സത്യനും ഷീലയും പോലെ മഹീന്ദ്രയും ഡീസലും; XUV700 വാങ്ങാൻ വരുന്നവർക്കെല്ലാം വേണ്ടത് ഡീസൽ മോഡൽ
സ്പോർട് യൂട്ടിലിറ്റി വാഹന രംഗത്തെ അതികായകൻമാരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പണ്ട് പരുക്കൻ വണ്ടികൾ മാത്രം പണിതിറക്കിയിരുന്ന കമ്പനി ഇന്ന് ഫാമിലി കാറുകൾ നിർമിക്കുന്നതിൽ പേരെടുത്തു കഴിഞ്ഞു. രണ്ടാംതമലുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറങ്ങിയ ഓരോ മോഡലുകളും കൈവരിച്ച വിജയം ഒന്ന് വേറെ തന്നെയാണ്. ഇക്കൂട്ടിത്തിലെ പ്രധാനി ആരെന്ന് ചോദിച്ചാൽ XUV500-യുടെ പിൻഗാമിയായി എത്തിയ XUV700 ആണെന്ന് നിസംശയം പറയാം. വന്നനാൾ മുതൽ ദേ ഇപ്പോൾ വരെ ഈ എസ്‌യുവി തീർത്ത ആരവം തന്നെയാണ് അതിന് തെളിവായി നിരത്താനാവുന്നത്.
അടിക്കടി മോഡൽ നിരയിലേക്ക് കൊണ്ടുവരുന്ന അപ്ഡേറ്റുകളും ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന് വേണം പറയാൻ. ഈ വർഷം മെയ് മാസത്തിൽ XUV700 എസ്‌യുവിയുടെ മൊത്തം 5,008 യൂണിറ്റുകൾ വിറ്റഴിച്ചതായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. ഇതിൽ വാഹനത്തിൻ്റെ മൊത്തം വിൽപ്പനയിൽ സിംഹഭാഗവും ഡീസൽ മോഡലുകളാണ് ആധിപത്യം പുലർത്തുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനത്തിനൊപ്പം ഇന്ത്യക്കാർ വാങ്ങാനാഗ്രഹിക്കുന്നത് ഡീസൽ ഓപ്ഷനാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2024 മെയ് മാസത്തിൽ വിറ്റ മഹീന്ദ്ര XUV700 എസ്‌യുവിയുടെ 5,008 യൂണിറ്റുകളിൽ 3,845 യൂണിറ്റുകളും ഡീസൽ വേരിയന്റുകളാണ്. അതായത് പെട്രോൾ മോഡലുകൾ 33 ശതമാനം മാത്രം വിൽപ്പന നേടിയപ്പോൾ (1,163 യൂണിറ്റുകൾ) ഡീസൽ വേരിയൻ്റുകളുടെ സംഭാവന 77 ശതമാനമായിരുന്നു. പോയ വർഷം ഇതേ മാസവും ട്രെൻഡ് ഇതുതന്നെയായിരുന്നു. 2023 മെയിൽ മഹീന്ദ്ര XUV700-യുടെ ഡീസൽ വേരിയൻ്റുകൾ മൊത്തം 3,739 യൂണിറ്റുകൾ വിറ്റഴിഞ്ഞപ്പോൾ പെട്രോൾ വകഭേദങ്ങൾ 1,506 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്‌തത്.
എസ്‌യുവിയുടെ നിർമാണത്തിലേക്ക് കടക്കുകയാണെങ്കിൽ ഈ വർഷം മെയ് മാസത്തിൽ XUV700 ഡീസലിന്റെ 3,675 യൂണിറ്റുകളും പെട്രോൾ വേരിയൻ്റുകളുടെ 1,732 യൂണിറ്റുകളുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിർമിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് എണ്ണത്തിൽ നേരിയ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. 2023 മെയ് മാസത്തിൽ, XUV700 എസ്‌യുവിയുടെ 3,708 യൂണിറ്റ് ഡീസൽ വേരിയൻ്റുകളും 1,570 യൂണിറ്റ് പെട്രോൾ വേരിയൻ്റുകളുമായിരുന്നു മഹീന്ദ്ര പണിതിറക്കിയത്.

നിലവിൽ മഹീന്ദ്ര XUV700 എസ്‌യുവിക്ക് 13.99 ലക്ഷം മുതൽ 26.99 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വണ്ടി വാങ്ങാനും പറ്റും. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലും യാത്രാ സുഖത്തിന്റെ കാര്യത്തിലും വരെ മിടുക്കനായ എസ്‌യുവിക്ക് ഇപ്പോഴുള്ള ഫാൻബേസ് ഒന്ന് വേറെ തന്നെയാണ്. അടുത്തിടെ വിൽപ്പന വർധിപ്പിക്കാനായി XUV700 എസ്‌യുവിയുടെ MX 7-സീറ്റർ, AX5 S, ബ്ലേസ് എഡിഷൻ, ബേസ്-സ്പെക്ക് MX ഓട്ടോമാറ്റിക് എന്നിങ്ങനെ പുത്തൻ വേരിയന്റുകൾ അവതരിപ്പിക്കുകയുണ്ടായി. ഇതിലെ ബ്ലേസ് മോഡൽ 2,500 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക.

സ്റ്റാൻഡേർഡ് AX7 L വേരിയന്റിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന മഹീന്ദ്ര XUV700 ബ്ലേസ് എഡിഷന് 24.24 ലക്ഷം രൂപയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വേറിട്ടു നിർത്തുന്നതിന് മാറ്റ് റെഡ് കളർ ഓപ്ഷനും അതിൽ ചെറുതായി ബ്ലാക്ക്ഡ്-ഔട്ട് എലമെന്റുകളും ചേർത്താണ് ഈ പുത്തൻ പതിപ്പ് പണിതിറക്കിയിരിക്കുന്നത്. അലോയ് വീലുകൾ, റൂഫ്, വിംഗ് മിറർ കേസിംഗുകൾ, ഫ്രണ്ട് ഗ്രിൽ എന്നിവയെല്ലാം കറുപ്പിലാണ് ഒരുക്കിയിട്ടുള്ളത്.
ടെയിൽഗേറ്റിലും ഫ്രണ്ട് ഫെൻഡറുകളിലും ബ്ലേസ് എഡിഷൻ ബാഡ്ജുകൾ, ഇന്റീരിയറിൽ അപ്‌ഹോൾസ്റ്ററിക്ക് കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗ്, എസി വെൻ്റുകൾക്കും സെൻ്റർ കൺസോളിനും റെഡ് ആക്‌സന്റുകൾ എന്നിവയാണ് XUV700 എസ്‌യുവിയുടെ സ്പെഷ്യൽ മോഡലിനെ വേറിട്ടുനിർത്തുന്നത്. 7 സീറ്റർ ഓപ്ഷനിലും ഫ്രണ്ട്-വീൽ ഡ്രൈവ് സംവിധാനത്തിലും മാത്രമായിരിക്കും വാഹനം വാങ്ങാനാവുക.
ഓട്ടോമാറ്റിക് പ്രേമികളെ കൈയിലെടുക്കാനായി കൊണ്ടുവന്ന ബേസ്-സ്പെക്ക് MX ഓട്ടോമാറ്റിക്കും വിപണിയിൽ ശ്രദ്ധനേടിയിട്ടുണ്ട്. പെട്രോൾ എഞ്ചിനൊപ്പമായിരിക്കും ഈ ട്രാൻസ്മിഷൻ ഓപ്ഷൻ തുടക്കത്തിൽ നൽകുക. MX പെട്രോൾ 5-സീറ്റർ മാനുവൽ നിലവിൽ 14 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിൽക്കുന്നതെങ്കിൽ 5-സീറ്ററിന് ഏകദേശം 1.80 ലക്ഷം രൂപ അധികം മുടക്കേണ്ടി വന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
മാനുവൽ കാറുകൾ ഓടിക്കുമ്പോഴുണ്ടാവുന്ന സമ്മർദ്ദവും പ്രയത്നവും ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് ഇല്ലെന്നതിനാൽ കൂടുതൽ ആളുകൾ ഇത്തരം മോഡലുകളെ തേടിയെത്തുന്നുണ്ട്. ഇത്തരക്കാരെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ മഹീന്ദ്രക്കാവും. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, ടാറ്റ സഫാരി, എംജി ഹെക്‌ടർ ബ്രദേഴ്‌സ് ഹ്യുണ്ടായി അൽകസാർ പോലുള്ള വമ്പൻമാരുമായാണ് XUV700 മത്സരിക്കുന്നത്.


Click it and Unblock the Notifications








