ഏത് വലിയ കുടുംബത്തിനും പറ്റിയ വാഹനം, XUV700 ഇതുവരെ വാങ്ങിയത് 2 ലക്ഷം പേർ; ഇത് മഹീന്ദ്രയുടെ ഇന്നോവയോ?
ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിൽ കൊടുങ്കാറ്റായ മോഡലാണ് മഹീന്ദ്ര XUV700 (Mahindra XUV700). വന്നിട്ട് വർഷം മൂന്ന് ആകാറായെങ്കിലും ഇന്നും ആരവം ഒഴിയാതെ വിൽപ്പന കുമിഞ്ഞുകൂടുകയാണ്. ഥാറും സ്കോർപിയോയും എല്ലാം നിരയിലുണ്ടായിട്ടും ഈ വാഹനത്തിനുള്ള ഫാൻബേസ് ഒന്ന് വേറെ തന്നെയാണെന്ന് പറയാതെ വയ്യ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് പ്രീമിയം ബ്രാൻഡ് ഫീൽ നൽകുന്നതിൽ XUV700 വഹിച്ച പങ്കും ചെറുതല്ല. ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റമെല്ലാം കൂടുതൽ ആളുകളിലേക്ക് എത്തിയതും ഇതേ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലൂടെയാണ്. ജനപ്രിയനായിരുന്ന XUV500 എസ്‌യുവി നിർത്തലാക്കിയപ്പോൾ വലിയൊരു വിഭാഗം തന്നെ നിരാശരായിരുന്നു.
എന്നാൽ പിൻഗാമിയായി പിറവിയെടുത്ത XUV700 എല്ലാക്കുറവകളും നികത്തിയെന്നതിലുപരി XUV500 എന്ന മോഡലിനെ തന്നെ ആളുകളുടെ മനസിലേക്ക് വരാതിരിക്കുന്നതിനും കാരണമായി. കിടുക്കാച്ചി ഫീച്ചറുകളും മികച്ച യാത്രാ സുഖത്തിനും പേരുകേട്ട ഈ വാഹനം ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കാറുകളില്‍ ഒന്നാണ്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനും 5 സീറ്റർ, 7 സീറ്റർ കോൺഫിഗറേഷൻ എന്നിവയെല്ലാമുള്ള ഇത്രയും പ്രായോഗികമായ എസ്‌യുവി വേറെയുണ്ടോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു.

ഇപ്പോഴിതാ വിൽപ്പനയുടെ കാര്യത്തിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് XUV700. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന XUV700 എസ്‌യുവിയുടെ ഉത്പാദനം 2 ലക്ഷം യൂണിറ്റ് കടന്നിരിക്കുന്നതാണ് ആ സന്തോഷ വാർത്ത. വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം വെറും 33 മാസത്തിനുള്ളിലാണ് മോഡലിന് ഈ സുപ്രധാന നാഴികക്കല്ല് മറികടക്കാൻ സാധിച്ചത്.
ലോഞ്ച് ചെയ്ത് 21 മാസത്തിനുള്ളിൽ മഹീന്ദ്ര ആദ്യത്തെ 100,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ അടുത്ത 1 ലക്ഷം യൂണിറ്റുകളുടെ പ്രൊഡക്ഷൻ വെറും ഒരു വർഷത്തിനുള്ളിലാണ് ബ്രാൻഡ് കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങൾ അവസാനിക്കുന്നതിന് മുമ്പാണ് XUV700 പുറത്തിറക്കിയത്. എങ്കിലും പ്രതീക്ഷിച്ചതിലും വിജയം നേടാനായത് മഹീന്ദ്രയുടെ വളർച്ചക്കും കാരണമായി.

എസ്‌യുവിക്കുള്ള വലിയ വിഹിതം ഉപയോഗിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്പാദനം സുസ്ഥിരമാക്കിക്കൊണ്ട് ഡിമാൻഡ് പരിഹരിക്കുന്നതിനോടൊപ്പം എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും ബ്രാൻഡിനായിട്ടുണ്ട്. ബുക്കിംഗ് ശക്തമായി തുടരുന്നുണ്ട്. കൂടുതൽ ആളുകളെ വാഹനത്തിലേക്ക് ആകർഷിക്കുന്നതിനായി XUV700 AX5 സെലക്‌ട്, MX 7-സീറ്റർ, ബ്ലേസ് എഡിഷൻ എന്നിവയുൾപ്പെടെയുള്ള പുതിയ വേരിയന്റുകളും മോഡിലേക്ക് എത്തിയിട്ടുണ്ട്.
കൂടാതെ ബേസ് MX വേരിയൻ്റിലേക്ക് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൊണ്ടുവന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഞെട്ടിക്കുകയും ചെയ്‌തു. പുതിയ പ്രൊഡക്ഷൻ റെക്കോർഡിന്റെ സ്മരണയ്ക്കായി മഹീന്ദ്ര XUV700 മോഡലിലേക്ക് ഡീപ് ഫോറസ്റ്റ്, ബേൺ സിയന്ന എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ച മോഡൽ ഫീച്ചറുകളാൽ സമ്പന്നമാണെന്നതിന് പുറമെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്ന് എന്ന ബഹുമതിയും ഇതിലൂടെ വാഹനത്തിന് സ്വന്തമാക്കാനായിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും ചൈൽഡ് സേഫ്റ്റിയിൽ 4-സ്റ്റാർ റേറ്റിംഗുമാണ് XUV700 മോഡലിന് സ്വന്തമാക്കാനായത്. സേഫ്റ്റി ഫീച്ചേഴ്‌സിലേക്ക് വന്നാൽ ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.
സ്‌പോർട്ടി ഡിസൈൻ, വിശാലവും പ്രീമിയവുമായ ഇന്റീരിയർ, ഫീച്ചറുകളുടെ വിപുലമായ നിര, ശക്തമായ പെട്രോൾ, ഡീസൽ എഞ്ചിനുകൾ എന്നിവയെല്ലാമാണ് XUV700 എസ്‌യുവിയുടെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കാര്യങ്ങൾ. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വണ്ടി വാങ്ങാനും പറ്റും. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് തെരഞ്ഞെടുക്കാനാവുക.
ഫീച്ചറുകളിലേക്ക് നോക്കിയാൽ ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവ പോലുള്ള മോഡേൺ സവിശേഷതകളാൽ വാഹനം സമ്പന്നമാണ്.
ഇതുകൂടാതെ മഹീന്ദ്ര XUV700 എസ്‌യുവിയുടെ 2024 പതിപ്പിൽ വെൻ്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ORVM-കൾ, 13 പുതിയ ഫീച്ചർ മെച്ചപ്പെടുത്തലുകളുള്ള OTA അപ്‌ഡേറ്റുകൾ, പുതിയ നാപ്പോളി ബ്ലാക്ക് കളർ ഓപ്ഷൻ എന്നിവയും മഹീന്ദ്ര പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ രണ്ട് നിറങ്ങളോടെ സ്പോർട് യൂട്ടിലിറ്റി വാഹനം ഇപ്പോൾ ഒമ്പത് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications








