കാർ വാടകയ്ക്ക് കൊടുക്കുന്ന മാരുതിയുടെ പരിപാടി ഹിറ്റ്, പണം മുടക്കാതെ കാര്‍ ഉടമയായത് 10,000 പേർ
ഒരു കാർ സ്വന്തമായി വാങ്ങാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കാം അല്ലേ. വീട്, വാഹനം എന്നിവ മലയാളികളുടെ പ്രിയപ്പെട്ട രണ്ട് കാര്യങ്ങളാണ്. ഇല്ലാത്ത കാശ് മുടക്കി വണ്ടി വാങ്ങിയേക്കാം എന്ന് ആലോചിച്ചാലും പെട്രോളടിക്കാനും മെയിന്റനെൻസിനുമെല്ലാമായി വേറെയും പൈസ കൈയിൽ നിന്നും ഇറങ്ങുമല്ലോ എന്നോർത്ത് സ്വപ്നം വേണ്ടെന്ന് വെച്ചവരാണ് പലരും.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കൂട്ടുകാരുടെ വണ്ടി അതുമല്ലെങ്കിൽ റെന്റിന് എടുത്ത് ആവശ്യം നിറവേറ്റുന്നവരുമാണ് അധികവും. എന്നാൽ ഇത്തരക്കാരെയും കൈയിലെടുക്കാൻ മാരുതി സുസുക്കി പോലുള്ള ചില ബ്രാൻഡുകൾ മറ്റൊരു സംവിധാനം ഏറെക്കാലത്തിന് മുമ്പേ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാറിന്റെ ഉടമയാകാതെ മുതലാളിയെ പോലെ അത് കൊണ്ടുനടക്കാന്‍ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളെ കുറിച്ചാണ് പറയുന്നത്.

വാഹന പരിപാലനം ചെലവേറിയ സംഗതിയായി മാറിയ ഇക്കാലത്ത് കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പുത്തന്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. വേണമെങ്കിൽ സ്വന്തം പേരിൽതന്നെ വണ്ടി രജിസ്റ്റർ ചെയ്യാനും ഇതിനകത്ത് പറ്റുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. മാരുതി സുസുക്കിയുടെ കാർ ലീസിംഗ് പ്രോഗ്രാമായ സബ്‌സ്‌ക്രൈബ് പരിപാടി എന്തായാലും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോൾ. സബ്‌സ്‌ക്രിപ്‌ഷൻ വിൽപ്പനയിൽ കമ്പനി 10,000 വണ്ടികളാണ് ഉപഭോക്താക്കൾക്ക് ഇതുവരെ കൈമാറിയിരിക്കുന്നത്.
കാർ ലീസിംഗ് പ്രോഗ്രാമായ സബ്‌സ്‌ക്രൈബിൽ പുതിയ നാഴികക്കല്ല് കൈവരിക്കാൻ കഴിഞ്ഞത് എന്തായാലും വലിയ നേട്ടമായി തന്നെയാണ് മാരുതി സുസുക്കി കണക്കാക്കുന്നത്. 2020 ജൂലൈയിലാണ് കമ്പനി സബ്‌സ്‌ക്രൈബ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. വളരെ കുറഞ്ഞ ചെലവിൽ പുതിയ വാഹനം ഉപയോഗിക്കാം. പ്രതിമാസം ഒരു നിശ്ചിത തുകയ്ക്ക് അതായത് ലോൺ എടുത്ത് ഇഎംഐ അടക്കുന്നതു പോലെ വണ്ടി വീട്ടിലെത്തിക്കാം.

എന്നാൽ എത്ര വർഷത്തേക്കാണോ കാർ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് അത്രയും നാളത്തെ ഇൻഷുറൻസ്, റോഡ് ടാക്സ്, സർവീസ് ചാർജ് തുടങ്ങിയവയെല്ലാം കൃത്യമായി കമ്പനി തന്നെ നോക്കിക്കോളും എന്നതാണ് ഇതിന്റെ പ്രധാന നേട്ടങ്ങളായി എടുത്തു കാണിക്കാനാവുന്നത്. പ്രധാന മെട്രോകൾ ഉൾപ്പടെ നിലവിൽ 25-ലധികം നഗരങ്ങളിൽ സാന്നിധ്യമുള്ള സബ്‌സ്‌ക്രൈബ് പദ്ധതി ഉപഭോക്താക്കളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ഈ സാമ്പത്തിക വർഷം തന്നെ 50 ശതമാനത്തിലധികം അല്ലെങ്കിൽ ഏകദേശം 5,000 ഉപഭോക്താക്കളാണ് കാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കിയതെന്നും മാരുതി സുസുക്കി പറയുന്നു. ബ്രെസ, ബലേനോ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള പ്രീമിയം കാറുകൾക്കാണ് ഇതിൽ ഡിമാന്റ് കൂടുതൽ. മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ്റെ 53 ശതമാനത്തിലധികവും വരുന്നത് ഇത്തരം മോഡലുകൾക്കാണെന്നതും ശ്രദ്ധേയമാണ്.

മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാം ഉപഭോക്താക്കളെ അവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി ഉടമസ്ഥാവകാശ കാലയളവ് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നുമുണ്ട്. കുറഞ്ഞത് 12 മാസം മുതൽ നാല് വർഷം വരെയാണ് സബ്സ്ക്രിപ്ഷനായി കമ്പനി അനുവദിക്കുന്ന കാലയളവ്. ഇതിൽ ഏതു വേണമെങ്കിലും ഉപഭോക്താവിന്റെ സൌകര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം. കാലാവധി അനുസരിച്ച് വാടക നിരക്കുകളിലും മാറ്റമുണ്ടാവാം.
പരിമിത കാലം ഉപയോഗിച്ച ശേഷം കാര്‍ കമ്പനിക്ക് തിരികെ നല്‍കണം. കൂടാതെ വാർഷിക ഉപയോഗം 10,000 കിലോമീറ്റർ മുതൽ 25,000 കിലോമീറ്റർ വരെ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയും മാരുതി വെച്ചിട്ടുണ്ട്. പ്രതിമാസ പേയ്‌മെൻ്റുകളിൽ കാറിൻ്റെ ചെലവ്, ഇൻഷുറൻസ്, മെയിൻ്റനൻസ് എന്നിവയും അതിലേറെയും കാര്യങ്ങൾ കമ്പനി തന്നെ വഹിക്കും. അതുവഴി തടസമില്ലാത്ത ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുകയാണ് മാരുതിയുടെ സബ്‌സ്‌ക്രൈബ് പ്രോഗ്രാം ചെയ്യുന്നത്.

ഇതിനിടെ മോഡൽ മാറ്റണമെങ്കിൽ അതിനും അവസരമുണ്ട്. റീസെയിൽ വാല്യൂവിനെക്കുറിച്ചു ചിന്തിക്കേണ്ട. സബ്സ്ക്രിപ്ഷൻ എടുക്കുന്ന വ്യക്തിയുടെ പ്രായം 25-65 ആയിരിക്കണം എന്നീ നിബന്ധനകളും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. ഡൽഹി-എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ മാരുതി സബ്‌സ്‌ക്രൈബിന് വലിയ സ്വാകാര്യത ലഭിക്കുന്നതെന്ന് മാരുതി സുസുക്കി പറയുന്നു.


Click it and Unblock the Notifications








