വലിയ ഫാമിലിക്ക് സുഖമായി പോവാം; ഇന്നോവയെ തകർക്കാൻ 7 സീറ്റർ എസ്‌യുവിയുടെ പുത്തൻ പതിപ്പുമായി മഹീന്ദ്ര
രണ്ടാംതലമുറ ഥാർ പുറത്തിറക്കിയതോടെ ഇന്ത്യൻ വിപണിയിലെ ഇമേജ് മാറിയവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പിന്നീട് അങ്ങോട്ട് കൊണ്ടുവന്ന XUV700, സ്കോർപിയോ N എസ്‌യുവികൾക്ക് ലഭിച്ച സ്വീകാര്യത അതൊന്ന് വേറെ തന്നെയായിരുന്നു. വെറും മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് ബുക്കിംഗുമായി കളംനിറഞ്ഞ ഈ തട്ടുപൊളിപ്പൻ വണ്ടികൾ കമ്പനിയുടെ ഭാവി തന്നെ മാറ്റിയെഴുതുകയായിരുന്നു.
ഒരേ സെഗ്മെന്റിൽ അല്ലെങ്കിൽ പോലും സാക്ഷാൽ ടൊയോട്ട ഇന്നോവയേക്കാൾ മിടുക്കനായി എത്തിയ 7 എസ്‌യുവിയായിരുന്നു XUV700. 5,7 സീറ്റർ ഓപ്ഷനുകളിൽ വാങ്ങാനാവും എന്നത് പലതരം ഉപഭോക്താക്കളെ കൈയിലെടുക്കാനാവുന്ന മഹീന്ദ്രയുടെ ബുദ്ധിയായിരുന്നു. XUV500 എന്ന മോഡലിന്റെ പിൻഗാമിയെന്ന മട്ടും ഭാവവും ഒന്നുമല്ല XUV700 പുറത്തെടുത്തത്. ഫീച്ചറുകളുടെ കാര്യത്തിലും യാത്രാ സുഖത്തിന്റെ കാര്യത്തിലും വരെ മിടുക്കനായ എസ്‌യുവിക്ക് ഇപ്പോഴുള്ള ഫാൻബേസ് ഒന്ന് വേറെ തന്നെയാണ്.

അടിക്കടി മോഡൽ നിരയിൽ വമ്പൻ മാറ്റങ്ങളുമായി വന്ന് മിടുക്കനായി നിൽക്കാനും മഹീന്ദ്ര ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിതാ മഹീന്ദ്ര തങ്ങളുടെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നായ XUV700 മോഡലിന് ഒരു സ്പെഷ്യൽ എഡിഷൻ സമ്മാനിച്ചിരിക്കുകയാണ്. ബ്ലേസ് എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ 2,500 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക. പരിമിതമായ സംഖ്യകളിൽ മാത്രമേ നിർമിക്കപ്പെടുകയുള്ളൂ എന്നതിനാൽ നിരത്തിൽ പ്രത്യേക പരിഗണന തന്നെ വണ്ടിക്ക് കിട്ടും.
24.24 ലക്ഷം രൂപയാണ് എസ്‌യുവിയുടെ സ്പെഷ്യൽ മോഡലിനായി നിശ്ചയിച്ചിട്ടുള്ളത്. അതായത് സ്റ്റാൻഡേർഡ് AX7 L വേരിയന്റിനേക്കാൾ ഏകദേശം 25,000 രൂപ കൂടുതൽ ചെലവേറിയതാക്കുന്നുവെന്ന് സാരം. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നതിനായി സവിശേഷമായ മാറ്റ് റെഡ് കളർ ഓപ്ഷനൊപ്പം ചില ബ്ലാക്ക്ഡ്-ഔട്ട് എലമെന്റുകളും ചേർത്താണ് പുതിയ XUV700 ബ്ലേസ് എഡിഷനെ മഹീന്ദ്ര ഒരുക്കിയെടുത്തിട്ടുള്ളത്.

7 സീറ്റർ ഓപ്ഷനിൽ മാത്രമായിരിക്കും പുതിയ ബ്ലേസ് എഡിഷൻ വാങ്ങാനാവുകയെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. അലോയ് വീലുകൾ, റൂഫ്, വിംഗ് മിറർ കേസിംഗുകൾ, ഫ്രണ്ട് ഗ്രിൽ എന്നിവയെല്ലാം കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ടെയിൽഗേറ്റിലും ഫ്രണ്ട് ഫെൻഡറുകളിലും ബ്ലേസ് എഡിഷൻ ബാഡ്ജുകളും കാണാനാവും. എക്സ്റ്റീരിയറിലേതു പോലെ തന്നെ സ്പെഷ്യൽ എഡിഷൻ എസ്‌യുവിയുടെ ഇന്റീരിയറിലും ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്.
XUV700 ബ്ലേസ് എഡിഷന്റെ അപ്‌ഹോൾസ്റ്ററിക്ക് കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗും എസി വെൻ്റുകൾക്കും സെൻ്റർ കൺസോളിനും റെഡ് ആക്‌സൻ്റും ഉള്ള ഒരു ബ്ലാക്ക് ഇന്റീരിയറാണ് ലഭിക്കുന്നത്. ടോപ്പ്-സ്പെക്ക് AX7 L ട്രിം അടിസ്ഥാനമാക്കിയുള്ളതായതിനാൽ എല്ലാ ഫീച്ചറുകളും വാഹനത്തിലുണ്ട് എന്നതും ശ്രദ്ധേയമാണ്. XUV700 ബ്ലേസ് എഡിഷൻ ഫ്രണ്ട്-വീൽ ഡ്രൈവ് രൂപത്തിൽ മാത്രമേ ലഭ്യമാകൂ.

പെട്രോൾ രൂപത്തിൽ XUV700 ബ്ലേസ് എഡിഷന് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭിക്കൂ. അതേസമയം ഡീസലിന് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കും. എസ്‌യുവിയിലെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. മറുവശത്ത് 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 185 bhp കരുത്തിൽ 420 Nm torque ആണ് നൽകുന്നത്. ഓട്ടോമാറ്റിക്കിനൊപ്പം ടോർക്ക് 450 Nm ആയി ഉയരും.
ഡീസൽ AWD വേരിയൻ്റുകളിൽ ബ്ലേസ് എഡിഷൻ ലഭ്യമല്ല. എന്തായാലും പുതിയ എസ്‌യുവിലൂടെ ഉന്നംവെക്കുന്നത് 7 സീറ്റർ എംപിവി സെഗ്മെന്റിലെ കൂടി വിൽപ്പനയാണെന്ന് പറയാം. ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് മോഡലുകളോട് വെല്ലുവിളിക്കാനും XUV700 പ്രാപ്‌തമാവുന്നുണ്ട്. 2024 ഏപ്രിലിലെ പ്രതിമാസ വിൽപ്പന കണക്കുകൾ പുറത്തുവിടുമ്പോൾ ആഭ്യന്തര വിപണിയിൽ 41,008 പാസഞ്ചർ വാഹനങ്ങളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റഴിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 34,698 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയാണ് കമ്പനിക്ക് കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ദേ കഴിഞ്ഞ ദിവസം XUV 3XO എന്ന നവീകരിച്ച സബ്കോംപാക്‌ട് എസ്‌യുവിയും മഹീന്ദ്ര വിപണിയിൽ എത്തിച്ചിട്ടുണ്ട്. 7.49 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള മോഡൽ ശരിക്കും XUV300 പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്.


Click it and Unblock the Notifications








