വേരിയന്റിൽ കിട്ടും.

ടാറ്റ നെക്സോൺ സ്മാർട്ട് (O) ബേസിലേക്ക് വന്നാൽ മോശമാക്കാതെ തന്നെ ടാറ്റ മോട്ടോർസ് ഇതിനെ ഒരുക്കിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽലാമ്പുകൾ, ഇലുമിനേറ്റഡ് ലോഗോയുള്ള ട്വിൻ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഫ്രണ്ട് പവർ വിൻഡോകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് മൗണ്ടുകൾ, ഡ്രൈവ് മോഡുകൾ എന്നിവയെല്ലാം ഇതിലെയും ഫാൻസി ഫീച്ചറുകളാണ്.
ബേസ് മോഡലായതിനാൽ തന്നെ മഹീന്ദ്ര XUV 3XO, ടാറ്റ നെക്‌സോണുകൾ എന്നിവ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ ത്രീ സിലിണ്ടർ റെവോട്രോൺ യൂണിറ്റാണ് നെക്സോണിന് തുടിപ്പേകുന്നത്. ഇത് 118 bhp പവറിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബേസ് വേരിയന്റായതിനാൽ തന്നെ ഓട്ടോമാറ്റിക് ഓപ്ഷൻ ഇതിലില്ല.

മറുവശത്ത് XUV3XO എസ്‌യുവിയിലേക്ക് വന്നാൽ 109 bhp കരുത്തിൽ 200 Nm പരമാവധി ടോർക്കും സൃഷ്ടിക്കാൻ ട്യൂൺ ചെയ്തിരിക്കുന്ന എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. നെക്സോണിൽ നിന്ന് വ്യത്യസ്തമായി മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിക്ക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ഒരുക്കിയിരിക്കുന്നത്. പെർഫോമൻസിൽ ടാറ്റയാണ് മുന്നിട്ട് നിൽക്കുന്നതെന്ന് വേണം പറയാൻ.
ഇന്ധനക്ഷമതയിലേക്ക് നോക്കിയാൽ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ടാറ്റ നെക്സോണിൽ 17.57 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം മഹീന്ദ്ര XUV3XO മോഡലിലെ പെട്രോൾ ഓപ്ഷന് 20.1 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്. യഥാർഥ സാഹചര്യങ്ങളിൽ രണ്ട് എസ്‌യുവികൾക്കും ഈ കണക്കുകൾ കിട്ടില്ലെങ്കിലും ഏകദേശം സമാനമായിരിക്കാനാണ് സാധ്യത.


Click it and Unblock the Notifications








