ഷോറൂമിൽ ചെന്നാൽ 47,000 രൂപ വിലക്കുറവിൽ കാർ വാങ്ങാം, മാരുതിയുടെ വക ഹാപ്പി ന്യൂയർ
ഇന്ത്യൻ വാഹന വിപണി കാൽക്കീഴിലാക്കിയവരാണ് മാരുതി സുസുക്കി. ഇനി കാര്യമായൊന്നും തെളിയിക്കാനില്ലാത്ത കമ്പനി വിൽപ്പനയുടെ കാര്യത്തിലും മറ്റും എതിരാളികളില്ലാതെ കുതിക്കുകയാണ്. ജനങ്ങളുടെ പൾസറിഞ്ഞ് തീരുമാനങ്ങളെടുക്കുന്നതിലും മാരുതിക്ക് പ്രത്യേക കഴിവാണുള്ളത്. പുതുവർഷം പിറന്നതോടെ വില വർധനവ് പ്രഖ്യാപിച്ച ബ്രാൻഡ് വാഹനം വാങ്ങാൻ കാത്തിരുന്നവരെ നിരാശപ്പെടുത്തിയിരുന്നു.
പക്ഷേ ഇതിനും പരിഹാരമായി നെക്‌സ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച മാരുതി സുസുക്കി ഇപ്പോഴിതാ ജനപ്രിയമായ അരീന മോഡൽ നിരയിലും ഗംഭീര ഓഫറുകൾ ഒരുക്കിയിരിക്കുകയാണിപ്പോൾ. ആൾട്ടോ K10, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകൾക്കാണ് ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ പോലുള്ളവയാണ് 2024 ജനുവരി മാസം ഉപയോഗപ്പെടുത്താനാവുന്നത്. അതിന്റെ വിശദാംശങ്ങൾ ഇങ്ങനെ.

മാരുതി സുസുക്കിയുടെ എൻട്രി ലെവൽ കാറായ ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ 47,000 രൂപ വരെ ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതിൽ 25,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് കിഴിവുമാണ് ഉൾപ്പെടുന്നത്. 67 bhp കരുത്തിൽ 89 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലീറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം.
ജനപ്രിയ സിറ്റി കാറുകളിൽ ഒന്നായി അതിവേഗം മാറിയ എസ്-പ്രെസോ വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നതും ഗംഭീര ഓഫറുകളാണ്. മോഡലിന്റെ പെട്രോൾ വകഭേദങ്ങൾക്ക് 44,000 രൂപയാണ് ഈ മാസം ആനുകൂല്യങ്ങൾ ലഭിക്കുക. അതിൽ 23,000 രൂപ വരെ ക്യാഷ് ബെനിഫിറ്റ്, 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. അതേസമയം സിഎൻജി വേരിയന്റുകൾക്ക് 39,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ 18,000 രൂപ ക്യാഷ് ഡിസ്കൗണ്ടാണ്.

ഇനി സെലേറിയോയുടെ കാര്യത്തിലേക്ക് വന്നാൽ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ എല്ലാ പെട്രോൾ, സിഎൻജി വേരിയന്റുകളിലും 44,000 രൂപ വരെയുള്ള ഓഫറാണ് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്. അതിൽ 23,000 രൂപ വരെ ക്യാഷ് ബെനിഫിറ്റ്, 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. നിലവിൽ ടാറ്റ ടിയാഗോയ്ക്കെതിരെയാണ് മൈലേജ് കിങായ സെലേറിയോയുടെ മത്സരം.
ഫാമിലി കാർ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യമായ ഏവരുടേയും പ്രിയപ്പെട്ട വാഹനമാണീ ടോൾബോയ് ഹാച്ച്. പെട്രോളിൽ പ്രവർത്തിക്കുന്ന വാഗൺആർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 41,000 രൂപ വരെ ഓഫർ ഈ മാസം ലഭിക്കും. ഇതിൽ 15,000 രൂപ വരെ ക്യാഷ് ബെനിഫിറ്റ്, 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ വരെ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉൾപ്പെടുന്നു. അതേസമയം 36,000 രൂപ വരെ ഓഫറോടെയാണ് സിഎൻജി മോഡൽ വിപണിയിലെത്തുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായ സ്വിഫ്റ്റിന്റെ പെട്രോൾ മോഡലുകൾക്ക് 37,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. അതേസമയം സിഎൻജി വേരിയന്റുകൾക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപയുടെ കോർപ്പറേറ്റ് ബോണസും മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
സ്വിഫ്റ്റിന്റെ കോംപാക്‌ട് സെഡാൻ പതിപ്പായ ഡിസയറും വിലക്കിഴിവിൽ സ്വന്തമാക്കാനാവുന്ന മാസമാണിത്. പക്ഷേ വെറും 17,000 രൂപയുടെ ആനുകൂല്യങ്ങൾ മാത്രമാണ് മാരുതി നൽകുന്നത് എന്നകാര്യം പലരേയും നിരാശപ്പെടുത്തിയേക്കാം. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപയുടെ കോർപ്പറേറ്റ് ബോണസും ഉൾപ്പെടുന്നതാണ് കാറിലെ ന്യൂയർ ഓഫർ. ഡിസയറിന്റെ സിഎൻജി വേരിയന്റുകളിലും ഓഫറുകളൊന്നുമില്ല.

മാരുതി സുസുക്കിയുടെ അരീന ഡിലർഷിപ്പിലെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ബ്രെസയിലും എർട്ടിഗയിലും ഈ മാസം ഓഫറുകളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. എങ്കിലും ചില ഡീലർഷിപ്പുകൾ സ്റ്റോക്ക് ക്ലിയറൻസിനായി ആകർഷകമായ ഡീലുകൾ നൽകിയേക്കാം. ഇതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ നിങ്ങളുടെ അടുത്തുള്ള മാരുതി സുസുക്കി ഷോറൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.


Click it and Unblock the Notifications








