7 പേർക്ക് സുഖമായി പോവാം, എല്ലാ ഫീച്ചറുകളുമുള്ള എസ്‌യുവിക്ക് 2.20 ലക്ഷം രൂപ വെട്ടിക്കുറച്ച് മഹീന്ദ്ര
ഫാമിലി ആവശ്യങ്ങൾക്കായി പുത്തൻ വാഹനം വാങ്ങുന്നവരെല്ലാം ഇപ്പോൾ വലിയ മോഡലുകൾക്ക് പിന്നാലെയാണ്. 7-സീറ്റർ വണ്ടികൾക്ക് മുമ്പെങ്ങുമില്ലാത്തത്ര സ്വീകാര്യതയാണ് വിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് മാരുതി എർട്ടിഗ അല്ലെങ്കിൽ ഏറിയാൽ ഒരു ടൊയോട്ട ഇന്നോവ മാത്രമായിരുന്നു വലിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഓപ്ഷനായി ഉണ്ടായിരുന്നത്. സ്ഥിതിയങ്ങനെയല്ല, കൊവിഡിന് ശേഷം ട്രെൻഡായ മൂന്നുവരി എസ്‌യുവികൾ സെവൻ സീറ്റർ രംഗത്ത് വിപ്ലവം തീർക്കുകയായിരുന്നു. ഇവിടെയാണ് മഹീന്ദ്രയും (Mahindra) മുഖംമിനുക്കി ഞെട്ടിച്ചത്. പുത്തൻ സ്കോർപിയോയും XUV700 പോലുള്ള യൂട്ടിലിറ്റി വാഹനങ്ങളുമായാണ് കമ്പനി ഇപ്പോഴും കളംനിറയുന്നത്.
ഇതിൽ പലർക്കും ഏറ്റവും ഇഷ്‌ടമുള്ള വാഹനമായി XUV700 മാറിയിട്ടുണ്ട്. വന്നിട്ട് വർഷം മൂന്ന് ആകാറായെങ്കിലും ഇന്നും ആരവം ഒഴിയാതെ വിൽപ്പന കുമിഞ്ഞുകൂടുകയാണ്. XUV500 മോഡലിന്റെ പിൻഗാമിയായിട്ടാണ് വണ്ടിയെത്തിയതെങ്കിലും അതിലും വലിയ ഫാൻഫോളോയിംഗാണ് ഇപ്പോൾ XUV700 എസ്‌യുവിക്കുള്ളത്. ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റമെല്ലാം കൂടുതൽ ആളുകളിലേക്ക് എത്തിയതും ഇതേ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലൂടെയാണ്.

സെഗ്മെന്റിൽ നേരിട്ട് മത്സരിക്കാൻ ആളില്ലാത്തതുകൊണ്ട് സ്വയം പ്രഖ്യാപിച്ച് ടൊയോട്ട ഇന്നോവ ഹൈക്രോസിനോടാണ് മഹീന്ദ്ര XUV700 മാറ്റുരയ്ക്കുന്നത്. ഏത് വലിയ കുടുംബത്തിനും പറ്റിയ ഇത്രയും സ്റ്റൈലിഷായ പ്രീമിയം എസ്‌യുവി ഈ ബജറ്റിൽ വേറെ വാങ്ങാൻ കിട്ടില്ലെന്നതാണ് സത്യം. ഇപ്പോഴിതാ കസ്റ്റമേഴ്‌സിനെ കൈയിലെടുക്കാനുള്ള ഗംഭീര പ്രഖ്യാപനമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
XUV700-യുടെ മൂന്നാം വാർഷികവും മൂന്ന് വർഷത്തിനുള്ളിൽ 2 ലക്ഷം യൂണിറ്റ് വിൽപ്പനയും ആഘോഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിൽ എസ്‌യുവിയുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി. എന്നാൽ മോഡലിന്റെ AX7 വേരിയന്റിൽ മാത്രമാണ് ഈ ആനുകൂല്യം നേടാനാവുകയെന്ന് മാത്രം. മുമ്പ് 21.54 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന ടോപ്പ് എൻഡ് പതിപ്പിന് 2.20 ലക്ഷം രൂപ വെട്ടിക്കുറച്ചു.

ഇനി മഹീന്ദ്ര XUV700 AX7 വേരിയന്റ് സ്വന്തമാക്കാൻ വരുന്നവർ എക്സ്ഷോറൂം വിലയായി 19.49 ലക്ഷം രൂപ മുടക്കിയാൽ മതിയാവുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. ഒറ്റയടിക്ക് ഇത്രയും വില കുറച്ചത് എതിരാളികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നതിൽ സംശയമില്ല. പ്രിത്യേകിച്ച് എല്ലാത്തരം ഫീച്ചറുകളും ലഭ്യമായ ടോപ്പ് എൻഡ് വേരിയന്റ് കൂടെയാണെന്നത് കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്.
വിപണിയിലെത്തി മൂന്ന് വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോത്തിനാലാണ് XUV700 എസ്‌യുവിക്ക് ഇത്രയും വില കുറക്കാൻ കാരണമായിരിക്കുന്നതെന്നും മഹീന്ദ്ര പറയുന്നു. ഈ വിലകൾ വരുന്ന നാല് മാസത്തേക്ക് മാത്രമേ സാധുതയുള്ളൂവെന്നും പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി മോഡലിന് ഡീപ് ഫോറസ്റ്റ്, ബേൺഡ് സിയന്ന എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളും ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

AX7 വേരിയന്റ് വ്യത്യസ്‌തമായ ഓപ്ഷനുകളിലും ലഭ്യമാണ്. XUV700 AX7 ആറ് സീറ്റർ പെട്രോൾ മാനുവൽ പതിപ്പിന് 19.69 ലക്ഷം രൂപയാണ് പുതുക്കിയ വില. അതേസമയം ഡീസൽ 6-സീറ്റർ മാനുവലിന് 20.19 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 6-സീറ്റർ പെട്രോൾ മോഡലിന് 21.19 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 21.59 ലക്ഷം രൂപയുമാണ് പുതുക്കിയ വില.
XUV700 AX7 സെവൻ സീറ്റർ വേരിയന്റുകൾക്ക് 20,000 രൂപയാണ് കുറവ് സംഭവിച്ചിരിക്കുന്നത്.ഡീസൽ ഓട്ടോമാറ്റിക് മാത്രം ലഭിക്കുന്ന 7-സീറ്റർ AWD പതിപ്പിന് 22.80 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. XUV700 AX7 L വേരിയന്റ് 6, 7 സീറ്റർ ഓപ്ഷനുകളിലും AWD ഓപ്ഷനിലും ലഭിക്കും. ഇവയ്ക്ക് 23.69 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.
XUV700 എസ്‌യുവിയുടെ AX7 വേരിയന്റ് ശ്രേണിയിലെ ഏത് ട്രിമ്മാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ച് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളോടു കൂടിയ ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഡ്യുവൽ HD സൂപ്പർസ്‌ക്രീൻ, സോണിയിൽ പ്രവർത്തിക്കുന്ന സ്പീക്കറുകളുള്ള 3D ഓഡിയോ, ലെതറെറ്റ് സീറ്റുകൾ എന്നിവയും അതിലേറെയും പോലുള്ള ഹൈ-എൻഡ് ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








