മാരുതി പോലെ മാരുതി മാത്രം, 2023 കലണ്ടർ വർഷം വിറ്റത് 20 ലക്ഷം കാറുകൾ; ടാറ്റയേക്കാൾ നാലിരട്ടി
വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിൽ മാരുതി സുസുക്കിയെ തോൽപ്പിക്കാൻ ആരുമില്ലെന്ന കാര്യം ഏവർക്കുമറിയാവുന്ന കാര്യമാണ്. ഓരോ മാസവും കിടിലൻ കണക്കുകളുമായി എതിരാളികളേക്കാൾ ഏറെ മുന്നിലാണ് കമ്പനി ഓടുന്നത്. സേഫ്റ്റിയില്ല എന്നെല്ലാം പറഞ്ഞുള്ള കളിയാക്കലുകൾ ഉണ്ടെങ്കിലും പുത്തനൊരു കാർ വാങ്ങാൻ പ്ലാനിട്ടാൽ ആദ്യം പരിഗണിക്കുന്നതു തന്നെ മാരുതിയായിരിക്കും. ഉഗ്രൻ റീസെയിൽ വാല്യു, മൈലജ്, മികച്ച എഞ്ചിൻ, നല്ല സർവീസ് എന്നീ കാര്യങ്ങളെല്ലാം ഒരുമിച്ച് കിട്ടുമ്പോൾ ആരാണ് നോ പറയുക.
ദേ ഇപ്പോൾ ഡിസംബർ മാസത്തേയും 2023 കലണ്ടർ വർഷത്തിലെയും വിൽപ്പന കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. പോയമാസം മൊത്തം 1,37,551 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇതിൽ ആഭ്യന്തര വിൽപ്പന 1,06,492 യൂണിറ്റുകളും ടൊയോട്ടയിലേക്ക് കൊടുത്ത 4,175 യൂണിറ്റുകളും 26,884 യൂണിറ്റുകളുടെ കയറ്റുമതിയും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2023 കലണ്ടർ വർഷത്തിൽ 2 ദശലക്ഷം അതായത് 20 ലക്ഷം കാറുകളെന്ന വാർഷിക വിൽപ്പനയും പിന്നിടുകയുണ്ടായി. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതി കണക്കുകളും പിന്നിടാൻ ബ്രാൻഡിനായി. 2,69,046 യൂണിറ്റുകളാണ് ബ്രാൻഡ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. 2023 ഡിസംബറിൽ എൻട്രി ലെവൽ മോഡലുകളായ ആൾട്ടോയും എസ്-പ്രെസോയും 2,557 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്.
അതേസമയം ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ എന്നിവ ഉൾപ്പെടുന്ന കോംപാക്‌ട് ശ്രേണി 45,741 യൂണിറ്റുകളാണ് പോയ മാസം വിറ്റഴിഞ്ഞത്. കഴിഞ്ഞ കൊല്ലം ഇതേസമയത്തെ കണക്കുകൾ അപേക്ഷിച്ച് നോക്കുമ്പോൾ 20.45 ശതമാനം ഇടിവാണ് സെഗ്മെന്റിൽ സംഭവിച്ചിരിക്കുന്നത്. പോയ വർഷം ഡിസംബറിൽ ഈ കാറുകളുടെ വിൽപ്പന മൊത്തം 57,502 യൂണിറ്റുകളായിരുന്നു.

മാരുതി സുസുക്കി സിയാസ് മിഡ്‌സൈസ് സെഡാന് കഴിഞ്ഞ മാസം 489 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കാൻ കഴിഞ്ഞുള്ളൂ. 2021 അവസാനം മുതൽ മോഡൽ നിര പുതുക്കുന്ന തിരക്കിലാണ്. ഒപ്പം പുതുപുത്തൻ മോഡലുകൾ ഈ വർഷം കൊണ്ടുവരികയും ചെയ്‌തു. 2023-ൽ ഫ്രോങ്ക്‌സ് കോംപാക്ട് എസ്‌യുവി കൂപ്പെയും 5-ഡോർ ജിംനി ലൈഫ്സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെയും വരവോടെ മാരുതിയുടെ എസ്‌യുവി ശ്രേണി ഏകീകരിക്കപ്പെട്ടു.
2022-ൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ലോഞ്ച് ചെയ്തതുമുതൽ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്. അതേ വർഷം തന്നെ ഏറ്റവും പുതിയ ബ്രെസയും വിപണിയിൽ എത്തി. കൂടെ ഫ്രോങ്ക്സും ജിംനിയും ഹിറ്റായതോടെ രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി വിൽപ്പനക്കാരായി മാറാനും കമ്പനിക്കായി. 2023ലെ അവസാന മാസത്തിൽ, ബ്രെസ്സ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, ജിംനി, എസ്-ക്രോസ്, XL6 എന്നിവയുടെ സഞ്ചിത വിൽപ്പന 45,957 യൂണിറ്റായി ഉയർന്നു.

ഈക്കോ 10,034 യൂണിറ്റുകൾ സംഭാവന ചെയ്തതോടെ മാരുതി സുസുക്കി ആഭ്യന്തരമായി 2023 ഡിസംബറിൽ 1,04,778 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്. മൊത്തത്തിൽ മാരുതിയെ സംബന്ധിച്ച് കഴിഞ്ഞുപോയത് നല്ലൊരു വർഷമായിരുന്നുവെന്ന് വേണം പറയാൻ. എക്കാലത്തെയും ഉയർന്ന പ്രതിവർഷം വിൽപ്പന നേടാൻ കഴിഞ്ഞത് കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 20,66,219 കാറുകളാണ് കഴിഞ്ഞ കൊല്ലം കമ്പനി വിറ്റത്.
ഈ വര്‍ഷം പുതിയ 5 ലോഞ്ചുകളുമായി മാരുതി സുസുക്കി തങ്ങളുടെ വാഹന നിര ശക്തിപ്പെടുത്തിയിരുന്നു. പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ക്കൊപ്പം ഹൈബ്രിഡ് കാറുകളും കമ്പനി നിരത്തിലെത്തിച്ചു. ഇനിയീ വർഷം ഒരു ഇലക്‌ട്രിക് കാർ ഉൾപ്പെടെയുള്ള മോഡലുകൾ മാരുതി നിരയിലേക്ക് കടന്നുവരും. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ ആദ്യ ഇലക്ട്രിക് കാർ എന്നനിലയിൽ ഇതിന് ഏറെ പ്രാധാന്യവുമുണ്ട്.

മാത്രമല്ല ഉയർന്ന പ്രാദേശിക ഉള്ളടക്കമുള്ളതിനാൽ മത്സരാധിഷ്ഠിത വിലനിർണയവും മോഡലിനുണ്ടാവും. മാരുതി സുസുക്കി eVX ഇവിക്ക് 48 kWh, 60 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളും ഉണ്ടാവും. ആദ്യത്തേതിന് 400 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാവും. അതേസമയം രണ്ടാമത്തേതിന് 550 കിലോമീറ്റർ റേഞ്ച് ഉണ്ടായിരിക്കാം. ഒപ്പം പുതുതലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയുടെ വരവും കമ്പനിക്ക് കരുത്താവും. ഗ്രാൻഡ് വിറ്റാരയുടെ 7-സീറ്റർ മോഡലിനായുള്ള പണിപ്പുരയിലുമാണ് ബ്രാൻഡിപ്പോൾ. ഇത് മിക്കവാറും 2025-ഓടെയാവും പണിതിറക്കുക.


Click it and Unblock the Notifications








