കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി മാരുതി നെക്‌സ, ജിംനിക്ക് 1.53 രൂപയുടെ വിലക്കുറവ്
ഇന്ത്യൻ വിപണിയിൽ പുതുവർഷം മുതൽ വില വർധനവ് നടപ്പിലാക്കിയ മാരുതി സുസുക്കി സമീപകാലത്ത് വിൽപ്പനയുടെ കാര്യത്തിൽ എതിരാളികളില്ലാതെ കുതിക്കുകയാണ്. ഇനി അധികം വൈകാതെ മറ്റൊരു വർധനവ് കൂടി നടപ്പിലാക്കുമെന്നും മാരുതി അറിയിച്ചിട്ടുണ്ട്. ചെങ്കടൽ മേഖലയിലെ വ്യാപാര കപ്പലുകൾക്ക് നേരെയുള്ള തീവ്രവാദി ആക്രമണവും അതേ തുടർന്നുണ്ടായ ഗതാഗത തടസം, വഴിതിരിച്ചുവിടാനുള്ള ഉയർന്ന ചെലവുമാണ് പുതിയ വില വർധനവിന് കാരണമാവുന്നത്.
എന്നാൽ ഇതിനു മുമ്പ് പുതിയൊരു മാരുതി കാർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ സുവർണാവസരം കൈവന്നിരിക്കുയാണ്. ന്യൂഇയർ ഓഫറുകൾ അവസാനിച്ചതിനു പിന്നാലെ നെക്‌സ കാറുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി. 2024 ഫെബ്രുവരിയിൽ മാരുതി നെക്‌സ കാറുകളിൽ ലഭ്യമായ ഓഫറുകളും ഡിസ്കൌണ്ടുകളും എങ്ങനെയെന്ന് നോക്കിയാലോ?

നെക്‌സയിലെ എൻട്രി ലെവൽ കാറായ മാരുതി ഇഗ്‌നിസിന്റെ 2024 മോഡൽ തെരഞ്ഞെടുക്കുന്നവർക്ക് മൊത്തത്തിൽ 39,000 രൂപയാണ് ഫെബ്രുവരി മാസത്തിൽ ലാഭിക്കാനാവുന്നത്. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 19,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവായി 4,000 രൂപയുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം പഴയ സ്റ്റോക്കായ 2023 മോഡലാണ് നോക്കുന്നതെങ്കിൽ മൊത്തം 59,000 രൂപ പോക്കറ്റിൽ ഇരിക്കും.
ഇഗ്നിസ് കോംപാക്‌ട് ഹാച്ച്ബാക്കിന്റെ 2023 പതിപ്പുകൾക്ക് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 19,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും സ്വന്തമാക്കാനാവും. ബലേനോയും മാരുതി സുസുക്കി ഡിസ്‌കൗണ്ടിൽ ഉൾപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്കിന്റെ 2024, 2023 മോഡലുകളിൽ ക്യാഷ് ഡിസ്കൗണ്ടായി 20,000 രൂപ ഉപയോഗപ്പെടുത്താം. അഥേസമയം 17,000 രൂപ എക്സ്ചേഞ്ച് ബോണസ്, 2,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കൂട്ടിച്ചേർത്താൽ 37,000 രൂപയാണ് ഓഫർ.

ഇപ്പോൾ ട്രെൻഡായി നിൽക്കുന്ന ഫ്രോങ്ക്‌സിലും കിടിലം ആനുകൂല്യങ്ങളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ 2023 മോഡലാണ് നോക്കുന്നതെങ്കിൽ 70,000 രൂപയുടെ ലാഭമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇതിൽ 60,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 19,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് മാരുതി ഒരുക്കിയിരിക്കുന്നത്. അതേസമയം ഈ പഴയ സ്റ്റോക്കിൽ കോർപ്പറേറ്റ് കിഴിവുകളൊന്നും നൽകുന്നില്ല.
ഇനി ഫ്രോങ്ക്സിന്റെ 2024 മോഡലാണ് വേണ്ടതെങ്കിൽ ഓഫർ അൽപം കുറയും. അതായത് ക്യാഷ് ഡിസ്കൗണ്ടായി 60,000 രൂപയും എക്സ്ചേഞ്ച് ബോണസായി 10,000 രൂപയുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അധികം വിൽപ്പനയില്ലാതെ ഇഴയുന്ന സിയാസിലും ഗംഭീര ആനുകൂല്യങ്ങൾ ഫ്രെബ്രുവരി മാസം സ്വന്തമാക്കാനാവും. പ്രീമിയം സെഡാന്റെ 2023 പതിപ്പിൽ 25,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ടായി കിട്ടുക.

ഒപ്പം 25,000 രൂപ വില മതിക്കുന്ന എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി ഒരുക്കിയിട്ടുണ്ട്. എന്നാൽ 2024 മോഡൽ ഇയർ സിയാസാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ ക്യാഷ് ഡിസ്കൗണ്ട് എന്ന സംഗതി തന്നെ മറന്നേക്കാം. പകരം 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുമെന്ന് മാരുതി സുസുക്കി പറയുന്നു.
എസ്‌യുവികളിലെ ഏറ്റവും പുതിയ സൂപ്പർസ്റ്റാറായ ജിംനിയുടെ 2023 മോഡലിനാണ് ഏറ്റവും വലിയ ഓഫർ ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി മാസം വാഹനം വാങ്ങുന്നവർത്ത് 1.53 രൂപ ലാഭിക്കാനാവുന്ന സുവർണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിൽ ക്യാഷ് ആനുകൂല്യമായി 1.50 ലക്ഷം രൂപ കിട്ടുമ്പോൾ 3,000 രൂപ കോർപ്പറേറ്റ് കിഴിവാണെന്നതും മറക്കേണ്ട. അതേസമയം ജിംനിയുടെ പഴയ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസ് ലഭ്യമല്ല.

ഇനി ഏറ്റവും പുതിയ 2024 പതിപ്പാണ് വേണ്ടതെങ്കിൽ വെറും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് മാത്രമാണ് ലഭിക്കുക. അവസാനമായി പ്രീമിയം എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര 2024 മോഡലിന് ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ് ഉപയോഗപ്പെടുത്താനാവും. മിഡ്-സൈസ് എസ്‌യുവിയുടെ 2023 മോഡൽ തിരഞ്ഞെടുക്കുകയാണെങ്കിൽ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും കിട്ടും.


Click it and Unblock the Notifications