നെക്‌സയിലൂടെ മാത്രം മാരുതി വിറ്റത് 25 ലക്ഷം കാറുകൾ: ഇതിൽ 14.50 ലക്ഷം ആളുകൾ വാങ്ങിയത് ബലേനോ
വിൽപ്പനയുടെ കാര്യത്തിൽ എതിരാളിAകളില്ലാത്ത വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. അരീന, നെക്‌സ എന്നിങ്ങനെ ഡീലർഷിപ്പുകളെ രണ്ടായി തിരിച്ചാണ് കമ്പനി കാറുകൾ വിപണനം ചെയ്യുന്നത്. ഈ തന്ത്രം വമ്പൻ മാറ്റമാണ് മാരുതിയിലേക്ക് കൊണ്ടുവന്നതെന്ന് പലകുറി തെളിഞ്ഞതാണ്. സാധാരണ മോഡലുകളെല്ലാം അരീന വഴി വിൽക്കുമ്പോൾ പ്രീമിയം കാറുകളായി വിറ്റഴിക്കുന്നവയാണ് നെക്‌സയുടെ കീഴിൽ വരുന്നത്. ശരിക്കും പറയുകയാണെങ്കിൽ പുതിയ തലമുറ ഇടപാടുകാർക്ക് തികച്ചും വ്യക്തിഗതമായ സേവനം ഉറപ്പാക്കാനാണു നെക്‌സ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിലൂടെ പ്രീമിയം കാർ വാങ്ങൽ അനുഭവവും പ്രധാനം ചെയ്യാൻ കമ്പനക്കാവും.
ഇപ്പോഴിതാ മാരുതി സുസുക്കിയുടെ പ്രീമിയം സെയിൽസ് നെറ്റ്‌വർക്കായ നെക്‌സ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. എന്താണന്നല്ലേ, ഇന്ത്യയിൽ 25 ലക്ഷം യൂണിറ്റ് വിൽപ്പന തനിയെ താണ്ടിയിരിക്കുകയാണ് നെക്‌സ. 2015-ൽ അവതരിപ്പിച്ച നെക്‌സ നെറ്റ്‌വർക്ക് വന്നതു മുതൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എസ്-ക്രോസിലൂടെ തുടങ്ങിയ പുതിയ തന്ത്രം ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്.

വാഹനം വാങ്ങാനെത്തുന്നവരെ ആഹ്ലാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതുമകളിലും സാങ്കേതികവിദ്യയിലും അധിഷ്ഠിതമായി മാരുതി സുസുക്കി നെക്സ പ്രീമിയം ഡീലർഷിപ്പിന് തുടക്കമിട്ടത്. ഇതോടെ മുമ്പ് മാരുതിയെ പരിഗണിക്കാതിരുന്നവർ പോലും കമ്പനിയുടെ കാറുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ പൾസറിഞ്ഞ് പ്രവർത്തിക്കാനുള്ള കമ്പനിയുടെ കഴിവ് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇപ്പോൾ 25 ലക്ഷം കാറുകൾ വിറ്റ നേട്ടം 8 വർഷവും 6 മാസവും കൊണ്ടാണ് നെക്‌സ നേടിയത്. ഓരോ ദിവസം ചെല്ലുന്തോറും കണക്കുകൾ കൂടി വരുന്നതായാണ് റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചറേഴ്‌സ് (SIAM) പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച് 2024 മാർച്ച് അവസാനത്തോടെ നെക്‌സ 25.8 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. നിലവിൽ നെക്‌സ വഴി മൊത്തം 8 കാറുകളാണ് മാരുതി വിറ്റഴിക്കുന്നത്.

ഇഗ്‌നിസ്, ബലേനോ, ഗ്രാൻഡ് വിറ്റാര, സിയാസ്, ജിംനി, ഫ്രോങ്ക്‌സ്, ഇൻവിക്‌റ്റോ, XL6 എന്നിവയാണ് നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴി മാരുതി സുസുക്കി വിറ്റഴിക്കുന്നത്. ഇതിൽ ടോപ്പ് സെല്ലിംഗ് മോഡൽ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ്. ടെക്-ലോഡഡ് ബലേനോയ്ക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബ്രാൻഡ് അറിയിച്ചു. പിന്നാലെ ഇതിനെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്സും ഇഗ്നിസുമാണുള്ളത്.
ബലേനോയുടെ 14.50 ലക്ഷത്തിലധികം യൂണിറ്റുകൾ മാത്രം വിറ്റുവെന്നാണ് കണക്കുകൾ. 2024 സാമ്പത്തിക വർഷം അവസാനം വരെ നെക്‌സ വിൽപ്പനയിൽ 56 ശതമാനത്തിലധികം സംഭാവനയും പ്രീമിയം ഹാച്ച്ബാക്കിന്റെ വകയാണ്. മറുവശത്ത്, 11 ശതമാനം ഷെയറുമായി ഇഗ്നിസ് ഏറ്റവും കൂടുതൽ വിപണനം ചെയ്യുന്ന രണ്ടാമത്തെ മോഡൽ. കോംപാക്‌ട് ഹാച്ച്ബാക്കിന്റെ 2,76,762 യൂണിറ്റുകളാണ് മൊത്തം വിറ്റഴിഞ്ഞിരിക്കുന്നത്.

ഇപ്പോൾ വിൽപ്പന പതിയെ ഇടിഞ്ഞുവെങ്കിലും 7 ശതമാനവുമായി സിയാസിന് തൊട്ടുപിന്നാലെയുണ്ട്. പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ 1,84,008 യൂണിറ്റുകളാണ് മാരുതി സുസുക്കി നെക്‌സയിലൂടെ ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. നാലാമത് 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാരയാണുള്ളത്. മാരുതി സുസുക്കിയുടെ സമീപകാല വിജയങ്ങളിലൊന്നായ എസ്‌യുവിയുടെ 1,72,484 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്.
2015 ജൂലൈയിൽ പ്രീമിയം റീട്ടെയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് നെക്‌സയുടെ 40 ഔട്ട്‌ലെറ്റുകളായിരുന്നു മാരുതിക്കുണ്ടായിരുന്നത്. 9 വർഷക്കാലയളവിനുള്ളിൽ രാജ്യത്തുടനീളമുള്ള 300 നഗരങ്ങളിലായി ഏകദേശം 500 ഷോറൂമുകളാണ് ഇപ്പോൾ മാരുതി നെക്‌സയുടേതായുള്ളത്. ഇതിലെ വിൽപ്പനയുടെ ഏതാണ്ട് 30 ശതമാനവും ഗ്രാമീണ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. മാരുതിയുടേതായി നെക്‌സയിൽ എത്തുന്ന അടുത്ത വാഹനം eVX ഇവിയായിരിക്കും. ഇത് 2025-ഓടെ വിപണിയിലെത്തുമെന്നാണ് വിവരം.
വിൽപ്പന കൂട്ടുവാനായി ജൂൺ മാസത്തേക്കായി പുത്തൻ ഡിസ്കൌണ്ട് ഓഫറുകളും മാരുതി സുസുക്കി നെക്‌സ വഴി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇൻവിക്റ്റോ ഒഴികെയുള്ള എല്ലാ മോഡലുകളിലും ഇത് ലഭ്യമാണ്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയുൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ജൂൺ 30 വരെ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവും.


Click it and Unblock the Notifications








