ആദായ വിൽപ്പനയുമായി മാരുതി, ഷോറൂം കാലിയാക്കാൻ കൊണ്ടുവന്നിരിക്കുന്നത് 55,000 രൂപ വരെയുള്ള ഓഫർ
വിൽപ്പനയുടെ കാര്യത്തിൽ എതിരാളികളില്ലാതെ കുതിക്കുന്നവരാണ് മാരുതി സുസുക്കി. വന്നകാലം മുതൽ ദേ ഇന്നുവരെ അതിനൊരു വില്ലൻ വന്നിട്ടില്ലെന്നതാണ് സത്യം. ഹ്യുണ്ടായിയും ടാറ്റയുമെല്ലാം ആഞ്ഞുപിടിക്കുന്നുണ്ടെങ്കിലും മാരുതി കൈയെത്തുന്നതിലും ദൂരെയാണ്. സേഫ്റ്റി കുറവാണെന്ന് പറയുമെങ്കിലും സാധാരണക്കാർക്ക് ബ്രാൻഡിനോടുള്ള വിശ്വാസവും വേറെ തന്നെയാണ്.
ഇപ്പോഴിതാ ദിവസങ്ങൾക്കുള്ളിൽ പുത്തൻ സ്വിഫ്റ്റിനെ പുറത്തിറക്കി വേഗത വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിനു മുന്നോടിയായിതാ മാരുതി സുസുക്കി അരീന ഡീലർഷിപ്പ് മോഡൽ നിരയിൽ സമാനതകളില്ലാത്ത ഓഫറുകൾ അവതരിപ്പിച്ച് എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്. 2024 മെയ് ഈ നിരവധി ആനുകൂല്യങ്ങളാണ് പുതിയ കാർ വാങ്ങുന്നവരെ കാത്തിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസ് അങ്ങനെ നിരവധി കാര്യങ്ങളാണ് ഓഫറിനു കീഴിലുള്ളത്.

മാരുതിയുടെ എൻട്രി ലെവൽ കാറായ ആൾട്ടോ K10 മോഡലിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 55,100 രൂപയും മാനുവൽ വേരിയന്റുകൾക്ക് മൊത്തം 50,100 രൂപയുമാണ് 2024 മെയ് മാസം ഒരുക്കിയിരിക്കുന്ന ഡിസ്കൗണ്ട് ഓഫറുകൾ. അതേസമയം ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പുകൾക്ക് 43,100 രൂപയും ഓഫറിനു കീഴിൽ ലഭിക്കും. 3.99 മുതൽ 5.96 ലക്ഷം രൂപ വരെയാണ് ആൾട്ടോയുടെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്.
ഫാമിലികളുടെ ജനപ്രിയ കാറായി മാറിയ എസ്-പ്രെസോയുടെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 55,100 രൂപ, മാനുവൽ പതിപ്പുകൾക്ക് 50,100 രൂപ, സിഎൻജി വേരിയൻ്റുകൾക്ക് 48,100 രൂപ എന്നിങ്ങനെയാണ് ഈ മാസം നൽകുന്ന ഡിസ്കൗണ്ട് ഓഫറുകൾ. നിലവിൽ സിറ്റി യൂസിന് പറ്റിയ മോഡലായാണ് പലരും ഇതിനെ പരിഗണിക്കുന്നത്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

ഏറ്റവും മൈലേജുള്ള ഇന്ത്യയിലെ കാറായി അറിയപ്പെടുന്ന സെലേറിയോയിലും ഗംഭീര ആനുകൂല്യങ്ങൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 55,100 രൂപ, മാനുവൽ പതിപ്പുകൾക്ക് 50,100 രൂപ, സിഎൻജി വേരിയന്റുകൾക്ക് 48,100 രൂപ എന്നിങ്ങനെയാണ് ഈ മാസം കിട്ടുന്ന ഓഫറുകൾ 5.37 ലക്ഷം മുതൽ 7.10 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്.
ഫാമിലി കാറായി അറിയപ്പെടുന്ന വാഗൺആർ വാങ്ങാനാരിക്കുന്നവർക്കും പറ്റിയ മാസമാണിത്. എഎംടി ഗിയർബോക്‌സുള്ള 1.0 ലിറ്റർ, 1.2 ലിറ്റർ പതിപ്പുകൾ 58,100 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളോടെ വണ്ടിവാങ്ങാം. കാറിന്റെ മാനുവൽ മോഡലുകളാണ് വേണ്ടതെങ്കിൽ 53,100 രൂപ വരെ ഡിസ്കൗണ്ട് കിട്ടും. സിഎൻജി വേരിയ്റുകൾക്ക് പരമാവധി 38,100 രൂപയാണ് ഓഫറുള്ളത്. നിലവിൽ 5.55 ലക്ഷം മുതൽ 7.26 ലക്ഷം രൂപ വരെയാണ് വാഗൺആറിന്റെ വില.

ഇതിഹാസമായിരുന്ന ഒമ്നിയുടെ പകരക്കാരനായ ഈക്കോ വാൻ വാങ്ങാൻ തയാറെടുത്തിരുന്നവർക്കും മോശമാക്കാത്ത ഓഫറുൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 5.32 രൂപ മുതൽ 6.58 ലക്ഷം രൂപ വരെ വിലയുള്ള മാരുതി സുസുക്കി ഈക്കോ ഏപ്രിൽ മാസത്തേക്കാൾ അൽപ്പം കുറഞ്ഞ വിലക്കിഴിവിൽ ലഭ്യമാണ്. പെട്രോൾ വേരിയൻ്റുകളിൽ പരമാവധി 25,100 രൂപയോളം ഡിസ്കൗണ്ട് ഓഫറുണ്ട്. മറുവശത്ത് സിഎൻജി പതിപ്പുകൾക്ക് 23,100 രൂപയാണ് കമ്പനി നൽകുന്നത്.
പുതുതലമുറ സ്വിഫ്റ്റിന് പിന്നാലെ ഈ വർഷം അവസാനത്തോടെ ഏറ്റവും പുതിയ ഡിസയറും അവതരിപ്പിക്കാനാണ് മാരുതിയുടെ പ്ലാൻ. ഇതിനു മുന്നോടിയായി കോംപാക്‌ട് സെഡാന്റെ വിൽപ്പന കൂട്ടാനായി ഇപ്പോൾ ഓട്ടോമാറ്റിക്, മാനുവൽ പതിപ്പുകളിൽ യഥാക്രമം 30,000 രൂപയും 25,000 രൂപയും ആനുകൂല്യങ്ങളോടെയാണ് വിപണിയിൽ എത്തിക്കുന്നത്. ഡിസയർ സിഎൻജിയിൽ ആനുകൂല്യങ്ങളൊന്നും കിട്ടില്ല. 6.57 ലക്ഷം മുതൽ 9.39 ലക്ഷം വരെയാണ് കാറിന്റെ എക്സ്ഷോറൂം വില വരുന്നത്.

സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആവർത്തനം മെയ് ഒമ്പതിന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിനാൽ നിലവിലുള്ള മോഡലിന് ആകർഷകമായ കിഴിവുകൾ നൽകുന്നത് തുടരുകയാണ്. ഈ മാസം കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 38,100 രൂപ വരെയും മാനുവൽ വേരിയന്റുകൾക്ക് 33,100 രൂപ വരെയും സിഎൻജി പതിപ്പുകൾക്ക് 18,100 രൂപ വരെയും ഡിസ്കൌണ്ട് ഓഫറോടെ വാങ്ങാനാവും.
നിലവിലെ സ്വിഫ്റ്റിന് 6.24 ലക്ഷം രൂപ മുതൽ 9.14 ലക്ഷം വരെയാണ് മുടക്കേണ്ടി വരുന്നത്. മാരുതി സുസുക്കി അരീന ഷോറൂമിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ബ്രെസയിൽ ക്യാഷ് ഡിസ്കൗണ്ടുകളൊന്നും ലഭ്യമല്ല. പകരം എക്സ്ചേഞ്ച് ബോണസായി കമ്പനി 10,000 രൂപ നൽകുന്നുണ്ട്. അതേസമയം ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ എർട്ടിഗ എംപിവിക്ക് മെയ് മാസത്തിൽ ആനുകൂല്യങ്ങളൊന്നും ഇല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കാം.


Click it and Unblock the Notifications








