ഏറ്റവും ഡിമാന്റുള്ള മാരുതി കാറിന് 77,000 രൂപ വിലക്കുറവ്, ഫ്രോങ്ക്സ് വാങ്ങാൻ ഏറ്റവും നല്ലസമയം ഇതു തന്നെ
ഇപ്പോൾ ഏറ്റവും ഡിമാന്റുള്ള മാരുതിയുടെ കാർ ഏതെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരൊറ്റ ഉത്തരമേ കാണൂ. അത് ഫ്രോങ്ക്‌സ് എന്നാവും അല്ലേ. റോഡിലിറങ്ങിയാൽ പോലും ഇഷ്‌ടം പോലെ പുത്തൻ വണ്ടികൾ ഓടിപ്പോവുന്നതും കാണാം. പോയ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ സർപ്രൈസ് എൻട്രിയായാണ് ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവി കടന്നുവന്നത്.
ഏറെ പ്രതീക്ഷിച്ച് പുറത്തിറക്കിയ ജിംനിയേക്കാൾ ഹിറ്റാണ് ഫ്രോങ്ക്‌സ് വിപണിയിൽ തീർത്തുകൊണ്ടിരിക്കുന്നത്. നെക്‌സ ഷോറൂമിലെത്തുന്നവരിൽ ഭൂരിഭാഗം ആളുകളുടെയും കണ്ണ് ഫ്രോങ്ക്സിലാണ്. എന്തെങ്കിലും പുതുമയുള്ളത് വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ഈ തട്ടുപൊളിപ്പൻ വണ്ടിയിലാണ് കണ്ണ്. മാരുതിയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് പണികഴിപ്പിച്ചിരിക്കുന്നത്.

വിൽപന സംഖ്യയുടെ കാര്യത്തിൽ ഫ്രോങ്ക്സ് അടുത്തിടെ ബലേനോയെ മറികടന്നതും വലിയ വാർത്തയായിരുന്നു. ഡിസൈനിലെ പുതുമയും സമ്പന്നമായ ഫീച്ചർ നിരയുമാണ് ഫ്രോങ്ക്‌സിന് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമായത്. ഈ നില തുടരാനായി വണ്ടിയിൽ കിടുക്കാച്ചി ഓഫറുകളാണ് മാരുതി സുസുക്കി അണിനിരത്തി വെച്ചിരിക്കുന്നത്. അരീന, നെക്സ ഡീലർഷിപ്പുകളിലെ മോഡലുകളിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളിൽ ഈ മാസത്തെ ഹൈലൈറ്റും കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടേതാണ്.
ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ആക്‌സസറി ഡിസ്‌കൗണ്ടുകൾ എന്നിവയുടെ രൂപത്തിൽ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫ്രോങ്ക്‌സ് വാങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയം എന്നുപറഞ്ഞാലും തെറ്റില്ല. 2024 മാർച്ച് മാസത്തിൽ കാറിന്റെ ടർബോ പെട്രോൾ വേരിയൻ്റുകൾക്ക് പരമാവധി 77,000 രൂപ വരെയാണ് കമ്പനി ഓഫർ ഇട്ടിരിക്കുന്നത്.

ഇതിൽ ഫ്രോങ്ക്സ് വെലോസിറ്റി എഡിഷൻ്റെ 60,000 രൂപ വരെയുള്ള ആക്‌സസറി ഡിസ്കൗണ്ടും ഉൾപ്പെടുന്നുണ്ട്. അതുകൂടാതെ 10,000, രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 7,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയെല്ലാമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. ഇനി നോൺ ടർബോ മോഡലുകളാണെങ്കിലും നിരാശപ്പെടേണ്ടി വരില്ലെന്നതാണ് സന്തോഷകരമായ വിഷയം. എസ്‌യുവിയുടെ നാച്ചുറലി ആസ്പിറേറ്റഡ് വേരിയൻ്റുകൾക്ക് 27,000 രൂപ വരെ ലാഭിക്കാനാവും.
ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 7,000 രൂപയുമാണ് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്. വാഹനം അവതരിപ്പിച്ചതിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു ഓഫർ ഫ്രോങ്ക്സിൽ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈനിലെ പുതുമയും പെർഫോമൻസും മൈലേജും തന്നെയാണ് ബലേനോയുടെ ക്രോസ്ഓവറിനെ വേറിട്ടു നിർത്തുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ കുഞ്ഞൻ ഗ്രാൻഡ് വിറ്റാരയല്ലേ ഇതെന്ന് പലർക്കും സംശയം തോന്നുംവിധമാണ് ഫ്രോങ്ക്സിനെ പണികഴിപ്പിച്ചിരിക്കുന്നത്. ക്രോം ആക്‌സന്റുകളോട് കൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്ത് ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പെ സ്റ്റൈൽ ഗ്രാസ് ഏരിയ എന്നിവയാണ് ഫ്രോങ്ക്സിനെ യുണീക്കാക്കുന്നത്.
സേഫ്റ്റിയിൽ മാരുതി കാറുകൾ പപ്പടമാണെന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണ് ഫ്രോങ്ക്സ്. കാരണം സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നൽകുന്ന HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് ഒരുക്കിയിരിക്കുന്നത്. മികച്ച ബിൽഡ് ക്വാളിറ്റിയുള്ള വാഹനത്തിന് 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ NA പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.

ബലേനോ RS പെർഫോമൻസ് കാറിൽ ഒരുകാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ടെങ്കിലും ഫ്രോങ്ക്സിലൂടെ തിരികെയെത്തിയ ബൂസ്റ്റർജെറ്റ് എഞ്ചിൻ മോഡലുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 99 bhp പവറിൽ പരമാവധി 148 Nm torque ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഇത് സ്വന്തമാക്കാം.
രണ്ടാമത്തെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 89 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാനാവും. അഞ്ച് സ്പീഡ് മാനുവൽ, അല്ലെങ്കിൽ എഎംടി എന്നിവയാണ് ട്രാൻസ്മിഷൻ ഇതിൽ കിട്ടുക. മൈലേജിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാതിരിക്കാൻ രണ്ട് എഞ്ചിനുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന് നിലവിൽ വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








