220 കി.മീ. റേഞ്ചുള്ള മാരുതിയുടെ ഇലക്‌ട്രിക് കാറിനായുള്ള ബുക്കിംഗ് തുടങ്ങി, വില 9.99 ലക്ഷം മാത്രം
അൽപം വൈകിയാണെങ്കിലും ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആവശ്യം ദിനംപ്രതി വർധിച്ചുവരികയാണ്. ടാറ്റ മോട്ടോർസും എംജിയും മഹീന്ദ്രയുമെല്ലാം ഇവികളിലൂടെ വിപ്ലവം തീർക്കുന്നവരാണ്. പക്ഷേ പഴയ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാൻ നമ്മളിൽ പലരും ഇപ്പോഴും തയാറായിട്ടില്ല. പക്ഷേ പഴയ കാറിനെ ഇവിയിലേക്ക് കൺവെർട്ട് ചെയ്‌ത് ഉപയോഗിക്കാൻ മാർഗമുണ്ടോയെന്ന് അന്വേഷിക്കുന്നവർ ഏറെയാണ്. അത്തരക്കാർക്കായി പ്രവർത്തിക്കുന്ന അനേകം വർക്ക്‌ഷോപ്പുകളും ഇന്ന് സജീവമായുണ്ട്. ICE വാഹനങ്ങളിൽ സ്ഥാപിക്കാൻ കഴിയുന്ന കസ്റ്റം കൺവേർഷൻ കിറ്റുകൾ വികസിപ്പിച്ചെടുത്ത് വിപണനം ചെയ്യാനും സർക്കാർ ഇവർക്ക് അനുമതി കൊടുക്കാറുണ്ടെന്നതും പലർക്കും അറിയാത്ത സംഗതിയാവും.
ഇന്ത്യയിൽ പഴയ ICE എഞ്ചിൻ വാഹനങ്ങളെ ഇവിയിലേക്ക് പരിവർത്തനം ചെയ്യുന്നവരിൽ പ്രമുഖരാണ് നോർത്ത്‌വേ മോട്ടോർസ്. ഇവി കൺവേർഷൻ കിറ്റുകളിൽ പ്രവർത്തിക്കുന്ന പൂനെ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണിത്. മുമ്പ് മാരുതി ഇഗ്നിസ് പോലുള്ള ചില മോഡലുകളുടെ ഇവി പതിപ്പിറക്കി ഞെട്ടിച്ചിട്ടുള്ള നോർത്ത്‌വേ ഇപ്പോഴിതാ മാരുതി ഈക്കോ വാനിനെയും വൈദ്യുതീകരിച്ച് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

റിട്രോഫിറ്റഡ് ഇവി കിറ്റുള്ള മാരുതി ഈക്കോ വാൻ സിംഗിൾ ചാർജിൽ 220 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് നോർത്ത്‌വേ മോട്ടോർസ് പറയുന്നത്. വൈദ്യുതീകരിച്ച കാറിന്റെ വീഡിയോ നോർത്ത്‌വേ ആൻഡ് എൻടി പവർ സിസ്റ്റംസ് അവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുമുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന സ്റ്റോക്ക് മാരുതി ഈക്കോയെ കാണിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ആദ്യ കാഴ്ച്ചയിൽ ഇത് പെട്രോളിൽ ഓടുന്ന ഈക്കോ തന്നെയല്ലേയെന്ന് തേന്നിയേക്കാമെങ്കിലും ഒന്ന് കുനിഞ്ഞു നോക്കിയാൽ സംഗതി വ്യക്തമാവും. കാറിന്റെ അണ്ടർബോഡിയിലാണ് ഇലക്ട്രിക്കിലേക്ക് പരിവർത്തനം ചെയ്‌തിരിക്കുന്നതിന്റെ പരിഷാക്കാരങ്ങൾ കാണാനാവുക. എഞ്ചിൻ, ഗിയർബോക്സ്, എക്‌സ്‌ഹോസ്റ്റ് അങ്ങനെ ആന്തരിക ജ്വലന എഞ്ചിനുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും നീക്കം ചെയ്‌താണ് ഈക്കോയെ ഇവിയാക്കി മാറ്റിയിരിക്കുന്നത്.

ഈ ഘടകങ്ങൾ നീക്കം ചെയ്തുകഴിഞ്ഞ് ബാറ്ററി പായ്ക്കും ഇലക്ട്രിക് പവർട്രെയിനും വാഹനത്തിനടിയിലാണ് നോർത്ത്‍വേ സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററികൾ ഫ്ലോറിന് അടിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനത്തിന്റെ ഉയരത്തിലും വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടുമില്ല. പക്ഷേ കാറിലെ സസ്‌പെൻഷൻ സജ്ജീകരണം അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെന്നാണ് അനുമാനം. 22 kWh ബാറ്ററി പായ്ക്കാണ് മാരുതി ഈക്കോയ്ക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
ഇത് 24 bhp കരുത്തിൽ പരമാവധി 100 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നതും. കാറിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു ഹൈ-ഡ്യൂട്ടി-സൈക്കിൾ മോട്ടോറാണ്. 22 kWh ബാറ്ററി പായ്ക്ക് വെറും 2 മണിക്കൂറിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. കാറിന്റെ ഇന്റീരിയറിൽ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌തിട്ടുള്ളതിനാൽ അകത്ത് കയറിയിരിക്കുമ്പോൾ മറ്റ് നവീകരണങ്ങളൊന്നും പ്രകടമാവുകയുമില്ല.

ഈക്കോയുടെ അകത്തളം സ്റ്റോക്ക് ലുക്കിൽ തന്നെയാണിരിക്കുന്നത്. എന്നിരുന്നാലും സാധാരണ ഇവികളിൽ കാണാത്തൊരു സംഗതി ഇതിലുണ്ട് കേട്ടോ. മറ്റൊന്നുമല്ല, ക്ലച്ച് പെഡലും ഗിയർ ലിവറുമാണത്. മികച്ച കാര്യക്ഷമതയ്ക്കും റേഞ്ചിനും വേണ്ടി ഡ്രൈവർക്ക് സാധാരണ മാനുവൽ ഗിയർബോക്‌സ് കാർ പോലെ ഇതിലും ഗിയർ ലിവർ ഉപയോഗിക്കാം. ഇത് യഥാർഥത്തിൽ ഒരു മൾട്ടി-സ്പീഡ് സെമി-ഓട്ടോമാറ്റിക് സിസ്റ്റമാണെന്നാണ് നോർത്ത്‌വേ പറയുന്നത്.
അതായത് ഇത് ഒരു ഓട്ടോമാറ്റിക് വാഹനമായും മാനുവൽ വാഹനമായും ഓടിക്കാൻ കഴിയുമെന്ന് സാരം. ഇതൊരു ഇലക്ട്രിക് വാഹനമായതിനാൽ ഇന്ധന ടാങ്കിന്റെ ആവശ്യമില്ല. അതിനാൽ ഇന്ധന ഫില്ലർ ക്യാപ്പ് ഏരിയ ഇവിയുടെ ചാർജിംഗ് പോർട്ടാക്കി മാറ്റിയിട്ടുമുണ്ട്. കൺവേർഷൻ കിറ്റ് ഒരു പാക്കേജായിട്ടാണ് കമ്പനി വിൽക്കുന്നത്. എന്തായാലും താത്പര്യമുള്ളവർക്ക് പ്രീ-ബുക്ക് ചെയ്യാം.
എന്നാൽ ഇലക്ട്രിക് മാരുതി ഈക്കോയുടെ ഡെലിവറി 2025 ഒക്ടോബറിൽ മാത്രമേ ആരംഭിക്കുവെന്നാണ് വീഡിയോയിൽ പരാമർശിക്കുന്നത്. ഇവി പരിവർത്തനത്തിനു ശേഷമുള്ള മാരുതി ഈക്കോയുടെ സർട്ടിഫൈഡ് ഡ്രൈവിംഗ് റേഞ്ച് ഏകദേശം 200 മുതൽ 220 കിലോമീറ്റർ വരെയായിരിക്കും. ഈ കിറ്റിന്റെ പ്രീ-ബുക്കിംഗ് ചാർജുകൾ 49,000 രൂപയാണ്.
ഒരു പുതിയ ഈക്കോ ഉൾപ്പെടെ പരിവർത്തനത്തിന്റെ ആകെ ചെലവ് 9.99 ലക്ഷം രൂപയോളം വരും. വാഹനം, കൺവേർഷൻ കിറ്റ്, നികുതികൾ, ഇൻഷുറൻസ്, RTO ഫീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നതായിരിക്കുമെന്ന് നോർത്ത്‌വേ പറയുന്നു. ഇതൊരു റിട്രോഫിറ്റ് കിറ്റ് ആയതിനാൽ ഡോക്യുമെന്റേഷൻ നോർത്ത്‌വേ തന്നെ പൂർത്തിയാക്കുകയും രജിസ്ട്രേഷന് ശേഷം വാഹനം ഉപഭോക്താവിന് എത്തിക്കുകയും ചെയ്യും.


Click it and Unblock the Notifications








