നെക്സോൺ മാത്രമല്ല എക്സ്റ്ററും പടമാവും? 7.49 ലക്ഷത്തിന് മഹീന്ദ്രയുടെ 20 കി.മീ മൈലേജുള്ള എസ്‌യുവി വാങ്ങാം
ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ കോളിളക്കം സൃഷ്‌ടിക്കാൻ മഹീന്ദ്രയുടെ കുഞ്ഞനൊരു സ്പോർട്ട് യൂട്ടിലിറ്റി വാഹനം വന്നെത്തിയിരിക്കുകയാണ്. അതും ടാറ്റ നെക്സോണും മാരുതി ബ്രെസയും കിയ സോനെറ്റുമെല്ലാം അരങ്ങുവാഴുന്ന രംഗത്ത് കൊടുങ്കാറ്റാവുമെന്ന പ്രഖ്യാപനവുമായാണ് പടക്കുതിരയുടെ വരവ്. കിടിലൻ വണ്ടിയായിരുന്നിട്ടും ഇന്ത്യക്കാര്‍ കാര്യമായി ഗൗനിക്കാതിരുന്ന XUV300-യുടെ പിൻഗാമിയാണ് ആശാൻ.
2020-ൽ രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയ എല്ലാ മോഡലുകൾക്കും ലഭിച്ച അത്ഭുതകരമായ സ്വീകാര്യത ആവർത്തിക്കാനാണ് മഹീന്ദ്ര XUV3XO എന്നുപേരിട്ടിരിക്കുന്ന പുതിയ എസ്‌യുവിയിലൂടെ ശ്രമിക്കുന്നത്. ശരിക്കും പറഞ്ഞാൽ XUV300 മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇതെന്ന് പറയാം. പക്ഷേ യാതൊരു വിധത്തിലും മുൻഗാമിയോട് സാദൃശ്യമില്ലാതെയാണ് XUV3XO രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

ഇക്കാര്യത്തിൽ മഹീന്ദ്രയ്ക്ക് വിജയിക്കാനായിട്ടുണ്ടെന്നതാണ് പ്രധാനം. മുൻഗാമിയായ XUV300 മോഡലിനേക്കാൾ പുതിയ ഡിസൈനും കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തിയ പെർഫോമൻസുമാണ് മഹീന്ദ്ര XUV3XO പതിപ്പിൽ കമ്പനി കരുതിവെച്ചിരിക്കുന്നത്. ഇതെല്ലാം വെറും 7.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ കിട്ടുമെന്നത് കൂടി പറഞ്ഞാൽ ആരെങ്കിലും വീഴാതിരിക്കുമോ?
MX1 പ്രോ, MX2 പ്രോ, MX3, AX5, AX5L, AX7, AX7L വേരിയൻ്റുകളലാണ് മഹീന്ദ്ര XUV 3XO വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് വന്നാൽ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ള സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, മെഷ് പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവ എസ്‌യുവിയുടെ മുൻവശത്തെ കിടിലമാക്കുന്നുണ്ട്. XUV300 എസ്‌യുവിയുടെ അതേ രൂപമാണ് പകർത്തിയിരിക്കുന്നതെങ്കിലും മുൻഗാമിയെ ഓർമപ്പെടുത്താത്ത രീതിയിൽ പണിതെടുക്കാൻ കുറച്ചൊന്നുമല്ല മഹീന്ദ്ര അധ്വാനിച്ചിരിക്കുന്നത്.

പിന്നിലേക്ക് നോക്കിയാൽ എൽഇഡി ടെയിൽലാമ്പുകളെ ബന്ധിപ്പിക്കുന്ന ഫുൾ-വീഡ് എൽഇഡി ലൈറ്റ് ബാർ, ടെയിൽഗേറ്റിലെ പുതിയ 'XUV 3XO' ലെറ്ററിംഗ്, ഷാർക്ക് ഫിൻ ആൻ്റിന, റൂഫ് റെയിലുകൾ, വാഷറുള്ള റിയർ വൈപ്പർ, റിയർ ഡീഫോഗർ, റിഫ്ലക്ടറുകൾ, വിശാലമായ ബമ്പർ എന്നിവയെല്ലാമാണ് ലഭിക്കുന്നത്. അങ്ങനെ മൊത്തത്തിൽ ചുള്ളനാവാൻ മഹീന്ദ്രയുടെ ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിക്ക് സാധിക്കുന്നുണ്ട്.
ഇന്റീരിയറിലേക്ക് കയറിയാൽ ഒരു ഫോറിൻ കാറിൽ ലഭിക്കുന്ന ഫീലാണ് മഹീന്ദ്ര XUV 3XO പതിപ്പിൽ കൊത്തിയെടുത്തിരിക്കുന്നത്. XUV300 മോഡലിൽ നിന്നുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് അകത്തളമെന്ന് ആദ്യകാഴ്ച്ചയിൽ തന്നെ മനസിലാക്കാം. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനലും ഉള്ള ഡാഷ്‌ബോർഡ് ഇപ്പോൾ XUV400 ഇവിയോട് സാമ്യമുള്ളതാണ്.

ഇതിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, അലെക്‌സ സപ്പോർട്ട്, ഏഴ് സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, ആറ്-വഴി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, അഡ്രിനോക്‌സ്-പ്രാപ്തമാക്കിയ കണക്റ്റഡ് കാർ സവിശേഷതകൾ, ലെതറെറ്റ് സീറ്റുകൾ, പുതിയ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ആംബിയൻ്റ് ലൈറ്റിംഗ്, തുടങ്ങിയ സവിശേഷതകളും എസ്‌യുവിക്ക് പകിട്ടേകാനായി വന്നെത്തിയിട്ടുണ്ട്.
കൂടാതെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ ആദ്യത്തെ പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സ്യൂട്ട് തുടങ്ങിയ ഫസ്റ്റ്-ഇൻ-സെഗ്‌മെൻ്റ് സവിശേഷതകളാലും ആള് സമ്പന്നനാണ്. 360-ഡിഗ്രി സറൗണ്ട് ക്യാമറ, വെൻ്റിലേറ്റഡ് ഫ്രണ്ട്-വരി സീറ്റുകൾ, പുതുക്കിയ സെൻ്റർ കൺസോൾ, റിയർ എസി വെൻ്റുകൾ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് പോലുള്ള സംഗതികളും എസ്‌യുവിയിൽ കോർത്തിണക്കിയിട്ടുണ്ട്.

സേഫ്റ്റിയിലേക്ക് വന്നാൽ XUV3XO-യിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആണ്. കൂടാതെ നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും ബെൽറ്റ് റിമൈൻഡറുകൾ, ഫ്രണ്ട് പാസഞ്ചർ എയർബാഗ് ഡീയാക്റ്റിവേഷൻ സ്വിച്ച്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ. ഹിൽ ഡിസൻ്റ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, വെഹിക്കിൾ ഡൈനാമിക്സ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകൾ.
ബൂട്ട് സ്പേസ് 257 ലിറ്ററിൽ നിന്ന് 295 ലിറ്ററായി ഉയർന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. ബേസ് മോഡലിന് 7.49 ലക്ഷമാണ് എക്സ്ഷോറൂം വിലയെങ്കിൽ XUV3XO എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 13.99 ലക്ഷം രൂപയാണ് വില വരുന്നത്. മൊത്തത്തിൽ നോക്കുമ്പോൾ ടാറ്റ നെക്സോണിനെ ഒതുക്കാനുള്ള എല്ലാ കഴിവും മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിക്കുണ്ടെന്ന് വേണം പറയാൻ. കൂട്ടിന് കിടിലൻ മൈലേജും പവർഫുൾ എഞ്ചിൻ ഓപ്ഷനും കൂടി ചേരുമ്പോൾ സംഗതി കളറാവും.

XUV3XO രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനിലുമാണ് വാങ്ങാനാവുക. ബേസ് മോഡലുകളിലെ 1.2 ലിറ്റർ ടർബോ-പെട്രോളിന് 110 bhp കരുത്തിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും. കൂടുതൽ ശക്തമായ 1.2 ലിറ്റർ എംസ്റ്റാലിയൻ T-GDi പെട്രോൾ 130 bhp പവറിൽ 230 Nm torque വരെയാണ് നൽകാനാവുക. XUV3XO മാനുവലിന് 0-60 കിലോമീറ്റർ വേഗത വെറും 4.5 സെക്കൻഡിൽ കൈവരിക്കാനാവും. അതേസമയം ഓട്ടോമാറ്റിക്കിന് 4.4 സെക്കൻഡിലും എത്തിപ്പിടിക്കാനാവും.
അതേസമയം കോംപാക്‌ട് എസ്‌യുവിയിലെ 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷന് പരമാവധി 115 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റുമാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. XUV 3XO എസ്‌യുവിക്ക് സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഉണ്ട്. എസ്‌യുവി ലിറ്ററിന് 20.1 കിലോമീറ്റര്‍ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








