4.99 ലക്ഷത്തിന് 32.85 കി.മീ. മൈലേജുള്ള മാരുതിയുടെ പുത്തൻ കാർ, വാങ്ങുന്നതിന് മുമ്പ് അറഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഒരുകാലത്ത് മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നായിരുന്നു സെലേറിയോ. ചെറു കാർ വിഭാഗത്തിൽ മൈലേജ് വിപ്ലവം സൃഷ്‌ടിച്ച ആദ്യ മോഡലിനെ ഇരുകൈയും നീട്ടി ജനങ്ങൾ സ്വീകരിച്ചുവെങ്കിലും രണ്ടാം തലമുറയിലേക്ക് കാലെടുത്ത് വച്ചതോടെ സെലേറിയോയുടെ പ്രതാപം ചെറുതായൊന്ന് മങ്ങിയെന്നത് സത്യമാണ്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ എന്ന ലേബലിലാണ് പുത്തൻ സെലേറിയോയെ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചതെങ്കിലും ഡിസൈൻ ആളുകൾക്ക് കാര്യമായങ്ങ് ബോധിച്ചില്ലെന്ന് വേണം കരുതാൻ. എങ്കിലും പല സ്ത്രീകളുടേയും ഫേവറീറ്റ് കാർ ഏതെന്ന് ചോദിച്ചാൽ പലരും ഈ മോഡലാവും ചൂണ്ടിക്കാണിക്കുക.
പോയ മാസം അതായത് 2024 നവംബറിൽ ഹാച്ച്ബാക്കിന്റെ 2,379 യൂണിറ്റുകളാണ് കമ്പനി നിരത്തുകളിൽ എത്തിച്ചിരുന്നത്. എല്ലാ മാസവും ശരാശരി രണ്ടായിരത്തിന് മുകളിൽ വിൽക്കാൻ മാരുതി സുസുക്കിക്ക് സാധിക്കുന്നുണ്ടെങ്കിലും ഇതൊന്നും കമ്പനിയെ തൃപ്തിപ്പെടുത്തുന്നതല്ല. വിൽപ്പന കൂട്ടാനായി ഇക്കഴിഞ്ഞ ദിവസം മാരുതി സെലേറിയോയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ വിപണയിൽ അവതരിപ്പിക്കുകയുണ്ടായി.

ചെറിയ വിലയിലെത്തുന്ന വേരിയന്റ് 11,000 രൂപയുടെ പ്രത്യേക ആക്‌സസറി പാക്കേജുമായിട്ടാണ് വരുന്നത്. അതും വണ്ടിയെ മോടിപിടിക്കുന്ന ഈ കാര്യങ്ങൾ ഫ്രീയായി കിട്ടുമെന്ന് കേട്ടാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? അതും പല പ്രീമിയം ബൈക്കുകളുടെ മൈലേജ് കിട്ടുന്ന കാർ എന്നത് കൂടി കേട്ടാൽ സംഭവം കളറാവും. പുതിയ സെലേറിയോ ലിമിറ്റഡ് എഡിഷൻ വാങ്ങുന്നതിന് മുമ്പ് നിങ്ങളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് പറഞ്ഞുതരാം.
ഫ്രീ ആക്‌സസറി: കാഴ്ച്ചയിലെ ഭംഗി വർധിപ്പിക്കുന്നതിനായി സെലേറിയോയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന് ഒരു എക്‌സ്‌ക്ലൂസീവ് ആക്സസറി പാക്കേജ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. അതും 11,000 രൂപയോളം വില വരുന്ന ഇവ ഫ്രീയായി തന്നെ വാങ്ങുന്നവർക്ക് കൊണ്ടുപോവാം. സെലേറിയോയുടെ ഈ പതിപ്പ് ഈ വർഷം ആദ്യം ആരംഭിച്ച ഡ്രീം സീരീസിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നതും പ്രത്യേകം ഓർമിപ്പിക്കാം.

നിരവധി കോസ്‌മെറ്റിക്, ഫീച്ചർ ആക്‌സസറികൾ ഉപയോഗിച്ച് ഇത് ഹാച്ച്‌ബാക്കിൻ്റെ ബേസ് വേരിയന്റുകളെ മോടിയാക്കാനും സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ഒരു ബോഡി കിറ്റ്, ക്രോം-ആക്സൻ്റ് സൈഡ് മോൾഡിംഗുകൾ, ബ്ലാക്ക് സ്പോർട്ടി റൂഫ് സ്പോയിലർ എന്നിവയാണ് സെലേറിയോ ലിമിറ്റഡ് എഡിഷന്റെ എക്സ്റ്റീരിയറിൽ ഒരുക്കിയിരിക്കുന്നത്. അകത്തളത്തിൽ ട്വിൻ-നിറമുള്ള ഡോർ സിൽ ഗാർഡുകളും പ്രീമിയം ഫ്ലോർ മാറ്റുകളും ഉപയോഗിച്ചാണ് കാറിനെ കിടിലമാക്കിയിരിക്കുന്നത്.
ഫീച്ചറുകൾ: സെലേറിയോയുടെ ലിമിറ്റഡ് എഡിഷൻ ലോവർ വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളാൽ കക്ഷി സമ്പന്നനാണ്. ഈ ഹാച്ച്ബാക്കിൻ്റെ സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ESP, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്.

എഞ്ചിൻ: 66 bhp കരുത്തിൽ 89 Nm torque നൽകുന്ന 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് സെലേറിയോ ലിമിറ്റഡ് എഡിഷൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയും ഉൾപ്പെടെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ബൈ ഫ്യുവൽ സിഎൻജി ഓപ്ഷനും കാറിലുണ്ടേ. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 56 bhp, 82.1 Nm torque എന്നിങ്ങനെയാണ് സെലേറിയോ നൽകുന്നതെന്ന് മാത്രം.
മൈലേജ്: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. പെട്രോൾ മാനുവൽ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജാണ് സെലേറിയോ ലിമിറ്റഡ് എഡിഷന് മുടക്കേണ്ടി വരുന്നത്. മറുവശത്ത്, സിഎൻജി വേരിയൻ്റ് ഒരു കിലോയ്ക്ക് 32.85 കിലോമീറ്റർ ഇന്ധനക്ഷമതയും കിട്ടും.
വില: 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മാരുതി സുസുക്കി സെലേറിയോ ലിമിറ്റഡ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഏറ്റവും മികച്ച വാല്യു ഫോർ മണിയാണ് ഹാച്ച്ബാക്ക് എന്ന് നിസംശയം പറയാം. ആക്‌സസറികൾ സൗജന്യമാണെന്നതിനാൽ ഇത് വാങ്ങുന്നവരെ ആകർഷിക്കുന്ന സംഗതിയാവും. ഓഫർ 2024 ഡിസംബർ 20 വരെ മാത്രമേ സാധുതയുള്ളൂവെന്ന് പ്രത്യേകം ഓർമിക്കണേ.


Click it and Unblock the Notifications








