ടാറ്റ എയ്‌സിന് പണിയാവും, 7.52 ലക്ഷത്തിന് ADAS സേഫ്റ്റിയുള്ള ഇവിയുമായി മഹീന്ദ്ര, കൂട്ടിന് 246 കി.മീ. റേഞ്ചും
പാസഞ്ചർ വാഹന രംഗത്ത് ഏറ്റവും ട്രെൻഡിംഗായി നിൽക്കുന്ന സേഫ്റ്റി ഫീച്ചറുകളിൽ ഒന്നാണ് ADAS. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് മുതലങ്ങോട്ട് ലഭ്യമാവാൻ തുടങ്ങിയ ഈ സംഗതി ആളുകൾക്കെല്ലാം ഏറെയിഷ്‌ടമാണ്. ശരിക്കും XUV700 എന്ന പ്രീമിയം മോഡലിലൂടെയാണ് രാജ്യത്ത് ഇത്രയുമധികം ഈ സേഫ്റ്റി ഫീച്ചർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് XUV 3X0 എന്ന കുഞ്ഞനിലേക്കും എത്തി. അങ്ങനെ വിൽപ്പനയുടെ കാര്യത്തിൽ സാക്ഷാൽ ടാറ്റയെ വരെ പൊട്ടിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബ്രാൻഡായി മാറാനും മഹീന്ദ്രയ്ക്ക് സാധിച്ചിരുന്നു. ഹ്യുണ്ടായിക്ക് മുന്നിൽ വെറും ചെറിയ കണക്കിലാണ് രണ്ടാംസ്ഥാനം നഷ്‌ടമായത്.
പാസഞ്ചർ സെഗ്മെന്റിലേതു പോലെ തന്നെ വാണിജ്യ വാഹന രംഗത്തും അതികായകൻമാരാണ് മഹീന്ദ്ര. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ മുതൽ വലിയ ട്രക്കുകളും ബസുകളും വരെ നിർമിക്കുന്ന കമ്പനി ഇപ്പോഴിതാ ഇന്ത്യക്കായി പുതിയൊരു ഇലക്‌ട്രിക് 4വീൽ ട്രക്കും അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. സിയോ ഇവി എന്നുപേരിട്ടിരിക്കുന്ന മോഡൽ ADAS പോലുള്ള ഒരുപാട് പ്രത്യേകതകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

അതും 7.52 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മഹീന്ദ്ര സിയോ ഇവി പുറത്തിറക്കിയിരിക്കുന്നത് എന്നതുകൂടി അറിഞ്ഞാൽ സംഗതി കളറാവും. ഇതാദ്യമായാണ് മഹീന്ദ്ര ഫോർവീൽ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് സെഗ്മെന്റിലേക്ക് കടക്കുന്നത്. ടാറ്റ എയ്‌സ് ഇവിയുമായി നേരിട്ടി മല്ലടിക്കാനാണ് സിയോ ഇവി പണികഴിപ്പിച്ചിരിക്കുന്നത്. പെട്രോൾ, സിഎൻജി, ഡീസൽ, ഇലക്ട്രിക് എന്നിവയിൽ പ്രവർത്തിക്കുന്ന വലിയ വിജയകരമായ വാഹന നിരയിലേക്ക് പുത്തൻ വാഹനം കൂടിയെത്തുന്നത് കമ്പനിക്ക് കരുത്താവും.
മഹീന്ദ്രയുടെ സിയോ (ZEO) എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത് 'സീറോ എമിഷൻ ഓപ്ഷൻ' എന്നാണ്. ട്രിയോ, ആൽഫ, സോർ, ജീത്തോ എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ലാസ്റ്റ് മൈൽ മൊബിലിറ്റി ഡിവിഷനിലേക്കുള്ള ഒരു പ്രധാന കൂട്ടിച്ചേർക്കലായാണ് പുതിയ ഫോർവീൽ ഇലക്ട്രിക് ട്രക്കിനെ കാണുന്നത്. V1, V2 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വാഹനം വിപണനത്തിന് എത്തുന്നത്. പേരുകളിൽ DV200 എന്ന സഫിക്‌സോടു കൂടി മുൻകൂട്ടി നിർമിച്ച ബോഡിയിൽ ഇവ ലഭ്യമാണ്.

മഹീന്ദ്ര സിയോയുടെ അടിസ്ഥാന വിലയായ 7.52 ലക്ഷം രൂപ ഇതിനകം തന്നെ ആകർഷകമായിരിക്കെ BaaS (ബാറ്ററി-ആസ്-എ സർവീസ്) പ്രോഗ്രാമും വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി വാഹനത്തെ കൂടുതൽ താങ്ങാനാവുന്നതാക്കുന്നുണ്ട്. അടുത്തിടെ എംജി വിൻഡ്‌സർ ഇവിയിൽ അവതരിപ്പിച്ച ബാറ്ററിക്ക് വാടക കൊടുക്കുന്ന അതേ സംവിധാനമാണിത്. ഒപ്പം പുതിയ ഇലക്ട്രിക് ട്രക്ക് വാങ്ങുന്നവർക്ക് ആകർഷകമായ ഫിനാൻസ് ഓപ്ഷനുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാറ്ററി വാടകയ്ക്ക് എടുക്കുന്ന സ്കീമാണ് നൽകുന്നതെങ്കിൽ ഓടുന്ന ഓരോ കിലോമീറ്ററിനും 2.25 രൂപയാണ് മുടക്കേണ്ടി വരിക. കൂടാതെ മഹീന്ദ്ര സിയോയ്ക്ക് 3 വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വെഹിക്കിൾ വാറണ്ടി, 7 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി എന്നിവയും കമ്പനി നൽകുന്നുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 18.4 kWh അല്ലെങ്കിൽ 21.3 kWh ബാറ്ററി പായ്ക്കിലാണ് ഇവി വിപണനത്തിന് എത്തുന്നത്.

സിംഗിൾ ചാർജിൽ 246 കിലോമീറ്റർ ക്ലെയിംഡ് റേഞ്ച് അവകാശപ്പെടുന്ന മഹീന്ദ്ര സിയോയ്ക്ക് 160 കിലോമീറ്ററാണ് റിയൽ വേൾഡ് റേഞ്ചായി മഹീന്ദ്ര പറയുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 40 bhp കരുത്തിൽ 114 Nm Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ പരമാവധി വേഗതമാണ് മഹീന്ദ്ര സിയോയ്ക്ക് പുറത്തെടുക്കാനാവുക.
765 കിലോഗ്രാമാണ് മഹീന്ദ്ര സിയോ ഇലക്ട്രിക് ട്രക്കിന്റെ ലോഡ് കപ്പാസിറ്റിയായി പറയുന്നതും. ചാർജിംഗ് ഓപ്ഷനുകളും ശ്രദ്ധേയമാണ്. CCS2 ചാർജിംഗ് പോർട്ട് വഴിയുള്ള ഡിസി ഫാസ്റ്റ് ചാർജിംഗ് 100 കിലോമീറ്റർ റേഞ്ച് ചേർക്കാൻ 60 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരിക. അതേസമയം എസി ഫാസ്റ്റ് ചാർജിംഗിന് 3 മണിക്കൂറും ഹോം ചാർജിംഗിന് 7 മണിക്കൂറും സമയം വേണം ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ.
സിയോ ഫോർവീൽ കൊമേഴ്‌സ്യൽ ട്രക്കിന് ഇക്കോ, പവർ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും മഹീന്ദ്ര കൊടുത്തിട്ടുണ്ട്. ക്രീപ്പ് ഫംഗ്‌ഷൻ, ADAS ടെക് പോലുള്ള കിടിലൻ ഫീച്ചറുകളാലും ഇവി ട്രക്ക് സമ്പന്നമാണ്. ഫോർവേഡ് കൊളിഷൻ, ഹെഡ്‌വേ മോണിട്ടറിംഗ്, പെഡസ്ട്രിയൻ കൊളിഷൻ, ലെയിൻ ഡിപ്പാർച്ചർ, ഡ്രൈവർ മോണിറ്ററിംഗ്, ഡ്രൈവർ ഫാറ്റീഗ് വാർണിംഗ്, ഡ്രൈവർ കോച്ചിംഗ്, ഡ്രൈവർ ബിഹേവിയർ ഇൻസൈറ്റ് തുടങ്ങിയ സവിശേഷതകളാണ് ADAS-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








