പേര് മാറ്റി ലോകംപിടിക്കാൻ XUV300, ബ്രെസയും നെക്സോണും ഭയക്കുന്ന മാറ്റങ്ങളുമായി മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി
എസ്‌യുവി മോഡലുകൾ ട്രെൻഡ് സെറ്ററായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വിൽക്കുന്ന കാറുകളുടെ പകുതിയിലേറെയും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് ഇപ്പോൾ. ഇത് മനസിലാക്കി മാരുതി സുസുക്കി വരെ ഇത്തരം മോഡലുകളുടെ പിന്നാലെ പായുമ്പോൾ പണ്ടുമുതലെ എസ്‌യുവി നിർമിക്കുന്നതിൽ പ്രഗൽഭരായ മഹീന്ദ്ര തങ്ങളുടെ നില ഭദ്രമാക്കി മുന്നേറുകയാണ്. രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് ഇമേജ് മാറിയ കമ്പനി ദേ വീണ്ടും പുതിയൊരു വാഹനവുമായി വന്ന് ഞെട്ടിക്കാൻ ഒരുങ്ങുകയാണ്.
ഈ വർഷത്തെ ആദ്യത്തെ വലിയ ലോഞ്ചിന് തയ്യാറെടുക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV300 എന്ന കോംപാക്‌ട് എസ്‌യുവിയെ മുഖംമിനുക്കിയാണ് കമ്പനി അവതരിപ്പിക്കാൻ പോവുന്നത്. ലോഞ്ചിംഗിന് മുന്നോടിയായി വാഹനത്തിന്റെ ആദ്യ ടീസർ വീഡിയോയും ബ്രാൻഡ് പങ്കുവെച്ച് ഹൈപ്പ് കൂട്ടുകയാണ്. XUV3X0 എന്ന് പേര് മാറിയാവും XUV300 പുതിയ അങ്കത്തിന് തയാറെടുക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

പുതിയ രൂപത്തിലുള്ള ഗ്രില്ലും റീഡിസൈൻ ചെയ്‌ത എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലൈറ്റ് യൂണിറ്റും ലഭിക്കുമെന്ന് മഹീന്ദ്ര XUV3X0 എസ്‌യുവിക്ക് ലഭിക്കുമെന്ന് ടീസർ വീഡിയോയിൽ വ്യക്തമാവുന്നുണ്ട്. പിൻഭാഗത്ത് നിലവിലെ ട്രെൻഡായ കണക്റ്റഡ് ടെയിൽ ലൈറ്റുകളുമായാണ് വാഹനം വരുന്നത്. ഒപ്പം വെന്റിലേറ്റഡ് സീറ്റുകളും പ്രീമിയം സൗണ്ട് സിസ്റ്റവും XUV3X0 എന്ന പുതുമുഖത്തിന് ലഭിക്കുമെന്നും വീഡിയോ സൂചന നൽകിയിട്ടുണ്ട്.
മഹീന്ദ്ര നേരത്തെ XUV300 എസ്‌യുവിയിൽ ഉപയോഗിച്ചതിൽ നിന്ന് വ്യത്യസ്തമാണ് എസ്‌യുവിയുടെ അലോയ് ഡിസൈനും. XUV300 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൻ്റെ സ്പൈ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട അപ്‌ഡേറ്റുകൾക്ക് അനുസൃതമായാണ് ഈ മാറ്റങ്ങൾ എന്നതും ശ്രദ്ധേയമാണ്. കൂടാതെ XUV400 ഇലക്ട്രിക് എസ്‌യുവിയുമായി ഇതിന് വല്ലാത്ത സാമ്യമുണ്ടെന്നതും രസകരമാക്കുന്ന വസ്‌തുതയാണ്.

നിലവിൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ഫീച്ചറുകളിൽ ഒന്നായ സൺറൂഫും എസ്‌യുവിലേക്ക് ഇത്തവണയെത്തുന്നുണ്ട്. നിലവിലുണ്ടായിരുന്ന XUV300 മോഡലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയായിരിക്കും വരാനിരിക്കുന്ന മഹീന്ദ്ര XUV3X0 എസ്‌യുവി അതിന്റെ ഇന്റീരിയർ അണിയിച്ചൊരുക്കുക. സ്‌കോർപിയോ N, XUV700 എന്നിവയ്‌ക്കുള്ളിൽ മഹീന്ദ്ര ഉപയോഗിക്കുന്ന അതേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അകത്തളത്തെ സമ്പുഷ്‌ടമാക്കും.
വലിപ്പം ചെറുതായിരിക്കുമെങ്കിലും വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുതിയ അപ്ഹോൾസ്റ്ററി എന്നിവയും അതിലേറെയും പോലുള്ള പുതിയ ഫീച്ചറുകളാണ് ഇതിൽ കമ്പനി ഉൾപ്പെടുത്താൻ സാധ്യതയുള്ള മറ്റ് സവിശേഷതകൾ. കൂടാതെ ഡ്രൈവർ ഡിസ്പ്ലേയും അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സേഫ്റ്റിയുടെ കാര്യത്തിൽ നിലവിലെ മഹീന്ദ്ര എസ്‌യുവികൾക്കുള്ള അതേ നിലവാരം തന്നെ പുതിയ XUV3X0 നിലനിർത്തും.

7 എയർ ബാഗുകൾ, എല്ലാ വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുമായി എസ്‌യുവി വരുമെന്ന് ടീസർ വീഡിയോ പറഞ്ഞുവെക്കുന്നുണ്ട്. ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്‌ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-ഹോൾഡ് അസിസ്റ്റ്, ത്രീ-പോയിൻ്റഡ് സീറ്റ് ബെൽറ്റുകൾ പോലുള്ള സേഫ്റ്റി ഫീച്ചറുകളാലും XUV3XO സമ്പന്നമായിരിക്കും.
പേരും രൂപവും ഫീച്ചറുകളും മാറുമെങ്കിലും എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനിൽ യാതൊരു പരിഷ്ക്കാരവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. XUV300 എസ്‌യുവിയിലുള്ള രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും ഒരു ഡീസൽ എഞ്ചിനും തന്നെ വരാനിരിക്കുന്ന XUV3XO മോഡിലും തുടർന്നും കിട്ടും. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് 108 bhp കരുത്തിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം 1.2 ലിറ്റർ GDi ടർബോ എഞ്ചിൻ 128 bhp പവറിൽ പരമാവധി 250 Nm torque വരെ നൽകും. 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വാങ്ങുന്നതെങ്കിൽ പവർ കണക്കുകൾ 115 bhp, 300 Nm torque എന്നിങ്ങനെയായി മാറും. എല്ലാ എഞ്ചിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും. ടർബോ-പെട്രോൾ, ഡീസൽ എഞ്ചിൻ എന്നിവയ്ക്ക് 6-സ്പീഡ് എഎംടി ട്രാൻസ്മിഷനും ലഭിക്കും.
മഹീന്ദ്ര, വരാനിരിക്കുന്ന 5-ഡോർ ഥാർ എസ്‌യുവിയ്‌ക്കൊപ്പം XUV300 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും കുറച്ച് കാലമായി ഇന്ത്യൻ റോഡുകളിൽ പരീക്ഷിച്ചുവരികയാണ്. നിലവിൽ ഇതെല്ലാം പൂർത്തിയാക്കി വിപണിയിലേക്ക് എത്തുമ്പോൾ സെഗ്മെന്റ് നിന്ന് കത്തുമെന്ന് ഉറപ്പാണ്. ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മാരുതി ഫ്രോങ്ക്‌സ്, ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സർ എന്നിവയുമായാവും പുതിയ XUV3X0 മത്സരിക്കുക.


Click it and Unblock the Notifications








