മഹീന്ദ്രക്കും ഥാറിനും കിട്ടാത്ത വിശ്വാസം, 1.40 ലക്ഷം ഓടിയ ജിപ്‌സിക്ക് കൂട്ടായി ജിംനിയും വാങ്ങി ദേ ഇങ്ങേര്
ഏറെ കൊട്ടിഘോഷിച്ച് ഇന്ത്യൻ വിപണിയിലേക്ക് എത്തിയ വാഹനമായിരുന്നു മാരുതി ജിംനി (Maruti Jimny). ജിപ്‌സിയുടെ പകരക്കാരൻ, മഹീന്ദ്ര ഥാറിന്റെ അന്തകൻ എന്നിങ്ങനെ പല വിശേഷണങ്ങളാണ് എസ്‌യുവിക്ക് പലരും ചാർത്തി നൽകിയിരുന്നത്. വിപണിയിലെത്തി ആദ്യ മാസങ്ങളിൽ ഗംഭീര വിൽപ്പനയുമായി ജിംനി എതിരാളികളെയെല്ലാം വിറപ്പിച്ചു. എന്നാൽ പതിയെ വിൽപ്പന കുറഞ്ഞ് അനക്കമില്ലാതായെങ്കിലും തിരികെപിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഇന്തോ-ജാപ്പനീസ് ബ്രാൻഡ്. പക്ഷേ പണ്ട് ജിപ്‌സി ഉപയോഗിച്ചിരുന്ന വണ്ടിഭ്രാന്തൻമാരെയെല്ലാം ജിംനി തൃപ്ത്തിപ്പെടുത്തിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. ഓഫ്-റോഡിംഗ് ശേഷിക്കൊപ്പം 5-ഡോറിന്റെ പ്രായോഗികതയും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുമുണ്ട്.
ഇപ്പോഴിതാ 1988 മോഡൽ ജിപ്‌സി ഉടമയായ വ്യക്തി ജിംനിയും വാങ്ങി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. അതും 1.40 ലക്ഷം കിലോമീറ്ററോളം ജിപ്‌സി ഉപയോഗിച്ചതിനു ശേഷമാണ് മാരുതിയുടെ രണ്ടാമത്തെ ഓഫ്-റോഡ് വാഹനത്തെ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. രാജേശ്വർ ഭൂപാൽ എന്ന വ്യക്തിയാണ് ജിപ്‌സിക്ക് പുറമെ പോർച്ചിലേക്ക് പുത്തൻ ജിംനിയും എത്തിച്ചിരിക്കുന്നത്.

1985-ൽ ആദ്യമായി ലോഞ്ച് ചെയ്തതു മുതൽ ഓഫ്-റോഡ് കഴിവുകൾക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ലൈഫ് സ്‌റ്റൈൽ എസ്‌യുവിയാണ് മാരുതി ജിപ്‌സി. തെലങ്കാനയിൽ നിന്നുള്ള രാജേശ്വര് ഭൂപാലിൻ്റെ ഉടമസ്ഥതയിലുള്ള ഈ 1988 മോഡൽ മാരുതി ജിപ്‌സി 1,40,000 കി.മീ. താണ്ടിയിട്ടുമുണ്ട്. ഒറിജിനൽ പെയിന്റും ഒറിജിനൽ സോഫ്റ്റ് ടോപ്പും എല്ലാം അതേപടി നിലനിർത്തി സ്റ്റോക്ക് കണ്ടീഷനിൽ തന്നെയാണ് ജിപ്‌സിയെ അദ്ദേഹം നോക്കുന്നത്.
ഹൈദരാബാദിലെ സാബൂ ആർകെഎസ് നെക്‌സ ഡീലർഷിപ്പിൽ നിന്നാണ് ഭൂപാൽ പുതിയ മാരുതി സുസുക്കി ജിംനി വാങ്ങിയിരിക്കുന്നത്. 1988 മോഡൽ ജിപ്‌സിയുടെയും പുതിയ ജിംനിയും ഒരുമിച്ചിട്ടുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുണ്ട്. ഈ എസ്‌യുവി പുറത്തിറക്കി മൂന്ന് വർഷത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. രാജേശ്വർ ഭൂപാലിന്റെ ഉടമസ്ഥതയിലുള്ള ജിപ്‌സി MG410 മോഡലാണ്. അതായത് 1.0 ലിറ്റർ 4-സിലിണ്ടർ എഞ്ചിനുള്ള വാഹനമാണിതെന്ന് സാരം.

മാരുതി ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യത്തെ ഓഫ്-റോഡ് വാഹനം എന്ന നിലയിൽ ഏറെ പ്രശസ്‌തി അർഹിക്കുന്ന മോഡലാണ് ജിപ്‌സി. ഏത് ഭൂപ്രകൃതിയിലൂടെയും അനായാസം സഞ്ചരിക്കാനാവുന്നതിനാൽ ഇന്ത്യൻ സായുധ സേനകൾക്കും ഒന്നിലധികം നിയമ നിർവഹണ ഏജൻസികൾക്കും ഇടയിൽ ഒരു ജനപ്രിയ തെരഞ്ഞെടുപ്പായി ഓഫ്-റോഡർ മാറിയിരുന്നു. സുസുക്കിയുടെ F10A 1.0 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 45 bhp പവറായിരുന്നു ഉണ്ടായിരുന്നത്.
4-സ്പീഡ് ഗിയർബോക്സ്, ലാഡർ ഫ്രെയിം ഷാസി, 4X4 ട്രാൻസ്ഫർ കേസ്, ഐസിനിൽ നിന്നുള്ള ഫ്രീ വീലിംഗ് മെക്കാനിസം എന്നിവയെല്ലാം ഈ 1988 മോഡൽ ജിപ്‌സിയുടെ പ്രത്യേകതകളായിരുന്നു. എന്നാൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ജിംനിയിലേക്ക് വന്നാൽ ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണം അന്യർഥമാക്കുന്ന വിധത്തിലാണ് മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്.
കൂടുതൽ പ്രായോഗികമായ 5-ഡോർ ഫോർമാറ്റ്, ഹാർഡ് ടോപ്പ്, കൂടുതൽ ഫീച്ചറുകളും പ്രായോഗികതയും, മികച്ച റൈഡിംഗ് ഡൈനാമിക്സും, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനും മാരുതിയുടെ വിശ്വാസ്യതയും മൈലേജും എല്ലാം ജിംനിയെ ജിപ്‌സിയേക്കാൾ മികവുറ്റതാക്കുന്ന കാര്യങ്ങളാണ്. ഓഫ്-റോഡ് മികവും നിലനിർത്തിക്കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ജിംനിയിൽ കമ്പനി കൈവരിച്ചിരിക്കുന്നത് എന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്.
പക്ഷേ എവിടെയോ പാളിപ്പോയ മാർക്കറ്റിംഗ് തന്ത്രമായിരിക്കാം സമീപകാലത്ത് ജിംനിയുടെ വിൽപ്പന കുറയാൻ കാരണമായിരിക്കുന്നതെന്നാണ് നിഗമനം. മഹീന്ദ്ര ഥാറുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ജിംനിയെ ജിംനിയായി കണ്ടാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. ഒപ്പം വിലയൊന്ന് കൂടി കുറച്ചാൽ വാങ്ങാൻ ആളുകൾ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റിയിലെ ഉപയോഗത്തിനും ഫാമിലി കാറായും ഓഫ്-റോഡറായുമെല്ലാം മാരുതിയുടെ ഈ എസ്‌യുവി ഉപയോഗിക്കാനാവും.
1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് മാരുതി ജിംനി 5-ഡോറിന്റെ ഹൃദയം. 103 bhp കരുത്തിൽ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. ബ്രാൻഡിൻ്റെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും എസ്‌യുവിക്ക് ലഭിക്കും. നിലവിൽ 12.74 ലക്ഷം മുതൽ 14.95 ലക്ഷം വരെയാണ് ജിംനിയുടെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








