10 അല്ല, 20 അല്ല... 30 ലക്ഷം പേർ വാങ്ങിയ മാരുതി കാർ, പുതിയ നേട്ടവും സ്വന്തമാക്കി ഫാമിലി കാറിന്റെ കുതിപ്പ്
സെഡാനുകൾ മരിച്ചുകൊണ്ടിരിക്കുന്ന കാലത്തും ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരുന്ന ത്രീ-ബോക്‌സ് ടൈപ്പ് കാറാണ് മാരുതി സുസുക്കി ഡിസയർ. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡാവുന്നതിന് മുമ്പ് ഇന്ത്യക്കാർക്ക് കാറെന്നാൽ അത് സെഡാനായിരുന്നു. അതിനാൽ ഹിറ്റടിക്കുന്ന ഹാച്ച്ബാക്കുകളുടെ ഡിക്കിയുള്ള മോഡലുകൾ പുറത്തിറക്കുന്ന ട്രെൻഡ് അന്നേയുണ്ടായിരുന്നു. സ്വിഫ്റ്റിന്റെ വിസ്‌മയിപ്പിക്കുന്ന വിജയം തുടരാൻ മാരുതി കളത്തിലിറക്കിയ ഉത്തരമായിരുന്നു ഡിസയർ. സ്വകാര്യ ആവശ്യത്തിനും ടാക്‌സിയായുമെല്ലാം വണ്ടി ഏതായാലും കളംനിറഞ്ഞു. മാരുതിയുടെ വിശ്വാസവും കുറഞ്ഞ മെയിന്റനെൻസും ഡീസൽ എഞ്ചിന്റെ സാന്നിധ്യവും ഉഗ്രൻ മൈലേജുമെല്ലാം കാറിന്റെ മുതൽക്കൂട്ടായിരുന്നു.
2008-ലാണ് മാരുതി സുസുക്കി ഡിസയർ എന്ന കോംപാക്‌ട് സെഡാന് രൂപം കൊടുക്കുന്നത്. അന്ന് മുതൽ ഇന്നു വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായി വളരാൻ മോഡലിനായിട്ടുണ്ട്. ഇപ്പോൾ 30 ലക്ഷം നിർമാണമെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ഡിസയർ. അടുത്തിടെ നാലാം തലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയ മോഡലിന് മൈലേജാവുന്ന നേട്ടമാണ് ഈ നാഴികക്കല്ല്.

സ്റ്റീരിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ട്വിൻ എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ പണ്ട് മുതലേ വാഗ്‌ദാനം ചെയ്‌തിരുന്ന ഡിസയർ ഇപ്പോൾ ശരിക്കും പരിഷ്ക്കാരി തന്നെയാണ്. വിശാലമായ ഇന്റീരിയറും താരതമ്യേന വലിയ ബൂട്ട് സ്പേസുമെല്ലാം ഇവനെ കിടിലൻ ഫാമിലി കാറാക്കി മാറ്റി. സെക്കൻഡ് ഹാൻഡ് വിപണിയിലും ഇപ്പോൾ വമ്പൻ ഡിമാന്റുള്ള കക്ഷി മുഖംമിനുക്കിയെത്തിയതോടെ ഇമേജ് വർധിച്ചിട്ടുണ്ട്.
മാരുതി ഡിസയർ അതിന്റെ 10 ലക്ഷം ഉത്പാദനം എന്ന നാഴികക്കല്ല് 2015 ഏപ്രിലിലാണ് പിന്നിട്ടത്. തുടർന്ന് 20 ലക്ഷത്തിലെത്തിയത് 2019 ജൂൺ മാസവുമായിരുന്നു. പിന്നീട് കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടുവെങ്കിലും ഇതിനെയെല്ലാം തരണം ചെയ്‌ത് സെഡാന്റെ വിൽപ്പന ശക്തമായി മുന്നേറുകയും ചെയ്‌തു. അങ്ങനെ 5 വർഷത്തിനിപ്പുറം എസ്‌യുവികളുടെ ആധിപത്യത്തിനിടയിൽ 30 ലക്ഷത്തിൽ തൊടാനും കാറിനായി.

മാരുതി സുസുക്കി ഡിസയറിൻ്റെ 3 മില്യൺ നിർമാണം എന്ന നാഴികക്കല്ല് കൈവരിക്കുന്നതിൽ നിർണായകമായത് ഉപഭോക്താക്കളുടെ തുടർച്ചയായ വിശ്വാസമാണെന്നും ഇതിൽ തങ്ങൾക്ക് അഗാധമായ നന്ദിയുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. ഡിസയറിന്റെ രണ്ടാം തലമുറ മോഡൽ 2012-ലും മൂന്നാം-തലമുറ 2017-ലുമാണ് കമ്പനി പുറത്തിറക്കുന്നത്.
പിന്നീട് നാലാം തലമുറയിലെത്താൻ 7 കൊല്ലത്തോളം കാത്തിരിക്കേണ്ടിയും വന്നു. കാർഗോ ഏരിയയുള്ള ഒരു സ്വിഫ്റ്റ് ആയിട്ടാണ് ഡിസയർ പലപ്പോഴും കണ്ടിരുന്നതെങ്കിൽ ഇനിയത് ഉണ്ടാവില്ലെന്നതാണ് രസകരമായ കാര്യം. ഹാച്ച്ബാക്ക് മോഡലിൽ നിന്നും കാഴ്ച്ചയിൽ യാതൊരു സാമ്യതയുമില്ലാതെയാണ് പുതുപുത്തൻ പതിപ്പിനെ കമ്പനി ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒപ്പം ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യ മാരുതി കാറായി മാറാനും ഡിസയറിനായി.

മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ ഡിസയർ 34 പോയിൻ്റിൽ 31.24 പോയിന്റും നേടിയപ്പോൾ കുട്ടികളുടെ സേഫ്റ്റിയുടെ കാര്യത്തിൽ സെഡാന് 42-ൽ 39.20 പോയിന്റ് നേടാനും കഴിഞ്ഞു. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2025 ജനുവരി മുതൽ ഈ വിലയിൽ വർധനവ് ഉണ്ടാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
സ്വിഫ്റ്റുമായി കാഴ്ച്ചയിൽ ബന്ധമൊന്നും തോന്നില്ലെങ്കിലും ഹാച്ച്ബാക്ക് മോഡലിലെ അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ വികസിപ്പിക്കാനുമാവും.
ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ വരെ 25.71 കി.മീ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. സിഎൻജി ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 33 കിലോമീറ്റർ വരെയും ഇന്ധനക്ഷമത ലഭിക്കുകയും ചെയ്യും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്ന വേരിയന്റിന്റെ ഡെലിവറി കമ്പനി ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും വരുന്ന വർഷം തുടക്കത്തിൽ തന്നെ വിതരണം ആരംഭിച്ചേക്കുമെന്നാണ് വിവരം.


Click it and Unblock the Notifications








