ഗിയറിട്ട് മുഷിയേണ്ട, കുറഞ്ഞ വിലയ്ക്ക് XUV700 ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര, ഇനി 5 പേർക്ക് ഗ്രാൻഡായി പോവാം
ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിലേക്ക് വമ്പൻ മാറ്റങ്ങൾ കൊണ്ടുവന്ന മോഡലാണ് മഹീന്ദ്ര XUV700 (Mahindra XUV700). ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റമെല്ലാം കൂടുതൽ ആളുകളിലേക്ക് എത്തിയതും ഇതേ വാഹനത്തിലൂടെയാണ്. ജനപ്രിയനായിരുന്ന XUV500 എസ്‌യുവിയുടെ പിന്‍ഗാമിയായി എത്തുമ്പോൾ ഇത്ര കേമനായിരിക്കുമെന്ന് ആരും വിചാരിച്ചതേയുണ്ടാവില്ല. കിടുക്കാച്ചി ഫീച്ചറുകളും മികച്ച യാത്രാ സുഖത്തിനും പേരുകേട്ട ഈ വാഹനം ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കാറുകളില്‍ ഒന്നാണ്. അടിക്കടി വാഹനത്തിലേക്ക് മഹീന്ദ്ര കൊണ്ടുവരുന്ന മാറ്റങ്ങളും ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിൽ വില കുറച്ച് കൊടുക്കാനുള്ള ബ്രാൻഡിന്റെ ശ്രമങ്ങളാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.
7 സീറ്റർ വാഹനങ്ങളുടെ ഡിമാന്റ് വിപണിയിൽ കൂടി വരുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മഹീന്ദ്രയുടെ വാഹനങ്ങളേയാണ്. പലർക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഹൈക്രോസും സ്വന്തമാക്കാനാണ് ആഗ്രഹമെങ്കിലും വിലക്കൂടുതലായതിനാൽ മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ്. ഇത്തരക്കാരെയാണ് XUV700 ഉന്നംവെക്കുന്നതും. എന്നാൽ പ്രീമിയം ഫീലിനൊന്നും യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാതെ ഉഗ്രൻ സേഫ്റ്റിയും നൽകുന്നുണ്ട്. ഇന്നോവയുടെ വിലയില്ലതാനും.

അടുത്തിടെ വിൽപ്പന കൂട്ടാനായി XUV700 എസ്‌യുവിയുടെ MX 7-സീറ്റർ, AX5 S, ബ്ലേസ് എഡിഷൻ എന്നിങ്ങനെ ചില പുത്തൻ വേരിയന്റുകളും കമ്പനി അവതരിപ്പിക്കുകയുണ്ടായി. ഇതിനു പിന്നാലെ ഇപ്പോഴിതാ ഓട്ടോമാറ്റിക് പ്രേമികളെ കൈയിലെടുക്കാനുള്ള നീക്കവുമായി മഹീന്ദ്ര എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ബേസ്-സ്പെക്ക് MX വേരിയൻ്റിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് സമ്മാനിക്കാൻ പോവുകയാണ് ആഭ്യന്തര വാഹന നിർമാതാക്കൾ.
ടൊയോട്ട, ഹ്യുണ്ടായി, ടാറ്റ പോലുള്ളവയുടെ 7 സീറ്റർ എസ്‌യുവികൾക്കുള്ള ബോംബാണിതെന്നാണ് വിവരം. നിലവിൽ XUV700 MX 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. പെട്രോൾ, ഡീസൽ വേരിയൻ്റുകൾക്കും 5-സീറ്റർ, 7-സീറ്റർ വേരിയൻ്റുകൾക്കും ഇത് ബാധകമാണ്. 5-സീറ്റർ MX പതിപ്പിനൊപ്പമാണ് ഇപ്പോൾ ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ പോവുന്നത്. എന്നാൽ പെട്രോൾ എഞ്ചിനൊപ്പമായിരിക്കും ഈ ക്ലച്ച്ലെസ് സാങ്കേതികവിദ്യ തുടക്കത്തിൽ ഒരുക്കുക.

XUV700 എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ കാണുന്നത് പോലെ ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് തന്നെയായിരിക്കും ഇതും. മോഡലിന്റെ MX പെട്രോൾ 5-സീറ്റർ മാനുവൽ നിലവിൽ 14 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിപണിയിൽ എത്തുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ വരാനിരിക്കുന്ന MX പെട്രോൾ 5-സീറ്ററിന് ഏകദേശം 1.80 ലക്ഷം രൂപ അധികം മുടക്കേണ്ടി വന്നേക്കും. എങ്കിലും സംഗതി പൊളിയായിരിക്കും.
XUV700 പെട്രോൾ വേരിയൻ്റുകളിൽ 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ഇത് 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബേസ് മോഡലാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര കുറവൊന്നും വരുത്തില്ലെന്ന് അറിയാല്ലോ. XUV700 MX പെട്രോൾ ഓട്ടോമാറ്റിക്കിൻ്റെ ഫീച്ചർ ലിസ്റ്റ് പ്രധാനമായും ബന്ധപ്പെട്ട പെട്രോൾ മാനുവൽ വേരിയൻ്റിന് സമാനമായിരിക്കും.

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മുന്നിലും പിന്നിലും യുഎസ്ബി പോർട്ടുകൾ, ടിൽറ്റ് അഡ്‌ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, റിയർ എസി വെൻ്റുകൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, 4-സ്പീക്കറുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, സ്‌മാർട്ട് ഡോർ ഹാൻഡിലുകൾ, ഫുൾ സൈസ് വീൽ കവറുകൾ, ആരോ-ഹെഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം XUV700 MX ബേസ് ഓട്ടോമാറ്റിക്കിന് മൊഞ്ച് നൽകും.
സേഫ്റ്റിയുടെ കാര്യത്തിലും വാഹനം മിടുക്കനാണെന്ന് ഓർമിപ്പിച്ചേക്കാം. സേഫ്റ്റി ഫീച്ചേഴ്‌സിലേക്ക് വന്നാൽ ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. XUV700 ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും ചൈൽഡ് സേഫ്റ്റിയിൽ 4-സ്റ്റാറും ഇതിന് ലഭിച്ചിട്ടുണ്ട്.
മാനുവൽ കാറുകൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദവും പ്രയത്നവും കുറയ്ക്കുന്നതിനാൽ, ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് കാര്യമായ ഡിമാൻഡുണ്ട്. കനത്ത ട്രാഫിക്കുള്ള നഗര സാഹചര്യങ്ങൾക്ക് ഇത് പ്രത്യേകിച്ചും അനുകൂലമാക്കുന്നത് പ്ലസ് പോയിന്റാണ്. എന്തിന് ഹൈവേകളിൽ പോലും ഏതൊരാൾക്കും അനായാസം ഡ്രൈവ് ചെയ്യാം. XUV700 എസ്‌യുവിയുടെ ബേസ്-സ്പെക്ക് MX വേരിയൻ്റിനൊപ്പം ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ചേർക്കുന്നതിലൂടെ മഹീന്ദ്രയ്ക്ക് ഒരു വലിയ വിഭാഗം ആളുകളെ വാഹനത്തിലേക്ക് അടുപ്പിക്കാനാവുന്ന കാര്യമാണ്.


Click it and Unblock the Notifications








