ബേസ് വേരിയന്റുകളിലും ഫീച്ചറുകളുടെ ആറാട്ട്, 8.49 ലക്ഷത്തിന് ബ്രെസ അർബാനോ എഡിഷനുമായി മാരുതി
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മിടുക്കൻമാരിൽ ഒരാളാണ് മാരുതി സുസുക്കിയുടെ ബ്രെസ (Maruti Suzuki Brezza). ആദ്യകാലത്ത് വിറ്റാര ബ്രെസയെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പേരിലെ വിറ്റാര പിന്നീട് ഒഴിവാക്കി ഇപ്പോൾ വെറും ബ്രെസയെന്നാണ് ആശാൻ അറിയപ്പെടുന്നത്. മാരുതിയുടെ എല്ലാ കാറുകളിലുമുള്ള സവിശേഷത ഇതിലും കാണാം. ഗംഭീര മൈലേജും അതിനൊത്ത പെർഫോമൻസ് എന്നിവയുടെ സംയോജനമാണ് എസ്‌യുവിക്കുള്ളത്. പോയ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ സ്പോർട് യൂട്ടിലിറ്റി വാഹനവും ഇതുതന്നെയാണ്. മാരുതിയുടെ പേരിനൊപ്പം ബ്രെസ കൂടി ചേരുമ്പോൾ സംഗതി ഉഷാറാണ്.
കടുത്ത മത്സരാധിഷ്ഠിത സെഗ്മെന്റിൽ ബ്രെസയുടെ ആകർഷണം കൂടുതൽ വിപുലീകരിക്കുന്നതിനായി മാരുതി സുസുക്കി ബ്രെസയ്ക്ക് ഒരു പുത്തൻ അർബാനോ എഡിഷൻ കൂടി സമ്മാനിക്കുകയാണ്. കൂടുതൽ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്ന ലോവർ വേരിയൻ്റുകളിലായിരിക്കും ഇത് അരങ്ങേറുക എന്നതാണ് ശ്രദ്ധേയമായ കാര്യം. LXi, VXi, ZXi, ZXi+ ട്രിം ലെവലുകളിലാണ് എസ്‌യുവി നിലവിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്.

ടോപ്പ് എൻഡ് ZXi, ZXi+ എന്നിവയ്‌ക്ക് എല്ലാ ഫീച്ചറുകളും സൌകര്യങ്ങളും ലഭിക്കുമ്പോൾ സാധാരണക്കാരുടെ പ്രിയപ്പെട്ട ബേസ് LXi, VXi എന്നിവ വാങ്ങുന്നവർ പലപ്പോഴും ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച്ചയ്ക്ക് തയാറാവുകയാണ് ചെയ്യാറ്. എന്നാൽ ബ്രെസ വാങ്ങാനെത്തുന്ന സാധാരണക്കാരെയും ചേർത്തുനിർത്താനാണ് കമ്പനിയുടെ പദ്ധതി. ഇതിനായാണ് LXi, VXi ട്രിം ലെവലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത അർബാനോ എഡിഷൻ വരുന്നത് തന്നെ.
മാരുതി ബ്രെസയുടെ LXi അർബാനോ എഡിഷന് 8.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. റിയർ പാർക്കിംഗ് ക്യാമറ, ടച്ച്‌സ്‌ക്രീൻ, സ്പീക്കറുകൾ, ഫ്രണ്ട് ഫോഗ് ലാമ്പ് കിറ്റ്, ഫോഗ് ലാമ്പ് ഗാർണിഷ്, ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഫ്രണ്ട് ഗ്രിൽ ക്രോം ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗ്, വീൽ ആർച്ച് കിറ്റ് എന്നീ ഫീച്ചറുകളെല്ലാമാണ് ഇതിൽ ലഭ്യമാവുക.

VXi എടുത്തിട്ട് ഈ ആക്‌സസറികൾക്ക് ഒറ്റയ്‌ക്ക് വാങ്ങുമ്പോൾ 52,370 രൂപയാണ് വില വരുന്നത്. അതേസമയം കിറ്റായി വാങ്ങിയാൽ 42,000 രൂപയും മുടക്കേണ്ടി വരും. പക്ഷേ അർബാനോ എഡിഷൻ പാക്കേജിനൊപ്പം LXi വേരിയൻ്റിന് അധികമായി 15,000 രൂപ മാത്രമാണ് ചെലവഴിക്കേണ്ടി വരിക. ഇനി VXi അർബാനോ എഡിഷൻ വാങ്ങിയാൽ അധികമായി ഒരു റിയർ ക്യാമറ, ഫോഗ് ലാമ്പുകൾ, ഒരു പ്രത്യേക ഡാഷ്‌ബോർഡ് ട്രിം പോലുള്ള സവിശേഷതകളും സ്വന്തമാക്കാനാവും.
ഇതുകൂടാതെ ബോഡി സൈഡ് മോൾഡിംഗ്, വീൽ ആർച്ച് കിറ്റ്, മെറ്റൽ സിൽ ഗാർഡുകൾ, ഒരു രജിസ്ട്രേഷൻ പ്ലേറ്റ് ഫ്രെയിം, 3D ഫ്ലോർ മാറ്റുകൾ എന്നിവയും മാരുതി ബ്രെസയുടെ VXi അർബാനോ എഡിഷനിൽ ലഭ്യമാവും. ഈ ആക്‌സസറികളെല്ലാം വെവ്വേറെ വാങ്ങുമ്പോൾ 26,149 രൂപയും ഒരു കിറ്റായി വാങ്ങുമ്പോൾ 18,500 രൂപയുമാണ് വില. എന്നാൽ അർബാനോ എഡിഷനാണെങ്കിൽ ഇതിനെല്ലാം അധികമായി മുടക്കേണ്ടി വരുന്നത് വെറും 3,500 രൂപ മാത്രമാണ്.

മാനുവൽ, ഓട്ടോമാറ്റിക് ട്രിമ്മുകളിൽ പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളിൽ അർബാനോ എഡിഷൻ ലഭ്യമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. നിലവിൽ കോംപാക്‌ട് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വിൽപ്പന കൂട്ടാനായി വാഹനത്തിന് ഈ മാസം 25,000 രൂപ വരെ ഓഫറുകളും കമ്പനിയിട്ടിട്ടുണ്ട്.
1.5 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് ബ്രെസ വിപണിയിൽ എത്തുന്നത്. 5-സ്പീഡ് മാനുവൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന ഇത് 103 bhp പവറിൽ 137 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 5-സ്പീഡ് മാനുവൽ ട്രാൻസ്‌മിഷൻ മാത്രമുള്ള സിഎൻജി പതിപ്പും വാഹനത്തിലുണ്ട്. ലിറ്ററിന് 18.76 കിലോമീറ്റർ മൈലേജാണ് ബ്രെസയിൽ കമ്പനി അവകാശപ്പെടുന്നത്. സിഎൻജി മോഡൽ വാങ്ങുന്നവർക്ക് 25.51 കിലോമീറ്ററോളം ഇന്ധനക്ഷമതയും കിട്ടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








