ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ പുത്തൻ ടീസർ
ഇന്ത്യയിൽ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതിയും ടാറ്റയും ഹ്യുണ്ടായിയും കിയയും മഹീന്ദ്രയുമെല്ലാം ഒന്നിച്ച് മത്സരിക്കുന്ന ഈ വിഭാഗത്തിൽ ഒട്ടുമിക്ക മോഡലുകളും വലിയ ഹിറ്റാണ് ഇതുവരെ സൃഷ്‌ടിച്ചിരിക്കുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ അഗ്രകണ്യനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതുവരെ ഇവിടെ പയറ്റിയത് XUV300 എന്ന മിടുക്കനുമായിട്ടായിരുന്നു.
മോഡേൺ വേഷത്തിൽ എതിരാളികൾ എത്തിയതോടെ ഒന്ന് പതറിയ കമ്പനി ഇപ്പോഴിതാ പുതിയ കോംപാക്‌ട് എസ്‌യുവിയുമായി സെഗ്മെന്റിലേക്ക് വരികയാണ്. 2020-ൽ രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയ എല്ലാ മോഡലുകൾക്കും ലഭിച്ച അത്ഭുതകരമായ സ്വീകാര്യത ആവർത്തിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. XUV300 എസ്‌യുവിയെ മുഖംമിനുക്കി പുതിയ പേരിലാണ് അവതരിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്നേവരെ കണ്ടിട്ടില്ലാത്ത ഉഗ്രൻ ഫീച്ചറുകളുമായാണ് XUV3X0 എന്ന് പേര് മാറിയെത്തുന്ന മോഡലിന്റെ വരവ്. ഹൈപ്പ് ഉയർത്തിക്കൊണ്ട് വാഹനത്തിന്റെ ഏറ്റവും പുതിയ ഫീച്ചറുകൾ പരിചയപ്പെടുത്തുന്ന തിരക്കിലാണ് മഹീന്ദ്രയിപ്പോൾ. ഏപ്രിൽ 29-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി കോംപാക്‌ട് എസ്‌യുവിയുടെ പുതിയൊരു വിശേഷം ആളുകളിലേക്ക് എത്തിക്കുകയാണ് കമ്പനി.
ക്ലൈമറ്റ് കൺട്രോൾ പോലെയുള്ള ഫീച്ചറുകൾക്ക് റിമോട്ട് ഓപ്പറേഷനുകൾക്കൊപ്പം മഹീന്ദ്ര XUV3X0 അഡ്രിനോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം (AdrenoX OS) വാഗ്‌ദാനം ചെയ്യുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. 2021-ൽ മഹീന്ദ്ര XUV700 എസ്‌യുവിയിലൂടെയാണ് ഈ OS അരങ്ങേറ്റം കുറിച്ചത്. എഞ്ചിനീയറിംഗ് കമ്പനിയായ ബോഷുമായി സഹകരിച്ച് വികസിപ്പിച്ച അഡ്രിനോക്‌സ് കണക്‌ട് AI ഉപഭോക്താക്കൾക്ക് നൂതനമായ ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഈ AI ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്ത കണക്റ്റഡ് സൊല്യൂഷൻ പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമാണെന്നതും ശ്രദ്ധേയമാണ്. ഓൺ-ബോർഡ്, ഓഫ്-ബോർഡ് പ്രവർത്തനങ്ങൾക്കായി അഡ്രിനോക്സ് കണക്റ്റിവിറ്റി സിസ്റ്റം മൊബൈൽ ആപ്ലിക്കേഷനിലും സ്മാർട്ട് വാച്ചുകളിലും വരെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്.
വിപുലമായ കണക്റ്റിവിറ്റി സവിശേഷതകൾക്കൊപ്പം പനോരമിക് സൺറൂഫ് ഉൾപ്പെടെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV3X0 എസ്‌യുവിക്ക് ലഭിക്കും. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറ, 7 എയർബാഗുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം ലെവൽ 2 ADAS എന്നിവയും വാഹനത്തിൽ പ്രതീക്ഷിക്കാം. ഇതോടൊപ്പം ഡാർബോർഡ് ലേഔട്ടിലും മാറ്റമുണ്ടാവുമെന്ന് ടീസർ വീഡിയോയിലൂടെ കമ്പനി പറഞ്ഞുവെക്കുന്നുണ്ട്.

XUV300 മോഡലിന് സമാനമായി ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് ഇൻ്റീരിയറാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ XUV3X0 എസ്‌യുവിയിലും നടപ്പിലാക്കിയിരിക്കുന്നത്. പുതിയ സ്റ്റിയറിംഗ് വീൽ, പുനർരൂപകൽപ്പന ചെയ്‌ത HVAC പാനലും എസി വെൻ്റുകളും, പരിഷ്‌കരിച്ച ഗിയർ ലിവറോടുകൂടിയ പുതിയ സെൻ്റർ കൺസോൾ തുടങ്ങിയ മാറ്റങ്ങളും വണ്ടിക്ക് മാറ്റേകാനായി ഇടംപിടിക്കുമെന്നാണ് വിവരം. സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ലെവൽ-2 ADAS ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യ മോഡലായും മഹീന്ദ്ര XUV3X0 മാറും.
അങ്ങനെ XUV3X0 അതിൻ്റെ എതിരാളിയായ ടാറ്റ നെക്‌സോണിനേക്കാൾ മിടുക്കനായിരിക്കുമെന്ന് ഉറപ്പുവരുത്താനാണ് മഹീന്ദ്രയുടെ ശ്രമം. ഡിസൈനിലേക്ക് നോക്കിയാൽ അടിസ്ഥാന രൂപം ഒന്നായിരിക്കുമെങ്കിലും വ്യത്യസ്‌തമായ ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്‌ത ഇൻവേർട്ടഡ് സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ ബാരൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നിവ XUV3X0 എസ്‌യുവിയെ വേറെ ലെവലാക്കും.

എഞ്ചിനിലൊന്നും മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ XUV300 ഫെയ്‌സ്‌ലിഫ്റ്റ് രണ്ട് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് വിപണിയിൽ എത്തുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ട്രാൻസ്മിഷൻ എന്നിവയായിരിക്കും തെരഞ്ഞെടുക്കാനാവുക. വരാനിരിക്കുന്ന XUV3X0 മോഡലിനായുള്ള ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി പ്രീ-ബുക്ക് ചെയ്‌തിടാം.


Click it and Unblock the Notifications








